Connect with us

Articles

'ഹം ദേഖേംഗേ' എന്ന് മുതലാണ് രാജ്യദ്രോഹമായത്?

നടനും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന വീര സതിദാറിന്റെ അനുസ്മരണച്ചടങ്ങില്‍ ഫായിസിന്റെ 'ഹം ദേഖേംഗേ' എന്ന പ്രസിദ്ധ ഗാനം ആലപിച്ച യുവ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെ നാഗ്പൂര്‍ പോലീസ് കേസെടുത്തിരിക്കുകയാണ്. ഭാരതീയ ന്യായ സംഹിത (ബി എന്‍ എസ്) വകുപ്പ് 152 (രാജ്യദ്രോഹം), 196 (ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 353 (പൊതുജനങ്ങള്‍ക്ക് ദോഷകരമായ പ്രസ്താവനകള്‍) എന്നിവയാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

Published

|

Last Updated

ഒരു കാലത്ത് പ്രതിരോധത്തിന്റെ പ്രതീകമായി വാഴ്ത്തപ്പെട്ട കവി ഫൈസ് അഹമ്മദ് ഫൈസിന്റെ വിപ്ലവ കവിതകള്‍ ഇന്ന് ജനാധിപത്യ, മതേതരത്വ രാജ്യമായ ഇന്ത്യയില്‍ രാജ്യദ്രോഹ കുറ്റത്തിന് കാരണമാകുന്നു. അടുത്തിടെ നടനും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന വീര സതിദാറിന്റെ അനുസ്മരണച്ചടങ്ങില്‍ ഫായിസിന്റെ ‘ഹം ദേഖേംഗേ’ എന്ന പ്രസിദ്ധ ഗാനം ആലപിച്ച യുവ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെ നാഗ്പൂര്‍ പോലീസ് കേസെടുത്തിരിക്കുകയാണ്. ഭാരതീയ ന്യായ സംഹിത (ബി എന്‍ എസ്) വകുപ്പ് 152 (രാജ്യദ്രോഹം), 196 (ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 353 (പൊതുജനങ്ങള്‍ക്ക് ദോഷകരമായ പ്രസ്താവനകള്‍) എന്നിവയാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

പ്രഗത്ഭനായ നടനും എഴുത്തുകാരനും രാഷ്ട്രീയ ചിന്തകനുമായിരുന്ന വീര സതിദാര്‍ 2021 ഏപ്രില്‍ 13ന് കൊവിഡ് ബാധിച്ചാണ് മരണപ്പെടുന്നത്. ഡോ. ബി ആര്‍ അംബേദ്കറുടെ തത്ത്വങ്ങളെയും ആശയങ്ങളെയും പിന്തുടര്‍ന്നിരുന്ന അദ്ദേഹം, ദളിത് അവകാശങ്ങള്‍ക്കും സാമൂഹിക നീതിക്കും പ്രാധാന്യം നല്‍കി. സാമൂഹിക മാറ്റങ്ങള്‍ സൃഷ്ടിക്കാനും അടിച്ചമര്‍ത്തപ്പെട്ടവരുടെ ശബ്ദമാകാനും ശ്രമിച്ച മറാഠി ഭാഷയിലുള്ള ‘വിദ്രോഹി’ മാസികയുടെ എഡിറ്ററുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വിയോഗ ശേഷം ഭാര്യ പുഷ്പ എല്ലാ വര്‍ഷവും അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. ഈ വര്‍ഷം സാമൂഹിക പ്രവര്‍ത്തകന്‍ ഉത്തം ജാഗിര്‍ദാറിനെയാണ് സംസാരിക്കാന്‍ ക്ഷണിച്ചത്. എഫ് ഐ ആറില്‍ ആരുടെയും പേര് നേരിട്ട് പറയുന്നില്ലെങ്കിലും സംഘാടകരെയും പ്രഭാഷകനെയും പരോക്ഷമായി പരാമര്‍ശിക്കുന്നുണ്ട്.

മേയ് 13ന് വിദര്‍ഭ സാഹിത്യ സംഘത്തില്‍ നടന്ന പരിപാടിയില്‍ 150ലധികം പേര്‍ പങ്കെടുത്തു. ഇവിടെ, ജാഗിര്‍ദാര്‍ 2024ലെ വിവാദപരമായ മഹാരാഷ്ട്ര സ്പെഷ്യല്‍ പബ്ലിക് സെക്യൂരിറ്റി ബില്ലിനെക്കുറിച്ച് സംസാരിച്ചു. ബി ജെ പി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ ഈ ബില്ല് നിയമമാക്കാന്‍ തീവ്രമായി ശ്രമിക്കുകയാണ്. ഈ ബില്ല് നടപ്പാക്കിയാല്‍ മനുഷ്യാവകാശങ്ങള്‍ വലിയ രീതിയില്‍ ലംഘിക്കപ്പെടുമെന്നും വിയോജിപ്പുള്ള ശബ്ദങ്ങളെ ‘അര്‍ബന്‍ നക്സലുകള്‍’ എന്ന് മുദ്രകുത്താന്‍ ഇത് ദുരുപയോഗം ചെയ്യപ്പെടുമെന്നും ആക്ടിവിസ്റ്റുകളും അക്കാദമിക് വിദഗ്ധരും ആശങ്കപ്പെടുന്നു.

