Connect with us

Education

കരിയര്‍ വിചാരങ്ങളുടെ പുതുവഴികള്‍ തുറന്ന് എജ്യൂസൈന്‍ സമാപിച്ചു

അറിവിനെ കുറിച്ചുള്ള വിചാരങ്ങള്‍ തിരുത്തണം: ഡോ. പി സരിന്‍

Published

|

Last Updated

കോഴിക്കോട് | വിസ്ഡം എജുക്കേഷണല്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ (വെഫി) രണ്ടു ദിവസമായി സംഘടിപ്പിച്ച എജ്യൂസൈന്‍ അഞ്ചാം പതിപ്പ് സമാപിച്ചു. അമ്പത് പവലിയനുകളിലായി 60 കരിയര്‍ ട്രെയിനര്‍മാരാണ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ കരിയര്‍ ഗൈഡന്‍സ് നല്‍കിയത്.

അഭിരുചി പരിശോധനയുടെ അടിസ്ഥാനത്തിലാണ് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് പഠന വഴി തെളിച്ചുനല്‍കിയത്. ശാസ്ത്രം, വാണിജ്യം, സാങ്കേതികവിദ്യ, സാമൂഹികശാസ്ത്രങ്ങള്‍, ഭാഷ, വിദേശ പഠനം തുടങ്ങിയ എല്ലാ മേഖലയിലും ഗൈഡന്‍സ് നല്‍കി. ഇതിന്റെ ഭാഗമായി ജോബ് ജംഗ്ഷന്‍ എന്ന പേരില്‍ തൊഴില്‍മേള സംഘടിപ്പിച്ചു. നൂറോളം വ്യത്യസ്ത പ്രൊഫഷനുകളിലേക്കുള ഇന്റര്‍വ്യൂ ആണ് നടന്നത്.

കോര്‍പ്പറേറ്റ് കരിയര്‍, സാങ്കേതിക വിദ്യയിലെ സാധ്യതകള്‍, നമ്മുടെ വിദ്യാഭ്യാസ മേഖലയില്‍ ആവശ്യമായ പരിഷ്‌കരണങ്ങള്‍, തൊഴിലധിഷ്ഠിത പഠനത്തിന്റെ വഴികള്‍ എന്നീ വിഷയങ്ങളില്‍ പാനല്‍ ചര്‍ച്ചകളും നടന്നു. വിജ്ഞാന കേരളം സ്ട്രാറ്റജിക് അഡൈ്വസര്‍ ഡോ. പി സരിന്‍ പുതുതലമുറയുമായി സംവദിച്ചു. അറിവിനെ കുറിച്ചുള്ള വിചാരങ്ങള്‍ തിരുത്തണമെന്ന് അദ്ദേഹം പറഞ്ഞു. കേവലം കോഴ്‌സ്, സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് തുടങ്ങിയ മാനദണ്ഡങ്ങളെ ചുറ്റിപ്പറ്റി നിലനില്‍ക്കുന്ന അറിവിനെ പറ്റിയുള്ള ബോധങ്ങള്‍ മാറേണ്ടതുണ്ടെന്നും പഠിച്ചത് പ്രവര്‍ത്തിക്കാനുള്ള ശേഷിയാണ് യഥാര്‍ഥ അറിവ് എന്നും വിജ്ഞാന കേരളം സ്ട്രാറ്റജിക് അഡൈ്വസര്‍ ഡോ. പി സരിന്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ വളര്‍ച്ചയ്ക്ക് അനുസരിച്ച് പെരുമാറാനും വഴി കാണിച്ചു കൊടുക്കാനും അധ്യാപകര്‍ക്കും സമൂഹത്തിനും ആവേണ്ടതുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

റോണി കെ റോയ്, ജുനൈദ് അഹമ്മദ്, യു കെ അബ്ദുള്‍ നാസര്‍ , സി എന്‍ ജാഫര്‍ സാദിഖ്, മുഹമ്മദ് മുഹ്‌സിന്‍ സഖാഫി, മുഹമ്മദലി പുത്തൂര്‍, അബ്ദുള്ള, സി കെ എം റഫീഖ്, നവാസ് കുതിരാടം, ഉബൈദ് വടകര , താജുദ്ദീന്‍ അബൂബക്കര്‍, സി എ മുഹമ്മദ് സിനാന്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു. സമാപന സെഷനില്‍ വെഫി സി ഇ ഒ. സി കെ എം റഫീഖ് അധ്യക്ഷത വഹിച്ചു. വെഫി കീഴില്‍ കരിയര്‍ ഗൈഡന്‍സ് ട്രെയിനിങ് കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ചടങ്ങില്‍ നടന്നു. മുഹമ്മദ് അനസ് സ്വാഗതവും അബ്ദുറഹ്മാന്‍ എറോള്‍ നന്ദിയും പറഞ്ഞു.

 

 

Latest