National
ഇന്ത്യാ-യൂറോപ്യന്‍ യൂണിയന്‍ വാണിജ്യ കരാര്‍; ഫെബ്രുവരി 12ന് രാജ്യത്ത് പൊതുപണിമുടക്ക്
കരാര്‍ രാജ്യത്തെ കാര്‍ഷിക മേഖലക്ക് കനത്ത തിരിച്ചടിയാകുമെന്ന്
ന്യൂഡല്‍ഹി | യൂറോപ്യന്‍ യൂണിയനുമായി ഇന്ത്യ വ്യാപാര കരാറില്‍ ഒപ്പിട്ടതില്‍ പ്രതിഷേധിച്ച് സംയുക്ത കിസാന്‍ മോര്‍ച്ച ഫെബ്രുവരി 12ന് രാജ്യത്ത് പൊതുപണിമുടക്ക് നടത്തും. കരാറില്‍ നിന്ന് ഇന്ത്യ പിന്മാറണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തുടനീളം പ്രതിഷേധ റാലികള്‍ സംഘടിപ്പിക്കും.
കരാര്‍ രാജ്യത്തെ കാര്‍ഷിക മേഖലക്ക് കനത്ത തിരിച്ചടിയാകുമെന്നും പഴച്ചാറുകളുടെയും സംസ്‌കരിച്ച ഭക്ഷണങ്ങളുടെയും നികുതി രഹിത ഇറക്കുമതി വന്‍ പ്രത്യാഘാതം ഉണ്ടാക്കുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കി.
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ലേബര്‍ കോഡുകളും പുതിയ തൊഴിലുറപ്പ് നിയമവും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി 12ന് രാജ്യവ്യാപകമായി പണിമുടക്ക് നടത്തുമെന്ന് സി ഐ ടിയുവും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മുദ്രാവാക്യമുയര്‍ത്തി രാജ്യത്തെ 3000 കേന്ദ്രങ്ങളില്‍ സമരം സംഘടിപ്പിക്കും.
സംയുക്ത കിസാന്‍ മോര്‍ച്ചയുടെയും വിവിധ കര്‍ഷക സംഘടനകളുടെയും പിന്തുണയോടെയായിരിക്കും സമരം. തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ കര്‍ണാടകയില്‍ നടപ്പിലാക്കാനുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നീക്കം പ്രതിഷേധാര്‍ഹമാണെന്ന് ജനറല്‍ സെക്രട്ടറി എളമരം കരീം പറഞ്ഞു.
ഇന്ത്യ – യൂറോപ്യന്‍ യൂണിയന്‍ വാണിജ്യ കരാര്‍ ലോകവ്യാപാരത്തിന്റെ 25 ശതമാനത്തെ ശക്തിപ്പെടുത്തുമെന്നാണ് കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയല്‍ അവകാശപ്പെടുന്നത്.
ഇന്ത്യയില്‍ നിന്നുള്ള 99 ശതമാനം ഉത്പ്പന്നങ്ങളും ഈ കരാറിന്റെ പരിധിയില്‍ വരുമെന്നത് കയറ്റുമതി മേഖലയ്ക്ക് വലിയ ഉണര്‍വ് നല്‍കും. ഇന്ത്യയിലെ ജ്വല്ലറി മുതല്‍ സ്‌പോര്‍ട്ട് സാമഗ്രികളുടെ നിര്‍മ്മതാക്കള്‍ക്ക് വരെ കരാര്‍ നേട്ടമുണ്ടാക്കുമെന്ന് പീയൂഷ് ഗോയല്‍ പറയുന്നു. വാണിജ്യ രംഗത്തെ വലിയ മാറ്റങ്ങള്‍ക്കൊപ്പം പ്രതിരോധ സഹകരണ മേഖലയിലും ഈ കരാര്‍ വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

