Kerala
അവസാനമായി മകനെ ഒരുനോക്കുകാണാന്‍ ആ അമ്മയെത്തി
കൊച്ചി വിമാനത്താവളത്തില്‍ ഇളയ മകനെ കെട്ടിപ്പിടിച്ച് സുജ പൊട്ടിക്കരഞ്ഞു

കൊച്ചി | മകനെ അവസാനമായി ഒരു നോക്കു കാണാന്‍ ആ അമ്മയെത്തി. കുടുംബത്തെ കരപറ്റിക്കാന്‍ വിദേശത്ത് തൊഴില്‍ തേടിപ്പോയ ആ അമ്മക്ക് ദുരന്ത വാര്‍ത്ത കേണ്ട് മടങ്ങേണ്ടി വരികയായിരുന്നു.
കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്റെ അമ്മ സുജയുടെ നെഞ്ചുപിളര്‍ന്ന കരച്ചിലിനു മുന്നില്‍ എയര്‍പോര്‍ട്ടിലുണ്ടായിരുന്നവരെല്ലാം കണ്ണീരണിഞ്ഞു. കൊച്ചി വിമാനത്താവളത്തിലെത്തിയ അവരെ കാത്ത് അടുത്ത ബന്ധുക്കളുണ്ടായിരുന്നു. ഇളയ മകനെ കെട്ടിപ്പിടിച്ച് സുജ പൊട്ടിക്കരഞ്ഞു. ആഹ്ലാദത്തോടെ യാത്രയാക്കിയ മകന്‍ ഇനിയില്ലെന്നറിഞ്ഞതുമുതല്‍ കരഞ്ഞു കലങ്ങിയ കണ്ണുമായി വന്ന സുജയുമായുള്ള വാഹനം പോലീസ് അകമ്പടിയോടെ കൊല്ലത്തെ വീട്ടിലേക്ക് പുറപ്പെട്ടു.
ഫുട്‌ബോള്‍ കളിക്കാരനാകണമെന്നും സൈന്യത്തില്‍ ചേരണമെന്നും ആഗ്രഹിച്ച മിടുക്കനായ വിദ്യാര്‍ഥിയായിരുന്നു മിഥുന്‍. ദാരിദ്ര്യത്തില്‍ കഴിഞ്ഞ കുടുംബത്തെ രക്ഷിക്കാനാണ് തൊഴില്‍ തേടി അമ്മ വിദേശത്ത് വീട്ടുജോലിക്ക് പോയത്. അവിടെ ജോലിചെയ്തിരുന്ന കുടുംബം തുര്‍ക്കിയിലേക്ക് വിനോദ യാത്ര പോയപ്പോള്‍ അവരെ അനുഗമിച്ചതായിരുന്നു ആ അമ്മ. ആ സമയത്താണ് മകന്‍ അപ്രതീക്ഷിതമായ അപകടത്തില്‍ മരിച്ചത്.
തേവലക്കര സ്‌കൂളില്‍ സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ സഹപാഠിയുടെ ചെരിപ്പെടുക്കാന്‍ കയറിയ മിഥുന്‍ താഴ്ന്നുകിടന്ന വൈദ്യുതി കമ്പിയില്‍ നിന്നു ഷോക്കേറ്റാണ് മരിച്ചത്. രാവിലെ പത്ത് മണി മുതല്‍ സ്‌കൂളില്‍ പൊതുദര്‍ശനം തുടങ്ങും. പിന്നീട് വൈകിട്ട് അഞ്ച് മണിയോടെ വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും.