Kerala
ഫ്രഷ്‌കട്ട് സമരം; അറവുമാലിന്യ സംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ പോലീസ് സുരക്ഷ നല്‍കണമെന്ന് ഹൈക്കോടതി
പ്ലാന്റ് പ്രവര്‍ത്തിക്കുമ്പോള്‍ പരിശോധന നടത്താന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിര്‍ദേശവും നല്‍കി
കോഴിക്കോട്| താമരശ്ശേരി അമ്പായത്തോട് ഫ്രഷ്‌കട്ട് അറവുമാലിന്യ സംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ പോലീസ് സുരക്ഷ ഒരുക്കണമെന്ന് ഹൈക്കോടതി. സുരക്ഷ ഒരുക്കാന്‍ റൂറല്‍ എസ് പിക്കാണ് കോടതി നിര്‍ദേശം നല്‍കിയത്. പ്ലാന്റിലേക്കുള്ള മാലിന്യനീക്കം തടയരുതെന്ന് കോടതി പറഞ്ഞു. ജില്ലയിലെ ഏക അറവുമാലിന്യ പ്ലാന്റ് പ്രവര്‍ത്തിക്കേണ്ടത് പൊതു ആവശ്യമാണ്. പ്ലാന്റ് പ്രവര്‍ത്തിക്കുമ്പോള്‍ പരിശോധന നടത്താന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് കോടതി നിര്‍ദേശം നല്‍കി.
അതേസമയം ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ ഫാക്ടറിക്കെതിരായ ജനകീയ സമരം വീണ്ടും ആരംഭിച്ചു. സഹികെട്ടിട്ടാണ് വീണ്ടും സമരത്തിനിറങ്ങിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. താമരശ്ശേരി അമ്പലമുക്കില്‍ ആരംഭിച്ച സമരപ്പന്തല്‍ എഴുത്തുകാരന്‍ എംഎന്‍ കാരശ്ശേരി ഉദ്ഘാടനം ചെയ്തു. ശുദ്ധവായുവിനും ശുദ്ധജലത്തിനും വേണ്ടിയുള്ള സമരം അധികാരികളുടെ കണ്ണുതുറപ്പിക്കാത്ത പശ്ചാത്തലത്തില്‍ സമരം കലക്ടറേറ്റിലേക്ക് വ്യാപിപ്പിക്കണമെന്ന് സമരം ഉദ്ഘാടനം ചെയ്ത എം എന്‍ കാരശ്ശേരി പറഞ്ഞു. കമ്പനി അടച്ചുപൂട്ടും വരെ സമരം ചെയ്യുമെന്ന നിലപാടിലാണ് സമരസമിതി. നീതി ലഭ്യമാക്കിയില്ലെങ്കില്‍ വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകള്‍ ബഹിഷ്‌കരിക്കുമെന്ന് സമരത്തിനെത്തിയ നാട്ടുകാര്‍ മുദ്രാവാക്യം വിളിച്ചു.


