Kerala
ബി ജെ പി മുന്‍ ദേശീയ കൗണ്‍സില്‍ അംഗം കെ എ ബഹുലേയന്‍ സി പി എമ്മിലേക്ക്
പുറത്തിറങ്ങി ബി ജെ പിക്കാരനാണെന്ന് പറയാന്‍ തനിക്ക് നാണക്കേടായി

തിരുവനന്തപുരം | ബി ജെ പി മുന്‍ ദേശീയ കൗണ്‍സില്‍ അംഗം കെ എ ബഹുലേയന്‍ ബി ജെ പി ബന്ധം ഉപേക്ഷിച്ച് സി പി എമ്മിലേക്ക്. എ കെ ജി സെന്ററില്‍ എത്തി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ കണ്ട ശേഷമാണ് സി പി എമ്മിനൊപ്പം ചേരുന്നതായി അദ്ദേഹം പ്രഖ്യാപിച്ചത്.
ബി ജെ പിയുടെ പുതിയ സംസ്ഥാന നേതൃത്വത്തിന്റെ ഈഴവ വിരുദ്ധ നിലപാടില്‍ കടുത്ത പ്രതിഷേധമാണ് പാര്‍ട്ടിയില്‍ നിലനില്‍ക്കുന്നതെന്നും ശ്രീനാരായണഗുരു ജയന്തി ആഘോഷം ഒ ബി സി മോര്‍ച്ചയെ മാത്രം ഏല്‍പ്പിച്ചതില്‍ എതിര്‍പ്പ് രൂക്ഷമാണെന്നും ബാഹുലേയന്‍ പറഞ്ഞു.
പുറത്തിറങ്ങി ബി ജെ പിക്കാരനാണെന്ന് പറയാന്‍ തനിക്ക് നാണക്കേടായി.
ഈ നാണക്കേട് സഹിക്കാന്‍ പറ്റില്ലെന്നും അനുഭവിച്ചാലേ മനസിലാകൂവെന്നും ഈ സാഹചര്യത്തിലാണ് ബി ജെ പി വിടുന്നതെന്നും ബാഹുലേയന്‍ മാധ്യമങ്ങളോട് പറഞ്ഞു. നരേന്ദ്രമോദിയുടെ ജന്മദിനത്തില്‍ മറ്റു പാര്‍ട്ടികളില്‍ നിന്ന് എത്തിയവര്‍ക്ക് മാരാര്‍ജി ഭവനില്‍ സംസ്ഥാന പ്രസിഡന്റ് രാജിവ് ചന്ദ്രശേഖര്‍ സ്വീകരണം ഒരുക്കുന്ന അതേസമയമായിരുന്നു കെ എ ബാഹുലേയന്റ സിപിഎമ്മിനൊപ്പം ചേര്‍ന്നുകൊണ്ടുള്ള പ്രഖ്യാപനം.
ബി ജെ പി ദേശീയ സമിതി അംഗമായ ബാഹുലേയന്‍ എസ് എന്‍ ഡി പി യോഗം അസിസ്റ്റന്റ് സെക്രട്ടറിയും ആയിരുന്നു. ബി ജെ പി കേരളത്തില്‍ സി പി എമ്മിനെതിരെ ക്യാമ്പയിന്‍ നടത്തുമ്പോള്‍ പ്രമുഖ നേതാവ് പാര്‍ട്ടി വിട്ട് സി പി എമ്മില്‍ എത്തിയത് ബി ജെ പിക്ക് കനത്ത തിരിച്ചടിയായിട്ടുണ്ട്. ഈഴവ വിഭാഗത്തില്‍ നിന്നുള്ള വലിയ വിഭാഗം ബി ജെ പിയില്‍ നിന്ന് അകലുന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്.