Kerala
സംസ്ഥാനത്ത് നിപ്പാ ഭീഷണി ഒഴിഞ്ഞിട്ടില്ല; രണ്ടാം തരംഗത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ല: മുഖ്യമന്ത്രി
1286 പേര്‍ സമ്പര്‍ക്ക പട്ടികയിലുണ്ട്. സമ്പര്‍ക്ക പട്ടിക ഇനിയും കൂടിയേക്കും

തിരുവനന്തപുരം | സംസ്ഥാനത്ത് നിപ്പാ വൈറസ്ബാധ ഭീഷണി ഒഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 1286 പേര്‍ സമ്പര്‍ക്ക പട്ടികയിലുണ്ട്. സമ്പര്‍ക്ക പട്ടിക ഇനിയും കൂടിയേക്കും.
276 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലാണ്. 122 പേര്‍ ബന്ധുക്കളാണ്. 118 ആരോഗ്യ പ്രവര്‍ത്തകരുണ്ട്. 994 നിരീക്ഷണത്തിലാണ്. 304 സാമ്പിളിള്‍ 256 പേരുടെ ഫലം വന്നു. 6 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 9 പേര്‍ ഐസൊലേഷനിലുണ്ട്. മരുന്ന് മുതല്‍ ആംബുലന്‍സ് അടക്കം എല്ലാം സജ്ജമാണ്.
സമ്പര്‍ക്ക പട്ടികയിലുള്ള കുട്ടികള്‍ക്ക് മാനസിക പിന്തുണ ഉറപ്പാക്കാന്‍ പദ്ധതിയൊരുക്കുന്നതിനായി സൈക്കോ സോഷ്യല്‍ ടീമുണ്ടാക്കിയെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിപ്പാ രണ്ടാം തരംഗത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ല.സാധ്യത വളരെ കുറവാണെങ്കിലും പൂര്‍ണമായും തള്ളിക്കളയാന്‍ സാധിക്കില്ല എന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ വിലയിരുത്തല്‍. .2018നും, 19നും സമാനമായ കാര്യങ്ങളാണ് ഇത്തവണയും കണ്ടെത്തിയത്. 36 വവ്വാലുകളുടെ സാംപിൾ ശേഖരിച്ചെങ്കിലും വൈറസ് സാന്നിധ്യം കണ്ടെത്താനായിട്ടില്ല. എന്തുകൊണ്ട് വീണ്ടും കോഴിക്കോട് നിപ്പ ബാധയുണ്ടായി എന്ന് ഐസിഎംആറും വ്യക്തമാക്കുന്നില്ല. സംസ്ഥാനം ഇക്കാര്യത്തിൽ പഠനം നടത്തും. ഐസിഎംആറിന്റെ പഠന റിപ്പോർട്ട് കേരളത്തിന് ലഭ്യമാകും. വിദഗ്ധസമിതിയുടെ ശുപാർശ അനുസരിച്ച് കണ്ടെയ്ൻമെന്റ് സോണിലെ കടകൾ തുറക്കുന്നത് വൈകിട്ട് 5 മണിവരെ എന്നത് രാത്രി 8 ആക്കി. സമയം പരിഷ്ക്കരിക്കുന്നത് 22ന് വീണ്ടും ചർച്ച ചെയ്തശേഷം തീരുമാനിക്കും
കോഴിക്കോടും സമീപ ജില്ലകളിലുമാണ് നിപ വ്യാപനം തടയാന്‍ ശാസ്ത്രീയ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുള്ളത്. തുടക്കത്തില്‍ തന്നെ കണ്ടെത്താനായതുകൊണ്ട് അപകടം ഒഴിവാക്കാനായിട്ടുണ്ട്. നിപ ആക്ഷന്‍ പ്ലാന്‍ ഉണ്ടാക്കുകയും കോര്‍ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. നിപ കണ്‍ട്രോള്‍ റൂം സജ്ജമാക്കി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഐസൊലേഷന്‍ സൗകര്യവും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്തി. ആരോഗ്യമന്ത്രി നേരിട്ട് സ്ഥലത്തെത്തിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
നിപ്പാ പ്രതിരോധത്തിനായി സംസ്ഥാന സര്‍ക്കാര്‍ ജാഗ്രതയോടെയുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നത്. ഇതിന് കൂട്ടായ സഹകരണം വേണം. ഇക്കാര്യത്തില്‍ മാധ്യമ ജാഗ്രതയെ അഭിനന്ദിക്കുന്നു.എന്നാല്‍ തെറ്റായ ചില പ്രവണതകളും ചിലരില്‍ നിന്നുണ്ടായി. തെറ്റിദ്ധരിക്കുന്നതും ഭീതി പരത്തുന്നതുമായ വാര്‍ത്തകള്‍ നല്‍കരുത്.ജോലിക്കിടെ വൈറസ് ബാധയേല്‍ക്കാതിരിക്കുന്നതിനുള്ള നടപടികള്‍ മാധ്യമപ്രവര്‍ത്തകര്‍ സ്വീകരിക്കണം.