Ongoing News
തീവ്രവാദത്തിന് ജന്മം നല്‍കിയത് ബ്രദര്‍ഹുഡ്: അബൂദബി ഫോറം
വ്യത്യസ്ത മുദ്രാവാക്യങ്ങള്‍ ഉപയോഗിച്ചാലും അക്രമം പൊതു ഭാഷയായി ഉപയോഗിക്കുന്ന വിവിധ ഗ്രൂപ്പുകള്‍ക്ക് ബ്രദര്‍ഹുഡ് മാതൃക

അബൂദബി | ലോകത്ത് ഉണ്ടായ ഭൂരിഭാഗം തീവ്രവാദ ഗ്രൂപ്പുകള്‍ക്കും ജന്മം നല്‍കിയത് മുസ്ലിം ബ്രദര്‍ഹുഡ് ആണെന്ന് രാഷ്ട്രീയ ഇസ്ലാം എന്ന വിഷയത്തില്‍ നടന്ന ട്രെന്‍ഡ്‌സ് അഞ്ചാമത് വാര്‍ഷിക ഫോറം ചൂണ്ടിക്കാട്ടി. ട്രെന്‍ഡ്‌സ് റിസര്‍ച് ആന്‍ഡ് കണ്‍സള്‍ട്ടിങ് സെന്റര്‍ സി ഇ ഒ ഡോ. മുഹമ്മദ് അല്‍ അലി ഉദ്ഘാടനം ചെയ്തു.
വ്യത്യസ്ത മുദ്രാവാക്യങ്ങള്‍ ഉപയോഗിച്ചാലും അക്രമം പൊതു ഭാഷയായി ഉപയോഗിക്കുന്ന വിവിധ ഗ്രൂപ്പുകള്‍ക്ക് ബ്രദര്‍ഹുഡ് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. തീവ്രവാദം നേരിടാന്‍ സുരക്ഷാ സംവിധാനങ്ങള്‍ മാത്രം പോരെന്നും സാമൂഹിക ഐക്യം വര്‍ധിപ്പിക്കേണ്ടത് പ്രധാനമാണെന്നും ഫോറത്തില്‍ പങ്കെടുത്ത വിദഗ്ധര്‍ പറഞ്ഞു. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി മതം ഉപയോഗിക്കുന്നത് തടയുന്നതിനുള്ള നിയമപരമായ ചട്ടക്കൂടുകള്‍ സ്ഥാപിക്കേണ്ടതിന്റെ പ്രാധാന്യവും അവര്‍ ഊന്നിപ്പറഞ്ഞു.
ഇവയില്‍ മത പ്രഭാഷണങ്ങളുടെ പങ്ക്, സഹിഷ്ണുത പ്രോത്സാഹിപ്പിക്കുക, തീവ്രവാദപരമായ ഉള്ളടക്കങ്ങള്‍ നേരിടുന്നതിനുള്ള നിയമ നിര്‍മാണം എന്നിവയും ഫോറം ചര്‍ച്ച ചെയ്തു.തീവ്രവാദത്തെ ചെറുക്കുന്നതില്‍ സമൂഹങ്ങളെ ശക്തിപ്പെടുത്തുക, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗരേഖ ഉണ്ടാക്കുക, തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിന് സാധ്യതയുള്ള കേന്ദ്രങ്ങളെ നിരീക്ഷിക്കുന്നതിനുള്ള സംവിധാനങ്ങള്‍ വികസിപ്പിക്കുക, മുന്‍ തീവ്രവാദികളെ പുനരധിവസിപ്പിക്കുക എന്നിവ പ്രധാനമാണ്. അക്രമങ്ങളെ ന്യായീകരിക്കുന്ന ആഖ്യാനങ്ങള്‍ ഇല്ലാതാക്കുന്നതിന് വിമര്‍ശനാത്മക ചിന്താശേഷി വളര്‍ത്താനും വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംരക്ഷിക്കാനും ഫോറം ശുപാര്‍ശ ചെയ്തു. ഇസ്ലാമിക രാഷ്ട്രീയ ഗ്രൂപ്പുകളും തീവ്രവാദ പ്രസ്ഥാനങ്ങളും ഒരേ ആശയവും സ്വഭാവവുമാണ് പങ്കിടുന്നതെന്ന് മുഹമ്മദ് ബിന്‍ സായിദ് യൂണിവേഴ്‌സിറ്റി ഫോര്‍ ഹ്യൂമാനിറ്റീസ് ഡയറക്ടര്‍ ഡോ. ഖലീഫ മുബാറക് അല്‍ ദാഹിരി പറഞ്ഞു.
യു കെയിലെ എബ്രഹാം അക്കോര്‍ഡ്‌സ് ഗ്രൂപ്പ് മേധാവി സര്‍ ലിയാം ഫോക്‌സ്, യൂറോപ്പിലെ തീവ്രവാദത്തിന്റെ അപകടസാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ആളുകളെ ഉപയോഗിക്കുന്ന തീവ്രവാദികള്‍ പുരോഹിതരല്ലെന്ന് അദ്ദേഹം പറഞ്ഞു. സഹനമില്ലാത്ത ഇത്തരം ഗ്രൂപ്പുകള്‍ക്ക് യൂറോപ്പ്, പ്രത്യേകിച്ചും ബ്രിട്ടന്‍, ഒരു സുരക്ഷിത താവളമായി മാറിയെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഫോറത്തില്‍ മിതവാദവും സഹിഷ്ണുതയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുഹമ്മദ് ബിന്‍ സായിദ് യൂണിവേഴ്‌സിറ്റി ഫോര്‍ ഹ്യൂമാനിറ്റീസിന് ആഗോള പുരസ്‌കാരം നേടി.