Kerala
മദ്യലഹരിയില്‍ എട്ടും പത്തും വയസുള്ള മക്കളെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം; പിതാവ് അറസ്റ്റില്‍
ശിശുക്ഷേമ സമിതിയോട് കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി

കണ്ണൂര്‍ | ചെറുപുഴ പ്രാപ്പൊയിലില്‍ മദ്യലഹരിയില്‍ എട്ടും പത്തും വയസുള്ള കുട്ടികളെ ക്രൂരമായി മര്‍ദിച്ച കേസില്‍ പിതാവ് അറസ്റ്റില്‍. കുട്ടികളുടെ അമ്മയുടെ പരാതിയിലാണ് നടപടി. കുട്ടികളെ ക്രൂരമായി മര്‍ദിക്കുകയും തലമുടിയില്‍ പിടിച്ച് വലിച്ച് തറയിലിട്ട് വലിച്ചിഴയ്ക്കുകയും അരിവാള്‍ കൊണ്ട് വെട്ടിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.കുട്ടിയുടെ പിതാവിനെ ഇന്ന് രാവിലെ തന്നെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതിനെ തുടര്‍ന്ന് ആരോഗ്യ, സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഇടപെട്ടു. ശിശുക്ഷേമ സമിതിയോട് കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. പയ്യന്നൂര്‍ എംഎല്‍എ ടിഐ മധുസൂദനന്‍ പോലീസിനോട് റിപ്പോര്‍ട്ട് തേടി. കേസ് കൈകാര്യം ചെയ്യുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് എംഎല്‍എ മാധ്യമങ്ങളോട് പ്രതികരിച്ചു.
കുട്ടികളെ ഏറ്റെടുക്കുമെന്ന് ശിശുക്ഷേമ സമിതി അറിയിച്ചു. രണ്ടു കുട്ടികളെയും കൗണ്‍സിലിങ്ങിന് വിധേയരാക്കാനും തീരുമാനമുണ്ട്. മന്ത്രി വീണാ ജോര്‍ജ് വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് തീരുമാനം. മര്‍ദ്ദനമേറ്റ കുട്ടികള്‍ കുടകിലെ പിതാവിന്റെ സഹോദരിയുടെ വീട്ടിലാണ് ഇപ്പോള്‍ ഉള്ളത്. പോലീസ് നടപടികള്‍ കഴിഞ്ഞാല്‍ ഉടന്‍ കുട്ടികളുടെ സംരക്ഷണം സി ബ്ല്യു സി ഏറ്റെടുക്കും.വിശദമായി പഠിച്ച ശേഷം മാത്രമേ അമ്മയ്ക്ക് കുട്ടികളെ വിട്ടുകൊടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂവെന്ന് സിഡബ്ല്യുസി ചെയര്‍പേഴ്സണ്‍ രവി വ്യക്തമാക്കി.
കുട്ടികളെ അതി ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ചെറുപുഴ പോലീസ് കുട്ടികളുടെ പിതാവിനെ വിളിച്ച് വരുത്തി വിവരങ്ങള്‍ തേടിയെങ്കിലും ഭാര്യയെ ഭീഷണിപ്പെടുത്തുന്നതിനായി വ്യാജമായി ചിത്രീകരിച്ച വിഡിയോയാണെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിഡിയോ പ്രാങ്ക് അല്ലെന്നും യഥാര്‍ഥമാണമെന്നും മനസിലായത്.