articles
രാജ്യത്തിന്റെ സംഘടിത ഓർമകളെയാണ് വിൽക്കുന്നത്
സൈനിക വിജയങ്ങളും ദേശീയ ദുരന്തങ്ങളുമൊക്കെ ബ്രാൻഡ് ആസ്തിയായി ഉപയോഗിക്കാൻ നിന്നാൽ രാജ്യത്തിന്റെ സംഘടിത ഓർമകൾ കേവല കച്ചവടച്ചരക്കായി മാറും. രാഷ്ട്രത്തിന്റെ നിർണായക സൈനിക നടപടികളുടെ ഓർമകൾ ഉൾപ്പെടെ ജഡിക പദാർഥങ്ങളുടെ കമ്പോള മൂല്യത്തിലേക്ക് ചുരുക്കപ്പെടുന്നത് സമൂഹ മനസ്ഥിതിയെ ദോഷകരമായി സ്വാധീനിക്കും.

പഹൽഗാമിലെ ഭീകരാക്രമണത്തിന് ഉചിതമായ മറുപടി നൽകുകയായിരുന്നു മേയ് ഏഴിന് രാത്രിയിൽ നമ്മുടെ സൈന്യം. ഒരു നേപ്പാൾ പൗരൻ ഉൾപ്പെടെ ഇരുപത്താറ് പേരെ ക്രൂരമായി കൊന്നതിന് പാകിസ്താനിലെയും പാക്കധീന കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങൾ തകർത്തുകൊണ്ടാണ് സൈന്യം കനത്ത തിരിച്ചടി നൽകിയത്. ഓപറേഷൻ സിന്ദൂർ എന്നായിരുന്നല്ലോ പ്രസ്തുത സൈനിക നടപടിക്ക് നാമകരണം ചെയ്തിരുന്നത്.
പഹൽഗാമിലെ വിനോദ സഞ്ചാരികളെ ലക്ഷ്യംവെച്ച ഭീകരർ ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതക്കും നേരെയുള്ള കടന്നാക്രമണമാണ് നടത്തിയത്. ഇന്ത്യയെ മതപരമായി വിഭജിക്കണമെന്ന തീർച്ചയും ഭീകരർക്കുണ്ടായിരുന്നു എന്നുവേണം മനസ്സിലാക്കാൻ. ആ ഹിഡൻ അജൻഡയെ സമചിത്തതയോടെയും രാജ്യത്തിന്റെ ബഹുസ്വരാംശങ്ങളെ പ്രകടിപ്പിച്ചു കൊണ്ടും നാം വിജയകരമായി മറികടന്നു. പഹൽഗാമിലെ ഭീകരാക്രമണ സമയത്ത് തദ്ദേശീയർ ഭീകരരോട് നടത്തിയ ചെറുത്തുനിൽപ്പ് മുതൽ സായുധ സേനയുടെ നടപടിയിൽ വരെ നമുക്ക് “ഇന്ത്യ’യെ കാണാനാകും. എന്നാൽ ഭീകരർ ആഗ്രഹിച്ചു കണ്ടേക്കാവുന്ന തരത്തിലുള്ള വിദ്വേഷ വർഷങ്ങൾക്ക് നമുക്ക് സാക്ഷിയാകേണ്ടിവന്നു ഒരു ഭാഗത്ത്. മറുവശത്ത് 2016ലെ ഉറി ഭീകരാക്രമണത്തിന് സർജിക്കൽ സ്‌ട്രൈക്കിലൂടെ മറുപടി നൽകിയതിനെ സിനിമയാക്കി വിറ്റ മാതൃകയിൽ ഒരുപടി കൂടെ കടന്ന് ഓപറേഷൻ സിന്ദൂർ എന്ന നാമകരണത്തെ വാണിജ്യവത്കരിക്കാനുള്ള ശ്രമവും നടക്കുന്നു.
മാഞ്ഞുപോയ സിന്ദൂരക്കുറിക്ക്
ഹിന്ദു സ്ത്രീകളുടെ ഭാര്യാ പദവിയുടെ പാരമ്പര്യ മുദ്രയാണ് സിന്ദൂരം ചാർത്തൽ. തന്റെ ശിഷ്ടകാലം വധുവായി ജീവിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് വിവാഹ ചടങ്ങിൽ വെച്ച് വധുവിന്റെ നെറ്റിയിൽ സിന്ദൂരം ചാർത്തപ്പെടുന്നത്. ഭർത്താവ് പതിപ്പിക്കുന്ന പവിത്രമായ അടയാളമാണത്. തുടർന്ന് തന്റെ ജീവിതത്തിൽ ഭർത്താവിന്റെ സാന്നിധ്യമുണ്ടെന്നതിന്റെ സാക്ഷ്യമായി ഭാര്യ എല്ലാ ദിവസവും ഹൈന്ദവ ആചാരപ്രകാരം സിന്ദൂരം ചാർത്തുന്നു. വിധവയാകുമ്പോൾ മാത്രമാണ് അതൊഴിവാക്കുന്നത്.
