Kerala
സ്ത്രീ വേഷത്തിൽ എത്തിയ മോഷ്ടാവ്; വെട്ടിച്ചിറയിൽ വീട്ടമ്മയുടെ സ്വർണാഭരണങ്ങൾ കവർന്നു
മോഷ്ടാവ് വീട്ടിലെത്തിയത് എസ് ഐ ആര്‍ പരിശോധനക്കെന്നു പറഞ്ഞ്
മലപ്പുറം| വെട്ടിച്ചിറയില്‍ എസ് ഐ ആര്‍ പരിശോധനക്കെന്ന വ്യാജേന വീട്ടിലെത്തിയ മോഷ്ടാവ് വീട്ടമ്മയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. സാരിയുടുത്ത് സ്ത്രീ വേഷത്തിലാണ് മോഷ്ടാവ് വീട്ടിലെത്തിയത്.
കരിങ്കപ്പാറ ഹംസ ഹാജിയുടെ വീട്ടിലാണ് മോഷണം നടന്നത്. വെള്ളിയാഴ്ച ഉച്ചക്കായിരുന്നു സംഭവം. എസ് ഐ ആര്‍ പരിശോധന നടത്താനാണെന്ന് പറഞ്ഞ് വീട്ടിലെത്തിയ മോഷ്ടാവ് വീട്ടമ്മ നഫീസയോട് ആധാര്‍ കാര്‍ഡ് ആവശ്യപ്പെട്ടു. കാര്‍ഡ് എടുക്കാന്‍ നഫീസ അകത്തേക്ക് പോയ അവസരത്തിലാണ് മോഷ്ടാവ് വീട്ടിലേക്ക് അതിക്രമിച്ചു കയറിയത്.
തുടര്‍ന്ന് നഫീസയെ ആക്രമിച്ച ശേഷം കഴുത്തിലുണ്ടായിരുന്ന സ്വര്‍ണമാലയും കൈയിലെ വളയും കവര്‍ന്നു. പിന്നീട് അതിവേഗത്തില്‍ പ്രതി വീട്ടില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തില്‍ നഫീസയുടെ കൈക്കും കഴുത്തിനും പരിക്കേറ്റിട്ടുണ്ട്.
വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കല്‍പ്പകഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. എന്നാല്‍ എല്ലാ ഭാഗങ്ങളിലും സി സി ടി വികള്‍ ഇല്ലാത്തത് അന്വേഷണത്തിന് വെല്ലുവിളിയാകുന്നു.