പാകിസ്താന്‍ കവി എന്ന ആരോപണം
നാഗ്പൂരിലെ ദത്താത്രേയ ഷിര്‍ക്കേയെന്നയാളാണ് ഫൈസ് അഹമ്മദ് ഫൈസിന്റെ കവിത പാടിയതിന് പരാതി നല്‍കിയത്. മറാത്തി ചാനലായ എ ബി പി മാജയുടെ വാര്‍ത്താ റിപോര്‍ട്ട് ഉദ്ധരിച്ചാണ് ഷിര്‍ക്കേയുടെ പരാതി. ഇന്ത്യയില്‍ ഫൈസിന്റെ കവിതയെ ആദ്യം ഒരു പ്രശ്നമായി ഉയര്‍ത്തിക്കാട്ടിയത് ഈ ചാനലായിരുന്നു. ഷിര്‍ക്കേയുടെ പ്രധാന ആരോപണം ഇതാണ്: ‘ഇന്ത്യ പാകിസ്താന്‍ സൈന്യവുമായി ധീരമായി പോരാടിക്കൊണ്ടിരുന്ന സമയത്ത്, നാഗ്പൂരിലെ തീവ്ര ഇടതുപക്ഷക്കാര്‍ പാകിസ്താനി കവി ഫൈസിന്റെ കവിത പാടുന്ന തിരക്കിലായിരുന്നു.’ അതായത്, രാജ്യത്തിന് പാകിസ്താനുമായി സംഘര്‍ഷമുണ്ടായിരുന്ന ഘട്ടത്തില്‍, ഒരു പാകിസ്താനി കവിയുടെ കവിത പാടുന്നത് രാജ്യതാത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും രാജ്യത്തോട് കൂറില്ലായ്മയാണെന്നും ഷിര്‍ക്കേ വാദിക്കുന്നു.

കൂടാതെ, ഷിര്‍ക്കേ ‘തഖ്ത് ഹിലാനേ കി സറൂരത്ത് ഹേ’ (സിംഹാസനം ഇളക്കല്‍ നിര്‍ബന്ധമാണ്) എന്ന കവിതയിലെ വരി സര്‍ക്കാറിന് നേരിട്ടുള്ള ഭീഷണിയാണെന്നും അവകാശപ്പെടുന്നു. എന്നാല്‍, എഫ് ഐ ആറില്‍ ഈ വരി ഉദ്ധരിക്കുന്നുണ്ടെങ്കിലും, കവിതയിലെ യഥാര്‍ഥ വരി ‘സബ് തഖ്ത് ഗിരായെ ജായേംഗേ’ (എല്ലാ സിംഹാസനങ്ങളും താഴെയിറക്കപ്പെടും) എന്നാണ്. ഈ കവിത ആലപിച്ചത് മുംബൈ ആസ്ഥാനമായുള്ള സമതാ കലാ മഞ്ച് എന്ന സാംസ്‌കാരിക സംഘടനയിലെ യുവാക്കളാണ്. ഷിര്‍ക്കേ ആരോപിക്കുന്ന വരിയും കവിതയിലെ യഥാര്‍ഥ വരിയും തമ്മില്‍ അര്‍ഥത്തില്‍ വ്യത്യാസമുണ്ട്.

രാജ്യദ്രോഹക്കുറ്റങ്ങള്‍ ചുമത്തുന്നതിന് സുപ്രീം കോടതിയുടെ സ്റ്റേ നിലവിലുണ്ടായിട്ടും, നാഗ്പൂര്‍ പോലീസ് സംഘാടകര്‍ക്കെതിരെ കേസെടുത്തിരിക്കുകയാണ്. 2022 മേയ് 11ന്, രാജ്യദ്രോഹ നിയമം (ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124 എ വകുപ്പ്) പുനഃപരിശോധിക്കുന്നത് വരെ അതുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിര്‍ത്തിവെക്കാന്‍ സുപ്രീം കോടതി ചരിത്രപരമായ ഉത്തരവിട്ടിരുന്നു. എന്നാല്‍, പിന്നീട് കേന്ദ്ര സര്‍ക്കാര്‍ പഴയ ഐ പി സിക്ക് പകരം പുതിയ നിയമമായ ഭാരതീയ ന്യായ സംഹിത കൊണ്ടുവന്നു. ഈ പുതിയ നിയമം ‘രാജ്യദ്രോഹം’ എന്ന് നേരിട്ട് പറയാതെ തന്നെ, സമാനമായ കുറ്റകൃത്യങ്ങള്‍ക്ക് ബി എന്‍ എസ് 152ാം വകുപ്പ് പ്രകാരം കേസെടുക്കാന്‍ വ്യവസ്ഥ ചെയ്യുന്നു. ചുരുക്കത്തില്‍, പഴയ നിയമം സ്റ്റേ ചെയ്തിട്ടും, പുതിയ നിയമത്തിലെ സമാന വകുപ്പ് ഉപയോഗിച്ച് രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് തുടരുന്നു.

