Connect with us

Siraj Article

ഗവര്‍ണര്‍ അസ്വസ്ഥനാണ്‌

ജാമിഅ മില്ലിയ്യയില്‍ ദീര്‍ഘകാലം സേവനം അനുഷ്ഠിച്ച, അറിയപ്പെടുന്ന ചരിത്ര ഗവേഷകനാണ് പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍. ഐ സി എച്ച് ആറിന്റെ ഹിസ്റ്റോറിക്കല്‍ റിവ്യൂവിന്റെ പത്രാധിപ സമിതിയിലേക്ക് ഇര്‍ഫാന്‍ ഹബീബിനും റൊമിലാ ഥാപ്പറിനുമൊപ്പം നിയോഗിക്കപ്പെട്ടയാള്‍. പിന്നീട് മോദി സര്‍ക്കാര്‍ അധികാരത്തിലേറി, ഐ സി എച്ച് ആറിന്റെ തലപ്പത്ത് സംഘ്പരിവാര്‍ ബുദ്ധിജീവിയെ നിയോഗിച്ചപ്പോള്‍, പത്രാധിപ സമിതിയില്‍ നിന്ന് ഇര്‍ഫാന്‍ ഹബീബിനെയും റൊമില ഥാപ്പറിനെയും ഒഴിവാക്കാന്‍ തീരുമാനമായി. അതില്‍ പ്രതിഷേധിച്ച് രാജിവെച്ച് ഇറങ്ങാന്‍ മാത്രം മതനിരപേക്ഷ ചരിത്ര നിര്‍മിതിയോട് പ്രതിജ്ഞാബദ്ധതയുള്ള വ്യക്തി. അത്തരമൊരാള്‍, കേരളത്തിലെ ഒരു സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ സ്ഥാനത്ത് പുനര്‍ നിയമിതനാകുന്നതില്‍ എന്തെങ്കിലും അപാകം പറയാനില്ല

Published

|

Last Updated

ക്കാദമിക് മികവിന്റെ കേന്ദ്രങ്ങളാകേണ്ട സര്‍വകലാശാലകള്‍ കക്ഷിരാഷ്ട്രീയത്തിന്റെയും സ്വജനപക്ഷപാതിത്വത്തിന്റെയുമൊക്കെ കേന്ദ്രങ്ങളായി മാറുന്ന കാഴ്ച പുതുമയുള്ളതല്ല. വൈസ് ചാന്‍സലര്‍ നിയമനങ്ങളിലും അധ്യാപക നിയമനങ്ങളിലുമൊക്കെ ഒളിഞ്ഞും തെളിഞ്ഞും അതുണ്ട്. കേന്ദ്രാധികാരം ബി ജെ പി കൈയാളിയതിന് ശേഷം, കേന്ദ്ര സര്‍വകലാശാലകളിലും ഇതര അക്കാദമിക് സ്ഥാപനങ്ങളിലുമൊക്കെ സംഘ്പരിവാര്‍ അനുകൂലികളെ മറയില്ലാതെ തിരുകിക്കയറ്റുകയും പാഠ്യപദ്ധതിയെ സംഘ് അനുകൂലമാക്കി മാറ്റുകയും ചെയ്യുന്നതാണ് സ്ഥിതി. ബി ജെ പി ഭരണത്തിലുള്ള സംസ്ഥാനങ്ങളിലും സ്ഥിതി ഭിന്നമല്ല. കേരളത്തെ സംബന്ധിച്ച് അത്തരം വക്രീകരിക്കലുകളുണ്ടാകുന്നില്ല എന്നത് ആശ്വാസമാണ്. എങ്കിലും കക്ഷിരാഷ്ട്രീയത്തിന്റെ സ്വാധീനം, പഠന – ഗവേഷണ പ്രക്രിയയുടെ നിലവാരമുയര്‍ത്തലിനെ തടയും വിധത്തിലുണ്ട്. ഭരിക്കുന്ന മുന്നണിയിലെ ഘടകകക്ഷികള്‍ക്ക് വൈസ് ചാന്‍സലര്‍ പദവി വീതിച്ച് നല്‍കുന്ന സ്ഥിതിയാണ് പലപ്പോഴുമുണ്ടാകുക. വിവിധ ബോര്‍ഡ് – കോര്‍പറേഷനുകളുടെ നേതൃപദവി വീതം വെക്കുന്നത് പോലെ. അങ്ങനെ നിയോഗിക്കപ്പെടുന്ന സര്‍വകലാശാലാ മേധാവിമാര്‍, തങ്ങളെ നിയോഗിച്ചവരുടെ ഇംഗിതങ്ങള്‍ നടപ്പാക്കിക്കൊടുക്കാന്‍ പാകത്തില്‍ പ്രവര്‍ത്തിക്കുക സ്വാഭാവികമാണ്. അങ്ങനെയാണ് അധ്യാപക – അധ്യാപകേതര നിയമനങ്ങളിലൊക്കെ സ്വജനപക്ഷപാതിത്വമുണ്ടാകുന്നത്. വരാനിരിക്കുന്ന ഒഴിവിലേക്ക് നിയമിക്കപ്പെടേണ്ടയാളെ നേരത്തേ നിശ്ചയിച്ച്, അവരെ തന്നെ തിരഞ്ഞെടുക്കാന്‍ പാകത്തില്‍ നിയമന പ്രക്രിയ ക്രമീകരിക്കപ്പെടും. അധ്യാപക നിയമനത്തില്‍, ചുരുക്കപ്പട്ടികയില്‍ നിന്നുള്ള തിരഞ്ഞെടുപ്പില്‍ അഭിമുഖ പരീക്ഷയുടെ മാര്‍ക്ക് മാത്രം പരിഗണിച്ചാല്‍ മതിയെന്ന യു ജി സിയുടെ പുതിയ നിബന്ധന, സ്വജനങ്ങളെ നിയമിക്കുന്നതിന് വലിയ സഹായം ചെയ്യുന്നുമുണ്ട്. എല്ലാറ്റിലുമെന്ന പോലെ ഇത് ആസൂത്രിതവും സമര്‍ഥവുമായി ചെയ്യുന്നത് ഇടത് മുന്നണി അധികാരത്തിലിരിക്കെ, ആ മുന്നണിയിലെ പാര്‍ട്ടികള്‍ തന്നെ. കോടതിയില്‍ ചോദ്യംചെയ്യപ്പെട്ടാലും ഫലം തിരുത്തപ്പെടാത്ത വിധത്തില്‍ കാര്യങ്ങള്‍ ചിട്ടയോടെ ചെയ്യാന്‍ അവര്‍ക്കുള്ള കൈയടക്കം പലപ്പോഴും മറ്റുള്ളവര്‍ക്കുണ്ടാകാറില്ല.

