Connect with us

Kerala

രണ്ടാനച്ഛന്‍ തീയിട്ട വീട്ടില്‍ നിന്ന് ഉറങ്ങിക്കിടന്ന അനുജത്തിയെ സാഹസികമായി രക്ഷിച്ച് സഹോദരന്‍

രണ്ടാനച്ഛനായ വടശ്ശേരിക്കര അരീക്കക്കാവ് തെങ്ങുംപള്ളിയില്‍ സിജുപ്രസാദാണ് വീടിനു തീയിട്ടത്

Published

|

Last Updated

കോന്നി | രണ്ടാനച്ഛന്‍ തീയിട്ട വീട്ടില്‍ നിന്ന് ഉറങ്ങിക്കിടന്ന അനുജത്തിയെ സാഹസികമായി രക്ഷിച്ച് സഹോദരന്‍. പത്തനംതിട്ട കോന്നിയിലാണ് ഭാര്യയെയും മക്കളെയും മുറിക്കുള്ളില്‍ പൂട്ടിയിട്ട ശേഷം രണ്ടാനച്ഛനായ വടശ്ശേരിക്കര അരീക്കക്കാവ് തെങ്ങുംപള്ളിയില്‍ സിജുപ്രസാദ് വീടിനു തീയിടുകയായിരുന്നു.

ആളിപ്പടര്‍ന്ന വീടിനുള്ളില്‍ നിന്ന് അനുജത്തിയെ വലിച്ചെടുത്ത് വീടിന്റെ കഴുക്കോലില്‍ തൂങ്ങി ഓട് പൊളിച്ചാണ് സഹോദരന്‍ പുറത്തിറക്കിയത്.
പൊള്ളലേറ്റെങ്കിലും അമ്മയെയും മുകളിലേക്ക് വലിച്ചുകയറ്റാന്‍ നോക്കിയെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് നാട്ടുകാരാണ് പൊള്ളലേറ്റ അമ്മയെ കതക് തകര്‍ത്ത് പുറത്തിറക്കിയത്. ഭാര്യ രജനി, മകന്‍ പ്രവീണ്‍, ഇളയ മകള്‍ എന്നിവരെയാണ് സിജുപ്രസാദ് മുറിക്കുള്ളിലിട്ട് പൂട്ടിയശേഷം തീപ്പന്തമെറിഞ്ഞ് വീട് കത്തിച്ചത്. കോന്നി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. പൊള്ളലേറ്റ രജനിയും മകനും കോന്നി താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്.

വെളളിയാഴ്ച രാത്രി ഒരുമണിയോടെയാണ് സംഭവം. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ഉറങ്ങാന്‍ കിടന്ന സിജു രാത്രി പുറത്തിറങ്ങി മുറിയിലേക്ക് തിന്നര്‍ ഒഴിച്ചശേഷം വെന്റിലേഷനിലൂടെ തീപന്തം എറിയുകയായിരുന്നു. തിന്നര്‍ ദേഹത്ത് വീണതോടെ പ്രവീണ്‍ എഴുന്നേല്‍ക്കുകയായിരുന്നു. ഇതിനിടെ തീപടര്‍ന്നു.

വീട്ടില്‍ നിന്നും കൂട്ടക്കരച്ചില്‍ ഉയര്‍ന്നതോടെ അയല്‍പക്കത്തുള്ളവര്‍ ഓടിക്കൂടുകയായിരുന്നു. കതക് പൊളിച്ചാണ് രജനിയെ രക്ഷപ്പെടുത്തിയത്. കുടുംബകലഹമാണ് തീയിടാന്‍ കാരണമെന്ന് പോലീസ് പറഞ്ഞു. ഒളിവില്‍ പോയ പ്രതിയെ പോലീസ് പിടികൂടി റിമാന്‍ഡ് ചെയ്തു.

 

Latest