ഏപ്രിൽ 22ലെ പഹൽഗാം ഭീകരാക്രമണത്തെ കൂടുതൽ അമാനവികമാക്കുന്നത് മതം ചോദിച്ചായിരുന്നു വെടിയുതിർത്തിരുന്നത് എന്ന റിപോർട്ടുകളാണ്. കൊല്ലാൻ മിക്കവാറും തിരഞ്ഞെടുത്തത് പുരുഷന്മാരെയുമാണ്. വിധവകളെ സൃഷ്ടിച്ചും ബഹുസ്വര ഇന്ത്യയെ മതപരമായി വിഭജിച്ചും രാജ്യത്തെ അരക്ഷിതമാക്കാമെന്ന് കരുതിയ പാക് ഭീകരതയെ തലയുയർത്തിപ്പിടിച്ച്, ഞങ്ങൾ ഒറ്റക്കെട്ടാണെന്ന സന്ദേശം ലോകത്തിന് നൽകിയാണ് സൈന്യം തകർത്തുവിട്ടത്. ഭർത്താക്കന്മാർ നഷ്ടപ്പെട്ട് രാജ്യത്തിന്റെ നോവായി മാറി വിധവകളാക്കപ്പെട്ടവർക്ക് വേണ്ടി നടത്തിയ സൈനിക നടപടി എന്ന നിലയിലാണ് കേന്ദ്ര സർക്കാർ അതിന് ഓപറേഷൻ സിന്ദൂർ എന്ന് പേരിട്ടത്. ഇന്ത്യൻ സൈന്യം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച, സിന്ദൂരപ്പാത്രത്തിലെ ചിതറിക്കിടക്കുന്ന സിന്ദൂരത്തിന്റെ ചിത്രം അറിയിക്കുന്നതും അത് തന്നെയാണ്.
കച്ചവടവത്കരണം അപകടം
ഓപറേഷൻ സിന്ദൂർ വെളിപ്പെടുത്തി ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ നാല് ട്രേഡ്മാർക്ക് അപേക്ഷകളാണ് ഫയൽ ചെയ്യപ്പെട്ടത്. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ആദ്യം തന്നെ അപേക്ഷയുമായി രംഗത്തെത്തിയെങ്കിലും പിന്നീട് മലക്കം മറിഞ്ഞു. കീഴുദ്യോഗസ്ഥൻ സമ്മതമില്ലാതെ ചെയ്ത അബദ്ധമാണെന്ന് വിശദീകരിച്ചാണ് അടുത്ത ദിവസം റിലയൻസ് തങ്ങളുടെ ട്രേഡ്മാർക്ക് അപേക്ഷ പിൻവലിച്ചത്. എന്നാൽ പിന്നെയും നിരവധി അപേക്ഷകൾ സമർപ്പിക്കപ്പെടുകയുണ്ടായി. 1999ലെ ട്രേഡ്മാർക്സ് ആക്ടിലെ 46ാം വകുപ്പനുസരിച്ച് ട്രേഡ്മാർക്ക് എടുക്കുന്നവർക്ക് ഭാവിയിൽ അത് ബിസിനസ്സിന് ഉപയോഗിക്കുന്നതിനെ പ്രതി സത്യസന്ധമായ ലക്ഷ്യമുണ്ടെന്നത് കാണിക്കാനാകണം.
ഓപറേഷൻ സിന്ദൂറിന്മേൽ സമർപ്പിക്കപ്പെട്ട ട്രേഡ്മാർക്ക് അപേക്ഷകൾ പ്രകാരം വിദ്യാഭ്യാസ, വിനോദ, സാംസ്‌കാരിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്നതിനാണത്രെ ട്രേഡ്മാർക്ക് ഉപയോഗിക്കുന്നത്. നിയമപരമായ വിശദീകരണത്തിൽ വിപുലമാണ് മേൽചൊന്ന സേവനങ്ങൾ. അക്കാദമിക് ക്ലാസ്സുകൾ മുതൽ അമ്യൂസ്‌മെന്റ്പാർക്കുകളും സിനിമാ നിർമാണവുമെല്ലാം അതിൽപ്പെടും. സിനിമയുടെയും വെബ് സീരീസിന്റെയും പേരായി മാറും ഓപറേഷൻ സിന്ദൂർ. ദേശീയ പ്രാധാന്യമുള്ള സംഭവവികാസങ്ങളെ വാണിജ്യവത്കരിക്കുന്ന തെറ്റായ പ്രവണത സൃഷ്ടിക്കലായിരിക്കുമതിന്റെ ഫലം.
