National
സി ജെ റോയിയുടെ സംസ്‌കാരം ഇന്ന്; മരണത്തില്‍ പോലീസ് അന്വേഷണം തുടരുന്നു
ഐ ടി ഉദ്യോഗസ്ഥരില്‍ നിന്ന് വിശദാംശങ്ങള്‍ തേടും
ബെംഗളൂരു | ബെംഗളൂരുവില്‍ അന്തരിച്ച കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ സംസ്‌കാരം ഇന്ന്. സഹോദരന്‍ സി ജെ ബാബുവിന്റെ വീടുള്ള കോറമംഗലയില്‍ ആയിരിക്കും സംസ്‌കാരം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം രാവിലെ ഒമ്പതു മണിയോടെ ബെംഗളൂരു ബോറിംഗ് ആശുപത്രിയില്‍ നിന്ന് മൃതദേഹം കോറമംഗലയിലെത്തിക്കും.
സഹോദരന്റെ വീട്ടില്‍ ഉച്ചയ്ക്ക് ഒരു മണി വരെ പൊതുദര്‍ശനം ഉണ്ടാകും. തുടര്‍ന്നാകും സംസ്‌കാരം. മരണത്തില്‍ പോലീസ് അന്വേഷണം തുടരുന്നു. ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥരുടെ സമ്മര്‍ദമാണ് മരണത്തിന് കാരണമെന്ന് കാട്ടി കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഡയറക്ടര്‍ ടി ജെ ജോസഫ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ കൊച്ചിയില്‍ നിന്നെത്തിയ ഐ ടി ഉദ്യോഗസ്ഥരുടെ മൊഴി ഇന്നെടുത്തേക്കും. കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉദ്യോഗസ്ഥരുടേയും കുടുംബാംഗങ്ങളുടെയും മൊഴിയും പോലീസ് ഇന്ന് രേഖപ്പെടുത്തും. ഡോ. സി ജെ റോയിയുടെ ഫോണുകളുടെ വിശദമായ പരിശോധനയും ഇന്ന് നടക്കും. ബെംഗളൂരു സെന്‍ട്രല്‍ ഡിസിപിക്കാണ് അന്വേഷണ ചുമതല.
കേരളത്തില്‍ നിന്നുള്ള ഐ ടി ഉദ്യോഗസ്ഥരാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഓഫീസുകളില്‍ റെയ്ഡ് നടത്തിയത്. മൂന്നുദിവസമായി റെയ്ഡ് നടക്കുന്നുണ്ട് എന്ന് സിറ്റി പോലീസ് കമ്മീഷണര്‍ സീമന്ത് കുമാര്‍ സിംഗ് വ്യക്തമാക്കി. ഐ ടി ഉദ്യോഗസ്ഥരില്‍ നിന്ന് വിശദാംശങ്ങള്‍ തേടുമെന്നും സീമന്ത് കുമാര്‍ സിംഗ് പറഞ്ഞു. സി ജെ റോയിയുടെ രണ്ട് മൊബൈല്‍ ഫോണുകള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വെടിയുതിര്‍ത്ത തോക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആത്മഹത്യാക്കുറിപ്പ് ഉണ്ടായിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്. കൂടാതെ സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകളും പോലീസ് പരിശോധിക്കും.
ബെംഗളൂരുവിലെ ലാംഫോര്‍ഡ് റോഡിലുള്ള റിച്ച്മണ്ട് സര്‍ക്കിളിന് സമീപം ഗ്രൂപ്പ് ഓഫീസിനുള്ളില്‍ ഇന്നലെയാണ് റോയിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
ഐ ടി റെയ്ഡിനിടെ അദ്ദേഹം സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു. നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടര്‍ന്ന് ഇന്നലെ അദ്ദേഹത്തിന്റെ ഓഫീസുകളിലും വസതികളിലും ആദായനികുതി വകുപ്പ് വ്യാപകമായ പരിശോധന നടത്തിയിരുന്നു. കേരളത്തിലും ബെംഗളൂരുവിലും ഗള്‍ഫിലും നിക്ഷേപമുള്ള വ്യവസായ പ്രമുഖനായിരുന്നു സി ജെ റോയ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 04712552056)


