Ongoing News
നെഹ്റു യുവകേന്ദ്രയുടെ പേര് മാറ്റിയ നടപടി ചരിത്രത്തെ പരിഹസിക്കുന്നത്: എസ് വൈ എസ്
കേന്ദ്ര സര്‍ക്കാര്‍ നടപടി അപലപനീയവും ചരിത്രത്തോട് ചെയ്യുന്ന വഞ്ചനയും

എസ് വൈ എസ് സംസ്ഥാന കമ്മിറ്റി കോട്ടക്കലില്‍ സംഘടിപ്പിച്ച ആര്‍ട്ട് ഓഫ് തോട്ട് പ്രസിഡന്റ്് ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്യുന്നു
കോട്ടക്കല്‍ | സാമൂഹിക യുവജന മുന്നേറ്റം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന നെഹ്റു യുവകേന്ദ്രയുടെ പേര് ‘മേരാ യുവ ഭാരത്’ എന്നാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി അപലപനീയവും ചരിത്രത്തോട് ചെയ്യുന്ന വഞ്ചനയുമാണെന്ന് കോട്ടക്കലില്‍ നടന്ന എസ് വൈ എസ് സംസ്ഥാന നേതൃ ക്യാമ്പ് ‘ആര്‍ട്ട് ഓഫ് തോട്ട്’ അഭിപ്രായപ്പെട്ടു.
പ്രഥമ പ്രധാനമന്ത്രി നെഹ്റുവിന്റെ പേരില്‍ 53 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന സംഘടനയുടെ പേര് മാറ്റുന്നതിന് പിന്നിലെ രാഷ്ട്രീയ താത്പര്യങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. ബി ജെ പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സ്ഥലങ്ങളുടേയും സ്ഥാപനങ്ങളുടേയും പേരുമാറ്റല്‍ നിരന്തര പ്രക്രിയ ആയി മാറിയിരിക്കുകയാണ്. രാജ്യത്തിന്റെ പാരമ്പര്യവും ചരിത്രവും മറവിയിലേക്ക് വിട്ട് ഹിന്ദുത്വ രാഷ്ട്രത്തിന് അനുകൂലമായ പശ്ചാത്താലം ഒരുക്കുക എന്നതാണ് ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ഭരണകൂടം ലക്ഷ്യമിടുന്നത്. പേരുമാറ്റല്‍ രാഷ്ട്രീയത്തിലൂടെ നടപ്പിലാക്കുന്ന സാംസ്‌കാരിക വംശഹത്യയില്‍ നിന്ന് ഭരണകൂടം പിന്‍ മാറണം.
നെഹ്റുവിന്റെ സെക്കുലര്‍ രാഷ്ട്രീയത്തോടുളള എതിര്‍പ്പും ചരിത്രം തങ്ങള്‍ക്കനുകൂലമായി മാറ്റിയെഴുതാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗവുമാണ് ഈ പേരു മാറ്റം. സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളെ കാവിവത്കരിക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ക്കെതിരെ ജനാധിപത്യ വിശ്വാസികളില്‍ നിന്ന് പ്രതിഷേധം ഉയരണം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണം.
എടരിക്കോട് താജുല്‍ ഉലമ ടവറില്‍ നടന്ന ദ്വിദിന ശില്‍പ്പശാല ‘ആര്‍ട്ട് ഓഫ് തോട്ട് ‘ അടുത്ത രണ്ടു വര്‍ഷത്തെ നയ സമീപനത്തിന് അന്തിമ രൂപം നല്‍കി. മതമൂല്യങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ ഇസ്ലാമിന്റെ സൗന്ദര്യം സംബന്ധിച്ച് പൊതുസമൂഹത്തില്‍ ചര്‍ച്ചകള്‍ ഉയര്‍ത്തിക്കൊണ്ടു വരാനുള്ള ശ്രമങ്ങള്‍ നടത്തും. സോഷ്യല്‍ ആക്ടിവിസം ലക്ഷ്യമിട്ടുള്ള ആശയങ്ങള്‍ പ്രയോഗവത്ക്കരിക്കും. വിശ്വാസശാസ്ത്രം ആഴത്തില്‍ പഠിപ്പിക്കുന്നതിനും യുക്തിവാദത്തെയും മത യുക്തിവാദത്തെയും പ്രതിരോധിക്കുന്നതിനുമുള്ള സംവിധാനങ്ങള്‍ കൂടുതല്‍ സക്രിയമാക്കും. സംഘടനയുടെ സുപ്രധാനന ഘടകമായ സര്‍ക്കിളുകള്‍ക്ക് പ്രാധാന്യം നല്‍കി കൂടുതല്‍ പദ്ധതികള്‍ക്കും സര്‍ക്കിള്‍ നേതൃത്വത്തിന്റെ ശക്തികരണത്തിനും മുന്‍ഗണന നല്‍കും. വിവിധ തൊഴില്‍ മേഖലകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന യുവാക്കളെ ലക്ഷ്യമിട്ട് നൈപുണി വികസന കേന്ദ്രവും പദ്ധതികളും ആവിഷ്‌കരിക്കും.
പദ്ധതികളുടെ ക്വാളിറ്റി ഇമ്പ്രൂവ്‌മെന്റ്, പ്രവര്‍ത്തനങ്ങളുടെ ക്വാളിറ്റി അനാലിസിസ് തുടങ്ങിയവക്ക് പ്രാധാന്യം നല്‍കിയുള്ള ആശയങ്ങള്‍ നടപ്പാക്കും. സോഷ്യല്‍ ഓഡിറ്റിംഗ് കാര്യക്ഷമമാക്കും. സമൂഹത്തിലെ പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്ന വിവിധ വിഭാഗങ്ങള്‍ക്കുള്ള പദ്ധതികള്‍ നടപ്പിലാക്കും. പുതിയ തലമുറയെ കൂടുതല്‍ ഉള്‍ക്കൊള്ളാന്‍ നേതൃത്വത്തെ പ്രാപ്തമാക്കുന്നതിനുള്ള പരിശീലന പദ്ധതികള്‍ നടപ്പിലാക്കും. വ്യക്തിവിശുദ്ധി പ്രധാനമായി കണ്ടുള്ള പദ്ധതികള്‍, ആത്മീയ ഉണര്‍വ് ലക്ഷ്യമിട്ടുള്ള ആശയങ്ങള്‍, ജനങ്ങള്‍ക്കിടയില്‍ പരസ്പര സ്‌നേഹവും അടുപ്പവും വളര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഫലപ്രദമായ പ്രയോഗം എന്നിവ ഉറപ്പാക്കും.
വനിതകളുടെ ആത്മീയവും സാംസ്‌കാരികവുമായ ശാക്തീകരണം ലക്ഷ്യം വെച്ചുള്ള പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കും. കുടുംബം അടിസ്ഥാന യൂണിറ്റായി കണ്ടുകൊണ്ടുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കും. സംസ്ഥാന പ്രസിഡന്റ് എ പി അബ്ദുല്‍ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി റഹ്മതുള്ള സഖാഥി എളമരം, അബ്ദുല്ല അഹ്സനി ചെങ്ങാനി, എം മുഹമ്മദ് സ്വാദിഖ്, കെ അബ്ദുല്‍ കലാം, എം അബ്ദുല്‍ മജീദ്, അലി അക്ബര്‍, സി എന്‍ ജഅഫര്‍, മുഹമ്മദലി പുത്തൂര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.