സൈനിക വിജയങ്ങളും ദേശീയ ദുരന്തങ്ങളുമൊക്കെ ബ്രാൻഡ് ആസ്തിയായി ഉപയോഗിക്കാൻ നിന്നാൽ രാജ്യത്തിന്റെ സംഘടിത ഓർമകൾ കേവല കച്ചവടച്ചരക്കായി മാറും. രാഷ്ട്രത്തിന്റെ നിർണായക സൈനിക നടപടികളുടെ ഓർമകൾ ഉൾപ്പെടെ ജഡിക പദാർഥങ്ങളുടെ കമ്പോള മൂല്യത്തിലേക്ക് ചുരുക്കപ്പെടുന്നത് സമൂഹ മനസ്ഥിതിയെ ദോഷകരമായി സ്വാധീനിക്കും. മേലിൽ ഉണ്ടായേക്കാവുന്ന മറ്റൊരു സൈനിക നടപടിയുടെ ഗാംഭീര്യം കുറക്കുക മാത്രമല്ല ദേശീയ പ്രാധാന്യമുള്ള പ്രശ്‌നത്തിന്റെ സ്ഥാനത്ത് ബൗദ്ധിക സ്വത്തവകാശ തർക്കമായി മാറുമതെന്നത് കാണേണ്ടിയിരിക്കുന്നു. സൈനിക നടപടിയുമായി ബന്ധപ്പെട്ട ട്രേഡ്മാർക്ക് സ്വീകരിക്കുന്നത് ഉപഭോക്താക്കൾ തെറ്റുദ്ധരിക്കാനിടവരുമെന്നത് മറ്റൊരു പ്രശ്‌നമാണ്. തങ്ങൾ വാങ്ങുന്ന വസ്തുക്കൾ സൈനിക സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് ജനം കരുതും. അത് ട്രേഡ്മാർക്ക് രജിസ്‌ട്രേഷന്റെ തന്നെ തത്ത്വങ്ങൾക്ക് എതിരാണ്.
1950ലെ എംബ്ലംസ് ആൻഡ് നെയിംസ് (പ്രിവൻഷൻ ഓഫ് ഇംപ്രോപർ യൂസ്) ആക്ട് പ്രകാരം ചില ചിഹ്നങ്ങളും മുദ്രകളും ട്രേഡ്മാർക്കായി ഉപയോഗിക്കാൻ പാടില്ല. അവ്വിധം നിരോധമുള്ളതിൽ, നിയമത്തിന്റെ ഷെഡ്യൂൾ ലിസ്റ്റ് ചെയ്തതിൽ സൈനിക നടപടിയുടെ നാമങ്ങൾ പെടുന്നില്ല. അതേസമയം, 1999ലെ ട്രേഡ്മാർക്സ് ആക്ട് തെറ്റുദ്ധരിപ്പിക്കുന്നതും പൊതുനയത്തിന് വിരുദ്ധമായതുമായ ട്രേഡ്മാർക്കുകൾ നിരസിക്കാൻ രജിസ്ട്രാർക്ക് അധികാരം നൽകുന്നുണ്ട്.
അതിവൈകാരികതയല്ല ദേശീയത, വിൽക്കാനുള്ളതും
ഭരണകൂട വിധേയത്വമല്ല ദേശീയത. പ്രത്യുത ഭരണഘടനാ മൂല്യങ്ങളോടുള്ള ബഹുമാനവും പ്രതിബദ്ധതയുമാണത്. ഭരണകൂട നടപടികൾ ഭരണഘടനാ വിരുദ്ധമാകുമ്പോഴും അതിന് ഹല്ലേലൂയ പാടലല്ല ദേശഭക്തിയെന്നത് പോലെ ദേശസ്‌നേഹം റിലയൻസിന് ഷോപ്പിംഗ് മാളിൽ വിറ്റ് കാശാക്കാനുള്ളതല്ല. ദേശീയ പ്രാധാന്യമുള്ളതിനെ ട്രേഡ്മാർക്കായി കൈവശപ്പെടുത്തുക വഴി ദേശസ്‌നേഹത്തെ കമ്പോളത്തിൽ വിൽക്കുകയാണ് ചെയ്യുന്നത്. കേന്ദ്ര സർക്കാർ നിർദേശപ്രകാരമാണല്ലോ സൈന്യം ഓപറേഷൻ സിന്ദൂർ എന്ന പേരിൽ സൈനിക നടപടി സ്വീകരിച്ചത്. അതിനാൽ ഓപറേഷൻ സിന്ദൂർ എന്ന പേരിന്മേൽ ഭരണകൂടത്തിന് ബൗദ്ധിക സ്വത്തവകാശം സ്വാഭാവികമായി ഉണ്ടാകേണ്ടിയിരുന്നു. പക്ഷേ അവ്വിധമുള്ള നിയമനിർമാണം ഉണ്ടായിട്ടില്ലെന്നതത്രെ സത്യം.