സംഗതികള്‍ ഇവ്വിധമാണെങ്കിലും കേരളത്തിലെ സര്‍വകലാശാലകള്‍, സമാന നിലവാരമുള്ള ഇതര സംസ്ഥാനങ്ങളിലുള്ളവയുമായി താരതമ്യം ചെയ്യുമ്പോള്‍ നിലവാരത്തില്‍ മെച്ചമാണെന്ന് പറയാതെ വയ്യ. അങ്ങനെ അവയെ നിലനിര്‍ത്തുന്നതില്‍ മേല്‍പ്പറഞ്ഞ വീതം വെക്കലുകളുടെ ഭാഗമായി സര്‍വകലാശാലകളുടെ തലപ്പത്തേക്ക് നിയോഗിക്കപ്പെട്ടവരുടെ സംഭാവനകളുണ്ട് താനും. 1992ല്‍ കേരള സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി നിയമിതനായ ഡോ. ജെ വി വിളനിലത്തിന്റെ ഡോക്ടറേറ്റിനെച്ചൊല്ലി തര്‍ക്കമുണ്ടായി. ഡോക്ടറേറ്റ് വ്യാജമാണെന്ന് ആരോപിച്ച് വലിയ പ്രക്ഷോഭമാണ് ഇടതു പക്ഷവും അതിന്റെ വിദ്യാര്‍ഥി സംഘടനകളും നടത്തിയത്. തീര്‍ത്തും കലുഷിതമായ ആ കാലത്താണ് രാജ്യത്താദ്യമായി ഒരു സര്‍വകലാശാലയില്‍ ക്രഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സിസ്റ്റം കൊണ്ടുവരുന്നത്. കേരള സര്‍വകലാശാലയില്‍ അത് നടപ്പാക്കിയത് ജെ വി വിളനിലമായിരുന്നു. പിന്നീട് വിവിധ സര്‍വകലാശാലകള്‍ ഈ സിസ്റ്റത്തിലേക്ക് മാറുന്ന കാഴ്ച രാജ്യം കണ്ടു. അങ്ങനെ പലത് ചൂണ്ടിക്കാട്ടാനാകും, കേരളത്തിലെ സര്‍വകലാശാലകളെക്കുറിച്ച്.
സര്‍വകലാശാലകളിലെ അസഹ്യമായ രാഷ്ട്രീയവത്കരണത്തില്‍ മനംനൊന്ത് ചാന്‍സലര്‍ പദവിയൊഴിഞ്ഞ് പ്രതിഷേധിക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സന്നദ്ധത അറിയിച്ചതിനെ ഈ സാഹചര്യത്തില്‍ വേണം വിലയിരുത്താന്‍. കണ്ണൂര്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ പദവിയില്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന് പുനര്‍ നിയമനം നല്‍കിയതും കാലടി സംസ്‌കൃത സര്‍വകലാശാലയുടെ വൈസ് ചാന്‍സലറെ നിശ്ചയിക്കുന്നതിന് നിയോഗിക്കപ്പെട്ട മൂന്നംഗ തിരയല്‍ കമ്മിറ്റി, ഒരാളുടെ പേര് മാത്രം ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചതുമാണ് ആരിഫ് മുഹമ്മദ് ഖാന്റെ പൊടുന്നനെയുള്ള പ്രകോപനത്തിന് കാരണം. പിന്നെ വിവിധ സര്‍വകലാശാലകളിലെ അധ്യാപക നിയമനങ്ങളെക്കുറിച്ച്, നിയമനത്തിന് മുമ്പും പിമ്പുമുയര്‍ന്ന പരാതികളും.

