Connect with us

Kerala

തരൂരിനെ കൂടെ നിര്‍ത്താന്‍ ബി ജെ പി കരുനീക്കം; ഉന്നത അന്താരാഷ്ട്ര പദവി വാഗ്ദാനം ചെയ്തതായി വിവരം

തരൂരിന് പാര്‍ട്ടി നല്‍കിയ പദവികള്‍ തിരിച്ചെടുക്കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമായി

Published

|

Last Updated

ന്യൂഡല്‍ഹി | വിദേശ രാജ്യങ്ങളുമായി ബന്ധപ്പെടാനുളള ഉന്നത പദവി നല്‍കി ശശി തരൂരിനെ കൂടെ നിര്‍ത്താന്‍ ബി ജെ പി കരുനീക്കുന്നു. പ്രധാനനമന്ത്രി നരേന്ദ്രമോദിതന്നെ ഇക്കാര്യം തരൂരമായി സംസാരിച്ചതായാണ് വിവരം. ഉന്നത അന്താരാഷ്ട്ര പദവി ലക്ഷ്യമിടുന്ന തരൂരിന്റെ നീക്കങ്ങള്‍ മണത്തറിഞ്ഞാണ് ബി ജെ പി കരുനീക്കുന്നത്. ഇതിലൂടെ കോണ്‍ഗ്രസ്സിന് ശക്തമായ ആഘാതം ഏല്‍പ്പിക്കുക എന്ന കരുനീക്കവുമുണ്ട്. ബി ജെ പിയില്‍ ചേരാന്‍ തരൂരുരിനു താല്‍പര്യമില്ലെന്നു മനസ്സിലാക്കിയാണ് അന്താരാഷ്ട്ര പദവികള്‍ വച്ചുള്ള കളിക്ക് ബി ജെ പി തയ്യാറാവുന്നത്.

തരൂരിന്റെ നീക്കത്തെക്കുറിച്ച് സൂചന ലഭിച്ച കോണ്‍ഗ്രസ്സിനുള്ളിലും തരൂരിനെതിരായ നീക്കം ശക്തമായിട്ടുണ്ട്. തരൂരിന് പാര്‍ട്ടി നല്‍കിയ പദവികള്‍ തിരിച്ചെടുക്കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമായി. വിദേശകാര്യ സ്റ്റാന്‍ഡിഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് തരൂരിനെ മാറ്റാന്‍ ആവശ്യപ്പെടണമെന്ന് എഐസിസി നേതൃത്വത്തോട് നേതാക്കള്‍ ആവശ്യപ്പെട്ടതായാണ് വിവരം. പ്രവര്‍ത്തക സമിതിയിലിരുന്ന് നിരന്തരം അച്ചടക്കം ലംഘിക്കുന്ന തരൂരിനെ ആ പദവിയില്‍ നിന്ന് പുറത്താക്കാനും സമ്മര്‍ദ്ദമുണ്ട്. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിക്ക് വേണ്ടി പണിയെടുപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് ഭൂരിപക്ഷ വികാരം. രണ്ടും കല്‍പിച്ചുള്ള ശശി തരൂരിന്റെ നീക്കത്തില്‍ അഭ്യൂഹങ്ങള്‍ ശക്തമാകുകയാണ്.

കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ഒരു ഓണററി പദവിയാണ് സ്വീകരിക്കുന്നതെങ്കില്‍ തരൂര്‍ എംപി സ്ഥാനം രാജി വയ്‌ക്കേണ്ടതില്ല. രാഷ്ട്രീയ പദവിയല്ലെങ്കില്‍ അയോഗ്യതയ്ക്കുള്ള മാനദണ്ഡം ബാധകമാകില്ല. ബി ജെ പി സര്‍ക്കാര്‍ നല്‍കുന്ന ഓണററി പദവി സ്വീകരിക്കാന്‍ കോണ്‍ഗ്രസ് തരൂരിന് അനുമതി നല്‍കാനിടയില്ല. തരൂരിന്റെ നീക്കങ്ങളെ ഏറെ ജാഗ്രതയോടെയാണ് കോണ്‍ഗ്രസ് വീക്ഷിക്കുന്നത്.

എന്നാല്‍ വിവാദങ്ങളോട് പ്രതികരിക്കാനില്ലെന്ന് വിദേശകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി യോഗത്തിന് പാര്‍ലമെന്റിലെത്തിയ തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച തിരിക്കുമെന്ന് തരൂര്‍ അറിയിച്ചു. ഗിനിയയിലാണ് ആദ്യ സന്ദര്‍ശനം. അവസാനം യു എസില്‍ എത്തും. അമേരിക്കയില്‍ എത്തുമ്പോള്‍ ഡോണള്‍ഡ് ട്രംപിനെ നേരിട്ട് കാണാനും തരൂര്‍ ശ്രമിക്കുന്നുണ്ട്.

പാര്‍ട്ടി നിശ്ചയിക്കുന്നവര്‍ പോയാല്‍ മതിയെന്ന നിലപാട് രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും തരൂരിനെ അറിയിച്ചിരുന്നതായാണ് വിവരം. വിദേശകാര്യ സ്റ്റാന്‍ഡിഗ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലക്കാണ് തനിക്കുള്ള ക്ഷണമെന്ന് തരൂര്‍ അറിയിച്ചെങ്കിലും നേതൃത്വം പരിഗണിച്ചില്ല. അതേ സമയം സംഘത്തിലേക്ക് നേതാക്കളെ നിര്‍ദ്ദേശിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ആവശ്യപ്പെട്ടിട്ടില്ലെന്നും യാത്രയെ കുറിച്ച് പാര്‍ട്ടികളെ അറിയിക്കുക മാത്രമാണ് ചെയ്തതെന്നും ഏകോപന ചുമതലയുള്ള മന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കി.

 

Latest