National
സി ജെ റോയിയുടെ സംസ്‌കാരം നാളത്തേക്ക് മാറ്റി
സിജെ റോയിയുടെ മരണത്തില്‍ ആദായനികുതി വകുപ്പിനെതിരായ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണ് കുടുംബം.
ബെംഗളുരു|ബെംഗളുരുവില്‍ അന്തരിച്ച കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ സംസ്‌കാരം നാളത്തേക്ക് മാറ്റി. ഇന്ന് സംസ്‌കാരം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ബന്ധുക്കള്‍ വിദേശത്ത് നിന്ന് എത്താന്‍ വൈകുന്നതിനാലാണ് സംസ്‌കാരം മാറ്റിയത്. ബന്നാർഘട്ടയിലെ റോയിയുടെ ഉടമസ്ഥതയിലുള്ള ‘നേച്ചർ’ കോൺഫിഡന്റ് കാസ്കേഡിൽ വൈകിട്ട് നാലോടെയാണ് സംസ്കാര ചടങ്ങുകൾ. ഇന്ന് പോസ്റ്റുമോർട്ടം പൂർത്തിയായ ശേഷം ഉച്ചയ്ക്ക് രണ്ടു മണി വരെ മൃതദേഹം പൊതുദർശനത്തിന് വെക്കും. ബന്നാർഘട്ടയിൽ സംസ്കരിക്കണമെന്നായിരുന്നു റോയിയുടെ ആഗ്രഹമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
പോലീസ് കോൺഫിഡന്റ് ഗ്രൂപ്പിലെ ജീവനക്കാരുടെ മൊഴിയെടുക്കുകയാണ്. ഹലസുരുവിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയാണ് മൊഴിയെടുക്കുന്നത്. കുടുംബാംഗങ്ങളുടെ മൊഴിയും രേഖപ്പെടുത്തി. അന്വേഷണസംഘം സി ജെ റോയിയുടെ പണമിടപാടുകളും പരിശോധിക്കുമെന്ന് അറിയിച്ചു.
ഇന്‍കം ടാക്സ് ഉദ്യോഗസ്ഥരുടെ സമ്മര്‍ദമാണ് മരണത്തിന് കാരണമെന്ന് കാട്ടി കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഡയറക്ടര്‍ ടി ജെ ജോസഫ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ കൊച്ചിയില്‍ നിന്നെത്തിയ ഐ ടി ഉദ്യോഗസ്ഥരുടെ മൊഴി ഇന്നെടുത്തേക്കും. കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉദ്യോഗസ്ഥരുടേയും കുടുംബാംഗങ്ങളുടെയും മൊഴിയും പോലീസ് ഇന്ന് രേഖപ്പെടുത്തും. ഡോ. സി ജെ റോയിയുടെ ഫോണുകളുടെ വിശദമായ പരിശോധനയും ഇന്ന് നടക്കും. ബെംഗളുരു സെന്‍ട്രല്‍ ഡിസിപിക്കാണ് അന്വേഷണ ചുമതല.കേരളത്തില്‍ നിന്നുള്ള ഐ ടി ഉദ്യോഗസ്ഥരാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഓഫീസുകളില്‍ റെയ്ഡ് നടത്തിയത്. മൂന്നുദിവസമായി റെയ്ഡ് നടക്കുന്നുണ്ട് എന്ന് സിറ്റി പോലീസ് കമ്മീഷണര്‍ സീമന്ത് കുമാര്‍ സിംഗ് വ്യക്തമാക്കി. ഐ ടി ഉദ്യോഗസ്ഥരില്‍ നിന്ന് വിശദാംശങ്ങള്‍ തേടുമെന്നും സീമന്ത് കുമാര്‍ സിംഗ് പറഞ്ഞു. സി ജെ റോയിയുടെ രണ്ട് മൊബൈല്‍ ഫോണുകള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സിജെ റോയിയുടെ മരണത്തില്‍ ആദായനികുതി വകുപ്പിനെതിരായ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണ് കുടുംബം. അന്വേഷണ ഏജന്‍സിയില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന് സി ജെ ബാബു ആരോപിച്ചു. റോയ്ക്ക് കടമോ ബാധ്യതയോ ഭീഷണിയോ ഒന്നുമില്ല. ആദായനികുതി ഉദ്യോഗസ്ഥരുടെ സമ്മര്‍ദം കുടുംബത്തിന് അറിയാമായിരുന്നു. മറ്റെവിടെ നിന്നും റോയ്ക്ക് ഭീഷണിയുണ്ടായിരുന്നില്ല. ഇന്ന് രാവിലെ കാണണമെന്ന് തന്നോട് റോയ് പറഞ്ഞിരുന്നു. മൂന്നുദിവസമായി ആദായനികുതി ഉദ്യോഗസ്ഥര്‍ ഓഫീസിലുണ്ടായിരുന്നുവെന്നാണ് സി ജെ ബാബു മാധ്യമങ്ങളോട് പറഞ്ഞത്.
ആദായനികുതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് സി ജെ റോയിയുടെ സന്തത സഹചാരി അബില്‍ ദേവും പറഞ്ഞു. ഈ മാസം ആദ്യം മുതലാണ് ആദായനികുതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തുടങ്ങിയത്. പരിഹരിക്കാവുന്ന പ്രശ്നങ്ങളാണെന്നാണ് അറിഞ്ഞത്. വലിയ സമ്മര്‍ദ്ദമില്ലാതെ സി ജെ റോയ് ജീവനൊടുക്കില്ലെന്നും അബില്‍ ദേവ് കൂട്ടിച്ചേര്‍ത്തു.

