Connect with us

Kerala

കാളികാവിലെ രണ്ടര വയസുകാരിയുടെ കൊലപാതകം; പിതാവിനെതിരെ കൊലക്കുറ്റം ചുമത്തി

ഇയാള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും പോലീസ് കേസെടുത്തു.

Published

|

Last Updated

മലപ്പുറം| മലപ്പുറം കാളികാവില്‍ രണ്ടരവയസുകാരിയെ മര്‍ദിച്ച് കൊലപ്പെടുത്തിയ പിതാവ് മുഹമ്മദ് ഫായിസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊലക്കുറ്റം ചുമത്തിയാണ് ഫായിസിനെതിരെ കാളികാവ് പോലീസ് കേസെടുത്തത്. ഇയാള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും പോലീസ് കേസെടുത്തു. കാളികാവിലെ റബര്‍ എസ്റ്റേറ്റില്‍നിന്നാണ് ഫായിസിനെ പോലീസ് പിടികൂടിയത്. ഭാര്യയുമായുള്ള പ്രശ്നങ്ങളാണ് കുഞ്ഞിനെ മര്‍ദിക്കാന്‍ കാരണമെന്ന് ഫായിസ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. കുട്ടിയെ പിതാവ് മുഹമ്മദ് ഫായിസ് മര്‍ദിച്ച സമയത്ത് ഇയാളുടെ ബന്ധുക്കളും വീട്ടിലുണ്ടായിരുന്നുവെന്ന നിഗമനത്തിലാണ് പോലീസ്. കുട്ടിക്ക് മര്‍ദനമേറ്റ മലപ്പുറം കാളികാവിലെ വീട് പോലീസ് സീല്‍ ചെയ്തു.

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയെന്ന് പറഞ്ഞായിരുന്നു രണ്ടര വയസുകാരിയെ ഫായിസ് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. കുട്ടി മരിച്ചെന്ന് മനസിലായതിനെത്തുടര്‍ന്ന് ആശുപത്രി അധികൃതര്‍ വിവരം പോലീസിനെ അറിയിച്ചു. തുടര്‍ന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി ക്രൂരമര്‍ദനത്തിന് ഇരയായാണ് മരിച്ചതെന്ന് വ്യക്തമായിരുന്നു.

കുഞ്ഞിന്റെ തലയിലും നെഞ്ചിലുമേറ്റ പരിക്കാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. തലയില്‍ രക്തം കട്ടപിടിക്കുകയും വാരിയെല്ല് പൊട്ടുകയും ചെയ്തിട്ടുണ്ട്. തലച്ചോര്‍ ഇളകിയ നിലയിലുമായിരുന്നു. കഴുത്തിലും മുഖത്തുമടക്കം മര്‍ദനമേറ്റതിന്റെ പാടുകളുമുണ്ട്. കുഞ്ഞ് മരിച്ചതിനു ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചിരുന്നത്. കുട്ടിയെ പിതാവ് കൊലപ്പെടുത്തിയതാണെന്ന് മുന്‍പ് തന്നെ കുട്ടിയുടെ മാതാവ് ആരോപിച്ചിരുന്നു. കുഞ്ഞിന്റെ മാതാവിന്റെ ആരോപണങ്ങളെ ശരിവയ്ക്കുന്ന വിധത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തെത്തിയിരിക്കുന്നത്.

 

 

 

---- facebook comment plugin here -----

Latest