National
ആഗോള അയ്യപ്പ സംഗമം തടയണമെന്ന ഹര്‍ജി സുപ്രിം കോടതി തള്ളി
അനുമതി നല്‍കിയ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ ഇടപെട്ടില്ലെന്നു സുപ്രീംകോടതി വ്യക്തമാക്കി

ന്യൂഡല്‍ഹി | തിരുവിതാംകൂര്‍ ദേവസ്വം സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ ഇടപെട്ടില്ലെന്നു സുപ്രീംകോടതി വ്യക്തമാക്കി.
ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് എ എസ് ചന്ദുര്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. അയ്യപ്പ സംഗമത്തിനുള്ള നടപടികള്‍ നിര്‍ത്തിവക്കണമെന്ന ആവശ്യമാണ് ഹര്‍ജിക്കാര്‍ ഉന്നയിച്ചിരുന്നത്. ഇതോടെ പരിപാടിയുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാറിനു സുപ്രീംകോടതി അനുമതി നല്‍കി. സംഗമത്തിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. ഹൈക്കോടതിയിലെ ഹര്‍ജിക്കാരായ വി സി അജികുമാറും അജീഷ് ഗോപിയും കൂടാതെ ഡോ.പി എസ് മഹേന്ദ്രകുമാറുമാണ് സുപ്രീംകോടതിയെ സമീപിച്ചിരുന്നത്.
പരിപാടി പമ്പയില്‍ വേണമെന്ന് നിര്‍ബന്ധം പിടിക്കരുതെന്നുമായിരുന്നു ഹര്‍ജിക്കാരുടെ മറ്റൊരു വാദം.സംഗമത്തിനായുള്ള സ്റ്റേജ് നിര്‍മാണം തീര്‍ത്ഥാടകര്‍ക്ക് യാത്രാ തടസ്സം ഉണ്ടാക്കുന്നതായും തീര്‍ഥാടകര്‍ക്കുള്ള ശൗചാലയം പോലും തടസ്സപ്പെടുത്തിയാണ് സ്റ്റേജ് നിര്‍മിക്കുന്നതെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു. പരിപാടി നടത്താനുള്ള തീരുമാനമെടുത്തത് ദേവസ്വം ബോര്‍ഡ് മീറ്റിങ്ങില്‍ അല്ലെന്നും പകരം സര്‍ക്കാരിന്റെ അവലോകന യോഗത്തിലാണെന്നും ചുണ്ടാക്കാട്ടി.
2022ല്‍ പമ്പയില്‍ ഭജന നടത്താന്‍ അനുവാദം ചോദിച്ചപ്പോള്‍ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു ഇപ്പോള്‍ അതേ സ്ഥലത്താണ് പരിപാടി നടത്താന്‍ അനുമതി നല്‍കിയിരിക്കുന്നതെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ആഗോള അയ്യപ്പ സംഗമം നടത്താന്‍ വിലക്കില്ലെന്ന ഹൈക്കോടതി വിധിയില്‍ ഇടപെടുന്നില്ലെന്നായിരുന്നു സുപ്രീംകോടതിയുടെ വാദം.