Connect with us

Ongoing News

മലപ്പുറം: ജില്ല പുന:ക്രമീകരണം സാധ്യമാക്കണം

കേരള മുസ്‌ലിം ജമാഅത്ത് ടേബിള്‍ ടോക്ക് നടത്തും

Published

|

Last Updated

മലപ്പുറം | മലപ്പുറം ജില്ല പുന:ക്രമീകരണം സാധ്യമാക്കണമെന്നാവശ്യപ്പെട്ട് കേരള മുസ്ലിം ജമാഅത്ത് ജില്ല കമ്മിറ്റി ടേബിള്‍ടോക്ക് നടത്തും. ഫെബ്രുവരി ഏഴിന് ശനിയാഴ്ച രാവിലെ പത്തു മണിക്ക് വാദി സലാം ഓഡി റ്റോറിയത്തിലാണ് പരിപാടി.

പഞ്ചായത്ത് രാജ് ആക്ട് പ്രകാരം ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും ജനസംഖ്യാടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, റവന്യൂ ഡിവിഷനുകള്‍, താലൂക്കുകള്‍, വില്ലേജുകള്‍ ജനസംഖ്യാനുപാതികമായി ക്രമീകരിക്കേണ്ടതുണ്ടെന്ന് നിയമം മൂലം ഉറപ്പ് വരുത്തിയിട്ടും കഴിഞ്ഞ 40 വര്‍ഷമായി കടുത്ത നീതി നിഷേധത്തിന്റെ പ്രതീകമായി നിലനില്‍ക്കുകയാണ് മലപ്പുറം. ഈയൊരു പശ്ചാത്തലത്തിലാണ് മനുഷ്യര്‍ക്കൊപ്പമെന്ന പ്രമേയത്തില്‍ കേരള മുസ്ലിം ജമാഅത്ത് നടത്തിയ കേരള യാത്രയിലും അതിന്റെ മുന്നോടിയായി നടന്ന ജില്ല സന്ദേശ യാത്രകളിലും ‘അനിവാര്യ വികസനം വികേന്ദ്രീകരണത്തിലൂടെ മാത്ര’മെന്ന തരത്തില്‍ ജില്ലയുടെ പുന:ക്രമീകരണം യാഥാര്‍ത്ഥ്യമാക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടത്.

1969-ല്‍ ജില്ല രൂപപ്പെടുമ്പോള്‍14 ലക്ഷമായിരുന്ന ജനസംഖ്യ 2011-ലെ സെന്‍സസ് പ്രകാരം 41,10,956 ആയി ഉയര്‍ന്നിട്ടുണ്ട്. 2026-ല്‍ ഇത് 50 ലക്ഷത്തിലധികമായിരിക്കുമെന്നതുറപ്പാണ്. സംസ്ഥാനത്തെ പത്തനംതിട്ട, ഇടുക്കി, വയനാട്, കാസര്‍ക്കോട് ജില്ലകളിലെ ആകെ ജനസംഖ്യയുടെ മുകളിലാണ് മലപ്പുറത്തെ ജനസംഖ്യ. ഈ കണക്ക് പ്രകാരം സര്‍ക്കാര്‍ വികസനപദ്ധതികളും കേന്ദ്ര സംസ്ഥാന പദ്ധതി ഫണ്ടും നാലിരട്ടിയായി കിട്ടേണ്ട മലപ്പുറത്തിന് കഴിഞ്ഞ നാല് പതിറ്റാണ്ടായി കേവലം നാമമാത്രമായ ഫണ്ടും പദ്ധതികളുമാണ് ലഭ്യമാക്കുന്നത് എന്നത് ഞെട്ടിക്കുന്നതും അനീതി നിറഞ്ഞതുമാണ്. കോവിഡ് കാലത്തെ പ്രതിരോധ വാക്‌സിന്‍ വിതരണം ഇതിന്റെ തിക്താനുഭവമായി ഇന്നും നിലനില്‍ക്കുന്നു. ഇയൊരു ദുരവസ്ഥയ്ക്ക് പരിഹാരമായി മനുഷ്യര്‍ക്കൊപ്പം ചേര്‍ന്ന് അടിയന്തിരമായി ജില്ല പുന:ക്രമീകരണം സാധ്യമാക്കണമെന്ന ആവശ്യവുമായി ക്യാമ്പയിന്‍ നടത്തുകയാണ് കേരള മുസ് ലിം ജമാഅത്ത് ജില്ല കമ്മിറ്റി.

റവന്യൂ അടിസ്ഥാനത്തില്‍ പൗരന്‍മാര്‍ക്ക് സ്വാഭാവിക നീതിയുറപ്പിക്കാന്‍ കാലങ്ങളായി ചെയ്തു വരുന്നതും ഇപ്പോള്‍ നിശ്ചലമായതുമായ ജില്ല പുന:ക്രമീകരണത്തിന്റെ ആവശ്യകത ജില്ലയിലെ 1240 യൂണിറ്റുകളിലും നടന്ന കൗണ്‍സിലുകളില്‍ വിശദമായ ചര്‍ച്ചയും ബോധവല്‍ക്കരണവും നടത്തി. ഇതോടൊപ്പം പുന:സംഘടിപ്പിക്കപ്പെട്ട പുതിയ യൂണിറ്റി ഭാരവാഹികളുടെ നേത്യത്വത്തില്‍ ഇക്കാര്യമുന്നയിച്ച് മുഖ്യമന്ത്രി ,പ്രതിപക്ഷ നേതാവ്. റവന്യൂ മന്ത്രി എന്നിവര്‍ക്ക് കത്തും മെയില്‍ സന്ദേശമയക്കുകയുമാണ് ഒന്നാം ഘട്ടമായി ചെയ്തു വരുന്നത്. ജില്ലയിലെ 16 എം എല്‍ എമാര്‍ക്കും 23സോണ്‍ കമ്മിറ്റി കളുടെ നേതൃത്വത്തില്‍ വിശദമായ ചര്‍ച്ചയും നിവേദനവും നല്‍കി.

ജില്ലയിലെ മുഴുവന്‍ ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷന്‍മാര്‍ക്കും ഇത് സംബന്ധമായ വിവരം സര്‍ക്കിള്‍, സോണ്‍ കമ്മിറ്റികള്‍ നേരിട്ട് നല്‍കി ക്യാമ്പയിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി. ജില്ല കമ്മിറ്റിയുടെ കീഴില്‍ ജില്ല കലക്ടര്‍, പ്ലാനിംഗ് ബോര്‍ഡിനും പുറമെ ജില്ലയിലെ മുഴുവന്‍ രാഷ്ട്രീയ കക്ഷി നേതാക്കള്‍ക്കും ക്യാമ്പയിന്‍ ഉള്ളടക്കം സമര്‍പ്പിച്ചു. ഇതിന്റെ തുടര്‍ച്ചയായാണ്. ശനിയാഴ്ച ജില്ലാ ആസ്ഥാനത്ത് പ്രമുഖരെ പങ്കെടുപ്പിച്ച് വിപുലമായ ടേബിള്‍ ടോക്ക് നടത്തുന്നത്. സംസ്ഥാന സെക്രട്ടറി സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി തങ്ങള്‍ ഉദ്ഘാനം ചെയ്യും. വിവിധ രാഷ്ട്രീയ, സാമൂഹ്യ, മാധ്യമ രംഗത്തെ പ്രമുഖര്‍ ചര്‍ച്ചയില്‍ ഇടപെടും. ജില്ല പ്രസിഡന്റ് കുറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി അധ്യക്ഷത വഹിക്കും. സയ്യിദ് കെ കെ എസ് തങ്ങള്‍ ഫൈസി, വടശ്ശേരി ഹസന്‍ മുസ്ലിയാര്‍, കെ പി ജമാല്‍ കരുളായി, അലിയാര്‍ കക്കാട്, കുഞ്ഞു കുണ്ടിലങ്ങാടി എ പിബശീര്‍ ചെല്ലക്കൊടി, വാരിയത്ത് മുഹമ്മദലി നേതൃത്വം നല്‍കും.

 

 

---- facebook comment plugin here -----