Kuwait
കുവൈത്തില്‍ സ്വന്തം നവജാത ശിശുവിനെ കൊല്ലുന്ന സ്ത്രീക്ക് യാതൊരു ശിക്ഷാ ഇളവുമില്ല
മാനഹാനി ഒഴിവാക്കാന്‍, പ്രസവിച്ച ഉടന്‍ തന്നെ സ്വന്തം നവജാത ശിശുവിനെ മനപ്പൂര്‍വം കൊല്ലുന്ന ഏതൊരു സ്ത്രീക്കും അഞ്ച് വര്‍ഷത്തില്‍ കവിയാത്ത തടവോ 375 ദിനാറില്‍ കവിയാത്ത പിഴയോ നല്‍കണം എന്ന കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി

കുവൈത്ത് സിറ്റി | സ്വന്തം നവജാത ശിശുവിനെ കൊല്ലുന്ന സ്ത്രീക്ക് യാതൊരു ശിക്ഷാ ഇളവും നല്‍കേണ്ടതില്ലെന്ന് കുവൈത്ത് തീരുമാനിച്ചു. മാനഹാനി ഒഴിവാക്കാന്‍, പ്രസവിച്ച ഉടന്‍ തന്നെ സ്വന്തം നവജാത ശിശുവിനെ മനപ്പൂര്‍വം കൊല്ലുന്ന ഏതൊരു സ്ത്രീക്കും അഞ്ച് വര്‍ഷത്തില്‍ കവിയാത്ത തടവോ 375 ദിനാറില്‍ കവിയാത്ത പിഴയോ നല്‍കണം എന്ന കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. രാജ്യത്തെ ശിക്ഷാ നിയമത്തിലെ 159-ാം വകുപ്പ് റദ്ദാക്കുന്നതിനുള്ള കരടിനാണ് അംഗീകാരം.
ജീവിക്കാനുള്ള അവകാശം ഉയര്‍ത്തിപ്പിടിക്കാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധത ഈ റദ്ദാക്കലിലൂടെ ഉറപ്പിക്കുന്നു. ഭരണഘടനയില്‍ ഉറപ്പിച്ചുപറഞ്ഞിട്ടുള്ള ഏറ്റവും ഉയര്‍ന്ന അവകാശവും ഇസ്ലാമിക നിയമത്തിലെ ഒരു പ്രധാന തത്വവുമാണ് ഇത്. ഒരു ജീവന്‍ അപഹരിക്കുന്നതിനുള്ള ശിക്ഷ ലഘൂകരിക്കുന്നത് ഒരു സാഹചര്യത്തിലും ന്യായീകരിക്കാനാവില്ലെന്ന് കരട് ഊന്നിപ്പറഞ്ഞു.
സാമൂഹികമായ നാണക്കേട് ഒഴിവാക്കാന്‍ വേണ്ടി മനപ്പൂര്‍വ്വം തന്റെ നവജാതശിശുവിനെ കൊല്ലുന്ന മാതാവിനെ ഇനി കുവൈത്തില്‍ കൊലപാതകക്കുറ്റത്തിന് വിചാരണ ചെയ്യാനാവും.