Kerala
കൊച്ചിക്കടുത്ത് ചരക്ക് കപ്പല്‍ ചെരിഞ്ഞു; അപകടകരമായ കാര്‍ഗോ കടലില്‍, ആശങ്ക
കപ്പലിലുണ്ടായത് 24 പേര്‍; രക്ഷാപ്രവര്‍ത്തനം തുടരുന്നു

കൊച്ചി | കൊച്ചിയില്‍ നിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ ചരക്ക് കപ്പല്‍ അപകടത്തില്‍പ്പെട്ടു. കപ്പലില്‍ നിന്ന് അപകടകരമായ വസ്തുക്കളടങ്ങിയ കാര്‍ഗോ കടലില്‍ വീണു. ഇന്നലെ ഉച്ചക്ക് വിഴിഞ്ഞത്ത് നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എം എസ് സി എല്‍സ എന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ഗോയില്‍ മറൈന്‍ ഓയിലാണെന്നാണ് വിവരം. ഇന്ന് രാത്രിയോടെ കൊച്ചിയില്‍ എത്തേണ്ടതായിരുന്നു. ഒരു വശത്തേക്ക് ചെരിഞ്ഞുകൊണ്ടിരിക്കുന്ന കപ്പലില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. ഡ്രോണുകളും നാവിക സേനയുടെ ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനത്തിനെത്തി. 24 ജീവനക്കാരാണ് കപ്പലിലുണ്ടായത്. ഇതില്‍ ഒമ്പത് പേരെ രക്ഷിച്ചു.
കേരള തീരത്ത് നിന്ന് ഉള്ളിലേക്ക് മാറി അറബിക്കടലിലാണ് കാര്‍ഗോ വീണത്. കോസ്റ്റ് ഗാര്‍ഡാണ് ദുരന്തനിവാരണ അതോറിറ്റിയെ അറിയിച്ചത്. കേരള തീരത്ത് കാര്‍ഗോയും എണ്ണയും അടിയാനുള്ള സാധ്യതയുണ്ടെന്നും ജനങ്ങള്‍ ഇതിനടുത്തേക്ക് പോകരുതെന്നും നിര്‍ദേശമുണ്ട്. തീരത്ത് എണ്ണപ്പാടയടക്കം ശ്രദ്ധയില്‍പ്പെട്ടാല്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 112 എന്ന നമ്പറിലോ അറിയിക്കണം.