ഹനിക്കപ്പെടുന്ന അഭിപ്രായസ്വാതന്ത്ര്യം
നാഗ്പൂര്‍ പോലീസ് ഈ മാസം അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെ നടത്തുന്ന രണ്ടാമത്തെ നടപടിയാണിത്. നേരത്തേ, നാഗ്പൂര്‍ സന്ദര്‍ശിച്ച 26 വയസ്സുള്ള കേരളത്തില്‍ നിന്നുള്ള പത്രപ്രവര്‍ത്തകന്‍ റെജാസ് എം ഷീബ സിദ്ദീഖിനെ അറസ്റ്റ് ചെയ്തിരുന്നു. രണ്ട് വ്യാജ തോക്കുകളുമായി പോസ് ചെയ്ത് ഇന്ത്യന്‍ സൈന്യത്തിനെതിരെ നിലപാടെടുത്ത ചിത്രം പോസ്റ്റ് ചെയ്തതിനായിരുന്നു അറസ്റ്റ്.

റെജാസിനെതിരായ കേസ് ആദ്യം നാഗ്പൂര്‍ സിറ്റി പോലീസ് അന്വേഷിച്ചിരുന്നെങ്കിലും ഇപ്പോള്‍ തീവ്രവാദവിരുദ്ധ സ്‌ക്വാഡ് (എ ടി എസ്) ആണ് കൈകാര്യം ചെയ്യുന്നത്. പാകിസ്താനിലെയും പാക്കധിനിവേശ കശ്മീരിലെയും ഭീകരര്‍ക്കെതിരെ ഇന്ത്യ നടത്തിയ സൈനിക നടപടിയായ ‘ഓപറേഷന്‍ സിന്ദൂറിനെ’ എതിര്‍ത്തു എന്നതാണ് റെജാസിനെതിരെയുള്ള പ്രധാന ആരോപണം. കൂടാതെ, പരസ്പരം വ്യത്യസ്ത ആശയങ്ങളുള്ള നിരോധിത സംഘടനകളായ സി പി ഐ (മാവോയിസ്റ്റ്), ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് (ജെ കെ എല്‍ എഫ്), ഹിസ്ബുല്‍ മുജാഹിദീന്‍ എന്നിവയുമായി റെജാസിന് ബന്ധമുണ്ടെന്നും പോലീസ് ആരോപിക്കുന്നു. അതായത്, ഈ വ്യത്യസ്ത ഗ്രൂപ്പുകളുടെ ആശയങ്ങളെയെല്ലാം റെജാസ് പിന്തുണക്കുന്നു എന്നാണ് പോലീസ് വാദം.

പോലീസിന്റെ സതിദാര്‍ പക
രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ പേരില്‍ വീര സതിദാറിന് ജീവിതകാലം മുഴുവന്‍ പോലീസിന്റെ നിരന്തരമായ ശല്യം നേരിടേണ്ടി വന്നു. പൗരന്മാരെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ പുതിയ രീതികള്‍ ഉപയോഗിക്കുന്നതിലുള്ള ആശങ്ക അദ്ദേഹം പ്രകടിപ്പിച്ചിരുന്നു.

എല്‍ഗാര്‍ പരിഷത്ത് കേസില്‍ ‘അര്‍ബന്‍ നക്സല്‍സ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്നവരുടെ കൂട്ടത്തില്‍ അദ്ദേഹത്തിന്റെ പേരും ഉള്‍പ്പെടുത്തിയിരുന്നു. വിയോജിപ്പുള്ളവരെ ലക്ഷ്യമിടാന്‍ ഉപയോഗിക്കുന്ന ഈ പദം പുതിയ മഹാരാഷ്ട്രാ സ്പെഷ്യല്‍ പബ്ലിക് സെക്യൂരിറ്റി ബില്ല് വഴി നിയമവിധേയമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്.

ചുരുക്കത്തില്‍, സതിദാര്‍ ജീവിച്ചിരിക്കുമ്പോള്‍ അദ്ദേഹത്തെ ക്രിമിനലാക്കാന്‍ സര്‍ക്കാര്‍ പലതവണ ശ്രമിച്ചിരുന്നു, അദ്ദേഹത്തിന്റെ മരണ ശേഷവും ഈ ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു.
കടപ്പാട് : ദി വയര്‍
എം ജെ എസ് കുപ്പാടി

 

Latest