Ongoing News
വീട്ടിലെ ബെഡ്റൂമിന് തീപിടിച്ചു
ടെലിവിഷന്‍ പ്ലഗ് പോയിന്റിലെ വയറിംഗ് ചൂടായി കത്തി സമീപത്തേക്ക് പടരുകയായിരുന്നു

പന്തളം | മുടിയൂര്‍കോണം വടക്കേ വള്ളിക്കുഴിയില്‍ ശ്രീധരന്റെ ഉടമസ്ഥതയില്‍ ഉള്ള വീടിന് തീ പിടിച്ചു. വീടിന്റെ മുന്‍വശത്ത് ഉള്ള ബെഡ്‌റൂമിനാണ് തീ പിടിച്ചത്.
മുറിയ്ക്കുള്ളില്‍ ഉണ്ടായിരുന്ന ടെലിവിഷന്‍, കട്ടില്‍, മെത്ത, അലമാര, വസ്ത്രങ്ങള്‍, വാതിലുകള്‍, ജനലുകള്‍ എന്നിവ പൂര്‍ണമായും കത്തി നശിച്ചു. കനത്ത ചൂടില്‍ വീടിന്റെ പ്ലാസ്‌ററിങ് പൊള്ളി അടരുകയും ഭിത്തികള്‍ക്ക് തകരാര്‍ സംഭവിക്കുകയും ചെയ്തു.
ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം ടെലിവിഷന്‍ പ്ലഗ് പോയിന്റിലെ വയറിംഗ് ചൂടായി കത്തി സമീപത്തേക്ക് പടരുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. സംഭവസമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല.
വിവരമറിഞ്ഞ് അടൂര്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെ സി റെജി കുമാര്‍, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ടി എസ് ഷാനവാസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ദിനൂപ്, സൂരജ്, ശരത്ത്, ശശി കുമാര്‍, വേണുഗോപാല്‍, അനില്‍ കുമാര്‍ എന്നിവര്‍ ആണ് അഗ്‌നിശമന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തത്. മാവേലിക്കര നിന്നുള്ള സംഘവും സ്ഥലത്ത് എത്തിയിരുന്നു.