National
കേദാര്‍നാഥില്‍ എയര്‍ ആംബുലന്‍സ് തകര്‍ന്ന് അപകടം
പൈലറ്റും ഡോക്ടറും നഴ്‌സുമടക്കമുള്ള യാത്രക്കാര്‍ അത്ഭുതകരമായി അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു

കേദാര്‍നാഥ് | ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ കേദാര്‍നാഥില്‍ എയര്‍ ആംബുലന്‍സ് തകര്‍ന്ന് അപകടം. പൈലറ്റും ഡോക്ടറും നഴ്‌സുമടക്കമുള്ള യാത്രക്കാര്‍ അത്ഭുതകരമായി അപകടത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.
ശനിയാഴ്ചയാണ് കേദാര്‍നാഥിന് സമീപത്തായി ലാന്‍ഡ് ചെയ്യാന്‍ ശ്രമക്കുന്നതിനിടെ എയര്‍ ആംബുലന്‍സിലെ പിന്‍ഭാഗം നിലത്ത് തട്ടി തകര്‍ന്നത്. കേദാര്‍നാഥിലേക്കെത്തിയ തീര്‍ത്ഥാടകരിലൊരാള്‍ക്കാണ് ഗുരുതര ആരോഗ്യ പ്രശ്‌നം നേരിട്ടത്. സഞ്ജീവനി എയര്‍ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
ശ്വസന സംബന്ധികയായ തകരാര്‍ നേരിട്ട് ഗുരുതരാവസ്ഥയിലായി രോഗിയെ ഋഷികേശിലെ എയിംസിലേക്ക് എത്തിക്കാനായാണ് എയര്‍ ആംബുലന്‍സ് സഹായം തേടിയത്. എന്നാല്‍ കേദാര്‍നാഥിലെ ഹെലിപാഡില്‍ ഇറങ്ങാനുള്ള ശ്രമത്തിനിടെ സാങ്കേതിക തകരാര്‍ നേരിട്ടതിനാല്‍ പൈലറ്റ് എയര്‍ ആംബുലന്‍സ് തുറസായ സ്ഥലത്ത് ഇറക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും ഇതിനിടയിലാണ് അപകടമുണ്ടായതെന്നുമാണ് ജില്ലാ ടൂറിസം ഓഫീസര്‍ റാഹുല്‍ ചൌബേ വിശദമാക്കുന്നത്.
ലാന്‍ഡ് ചെയ്യുന്നതിനിടെ ഹെലികോപ്റ്ററിന്റെ പിന്‍ഭാഗം നിലത്ത് തട്ടി ഇതിന് പിന്നാലെ എയര്‍ ആംബുലന്‍സ് തകര്‍ന്നുവെന്നാണ് ഡി ജി സി എ വിശദമാക്കിയത്. ഹെലികോപ്ടറിന്റെ ടെയില്‍ മോട്ടോര്‍ ഭാഗത്തുണ്ടായ തകരാറാണ് അപകടത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്.