Kerala
നീണ്ട കാത്തിരിപ്പിന് വിട; സഊദിയ വിമാനം നാളെ കരിപ്പൂരിൽ റൺേവ തൊടും; ആവേശത്തിൽ പ്രവാസ ലോകം
ബാംഗ്ലൂർ, മുംബൈ, കൊച്ചി, ഡൽഹി, ഹൈദരാബാദ്, ലഖ്‌നൗ എന്നിവയ്ക്ക് പിന്നാലെ സഊദിയ സർവീസ് നടത്തുന്ന ഇന്ത്യയിലെ ഏഴാമത്തെ നഗരമായി ഇതോടെ കോഴിക്കോട് മാറും.
ദമാം | നീണ്ട അഞ്ച് വർഷത്തെ കാത്തിരിപ്പിന് ശേഷം സഊദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സഊദിയ നാളെ (ഫെബ്രുവരി ഒന്ന്) കരിപ്പൂരിൽ വിമാനമിറക്കും. സഊദി തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പ്രാദേശിക സമയം പുലർച്ചെ 1.20ന് പുറപ്പെടുന്ന സഊദിയയുടെ എസ്‌വി 712 വിമാനം രാവിലെ 8.35നാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരുന്നത്. തിരികെ രാവിലെ 9.45ന് കരിപ്പൂരിൽ നിന്ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം 12.50ന് റിയാദിലെത്തും.
ഉംറ തീർഥാടകർക്കും യൂറോപ്യൻ, അമേരിക്കൻ രാജ്യങ്ങളിലേക്കുള്ള യാത്രക്കാർക്കും റിയാദ് വഴി എളുപ്പത്തിൽ യാത്ര ചെയ്യാമെന്നതാണ് ഈ സർവീസിന്റെ സവിശേഷത. ബാംഗ്ലൂർ, മുംബൈ, കൊച്ചി, ഡൽഹി, ഹൈദരാബാദ്, ലഖ്‌നൗ എന്നിവയ്ക്ക് പിന്നാലെ സഊദിയ സർവീസ് നടത്തുന്ന ഇന്ത്യയിലെ ഏഴാമത്തെ നഗരമായി ഇതോടെ കോഴിക്കോട് മാറും.
ഇടത്തരം വലിപ്പമുള്ള അത്യാധുനിക എയർബസ് എ321 നിയോ വിമാനങ്ങളാണ് റിയാദ് – കോഴിക്കോട് റൂട്ടിൽ ഉപയോഗിക്കുന്നത്. 20 ബിസിനസ് ക്ലാസ് സീറ്റുകളും 145 ഇക്കണോമി ക്ലാസ് സീറ്റുകളുമടക്കം ആകെ 165 പേർക്ക് യാത്ര ചെയ്യാവുന്ന വിമാനമാണിത്. ആദ്യഘട്ടത്തിൽ ആഴ്ചയിൽ നാല് ദിവസങ്ങളിൽ (ബുധൻ, വ്യാഴം, ശനി, ഞായർ) സർവീസുകൾ നടത്തും. റിയാദിന് പുറമെ വരും ദിവസങ്ങളിൽ ജിദ്ദ, ദമാം സർവീസുകൾ കൂടി ആരംഭിക്കുന്നതോടെ പ്രവാസികൾക്ക് ഇത് വലിയ ആശ്വാസമാകും. വെബ്സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ എന്നിവ വഴി ടിക്കറ്റ് ബുക്കിംഗ് ഇതിനകം ആരംഭിച്ചു കഴിഞ്ഞു.
റൺവേ റീ-കാർപെറ്റിംഗിനെ തുടർന്ന് 2015 മെയ് മാസത്തിലാണ് കരിപ്പൂരിൽ വൈഡ് ബോഡി വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതോടെ സഊദിയ സർവീസ് നിർത്തിവെച്ചു. പിന്നീട് മൂന്നര വർഷത്തിന് ശേഷം സർവീസുകൾ പുനരാരംഭിച്ചെങ്കിലും 2020 ഓഗസ്റ്റ് ഏഴിനുണ്ടായ വിമാനാപകടത്തെ തുടർന്ന് വലിയ വിമാനങ്ങൾക്ക് വീണ്ടും നിയന്ത്രണം വന്നതോടെ സർവീസ് വീണ്ടും മുടങ്ങി.
നീണ്ട അഞ്ച് വർഷത്തിന് ശേഷം മലബാറിന്റെ വിമാനത്താവളത്തിലേക്ക് സഊദിയ തിരിച്ചെത്തുന്നത് വലിയ പ്രതീക്ഷയാണ് നൽകുന്നത്. റിയാദിൽ നിന്ന് മദീനയിലേക്ക് ദിവസേന മൂന്ന് നേരിട്ടുള്ള വിമാനങ്ങളും ഏഴ് കണക്ഷൻ വിമാനങ്ങളും ലഭ്യമാണ്. ജിദ്ദയിലേക്ക് പതിനെട്ടിലധികം സർവീസുകളുണ്ട്. ഇത് ഉംറ തീർഥാടകർക്ക് വലിയ അനുഗ്രഹമാകും. ലോകത്തെ സഊദി അറേബ്യയുമായി ബന്ധിപ്പിക്കാനും മത്സരശേഷി വർധിപ്പിക്കാനുമുള്ള എയർലൈനിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് സർവീസ് പുനരാരംഭിക്കുന്നത്.