സംസ്ഥാനത്ത് ആദ്യമായാണ് ഒരു വൈസ് ചാന്‍സലര്‍ക്ക് പുനര്‍ നിയമനം നല്‍കുന്നത്. പുതിയ വി സിയെ കണ്ടെത്താന്‍ തിരയല്‍ കമ്മിറ്റിയെ നിശ്ചയിച്ചതിന് ശേഷം, ആ കമ്മിറ്റിയെ പിരിച്ചുവിട്ട് പ്രൊഫ. ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നിയമിക്കാന്‍ സര്‍ക്കാര്‍ ശിപാര്‍ശ ചെയ്തു. അത് അംഗീകരിച്ച് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു. ജാമിഅ മില്ലിയ്യ സര്‍വകലാശാലയില്‍ ദീര്‍ഘകാലം സേവനം അനുഷ്ഠിച്ച, രാജ്യത്ത് അറിയപ്പെടുന്ന ചരിത്ര ഗവേഷകനാണ് പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍. ഐ സി എച്ച് ആറിന്റെ ഹിസ്റ്റോറിക്കല്‍ റിവ്യൂവിന്റെ പത്രാധിപ സമിതിയിലേക്ക് ഇര്‍ഫാന്‍ ഹബീബിനും റൊമിലാ ഥാപ്പറിനുമൊപ്പം നിയോഗിക്കപ്പെട്ടയാള്‍. അവിടേക്ക് നിയോഗിച്ചത് കേന്ദ്രത്തില്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാര്‍ അധികാരത്തിലിരിക്കെയാണ്. പിന്നീട് നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറി, ഐ സി എച്ച് ആറിന്റെ തലപ്പത്ത് സംഘ്പരിവാര്‍ ബുദ്ധിജീവിയെ നിയോഗിച്ചപ്പോള്‍, പത്രാധിപ സമിതിയില്‍ നിന്ന് ഇര്‍ഫാന്‍ ഹബീബിനെയും റൊമില ഥാപ്പറിനെയും ഒഴിവാക്കാന്‍ തീരുമാനമായി. അതില്‍ പ്രതിഷേധിച്ച് രാജിവെച്ച് ഇറങ്ങാന്‍ മാത്രം മതനിരപേക്ഷ ചരിത്ര നിര്‍മിതിയോട് പ്രതിജ്ഞാബദ്ധതയുള്ള വ്യക്തി. അത്തരമൊരാള്‍, കേരളത്തിലെ ഒരു സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ സ്ഥാനത്ത് പുനര്‍ നിയമിതനാകുന്നതില്‍ എന്തെങ്കിലും അപാകം പറയാനില്ല. പ്രായം അറുപത് കഴിഞ്ഞുവെന്ന സാങ്കേതികത്വം, കണ്ണൂര്‍ സര്‍വകലാശാല നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം അയോഗ്യതയായി പരിഗണിക്കേണ്ടതുമില്ല. പ്രായം അറുപത് കഴിഞ്ഞത് അയോഗ്യതയാകുമോ എന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ സംശയത്തിന് അഡ്വക്കറ്റ് ജനറല്‍ നല്‍കിയ വിശദീകരണം ഗവര്‍ണര്‍ക്കുള്ള ശിപാര്‍ശക്കൊപ്പം ചേര്‍ത്തത്, തന്നെ സമ്മര്‍ദത്തിലാക്കാനാണെന്ന ആരിഫ് മുഹമ്മദ് ഖാന്റെ വാദം അത്രത്തോളം വിശ്വാസ്യവുമല്ല.

കാലടി സര്‍വകലാശാലയുടെ കാര്യത്തില്‍ അര്‍ഹരായ മൂന്ന് പേരുടെ പട്ടികയില്‍ നിന്ന് ഒരാളുടെ പേര് തിരഞ്ഞെടുത്ത് നല്‍കാന്‍ തിരയല്‍ കമ്മിറ്റിയോട് ഗവര്‍ണര്‍ തന്നെ ആവശ്യപ്പെട്ടുവെന്നാണ് ഒരു വാദം. താനങ്ങനെ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗവര്‍ണറും പറയുന്നു. ഇതില്‍ വ്യക്തത വരേണ്ടതുണ്ട്. തിരയല്‍ കമ്മിറ്റി ഒരാളുടെ പേര് മാത്രം സമര്‍പ്പിച്ചുവെങ്കില്‍, അത് പറ്റില്ലെന്ന് പറയാനുള്ള സ്വാതന്ത്ര്യവും അധികാരവും ഗവര്‍ണര്‍ക്കുണ്ട്. അതിന് പകരം സര്‍വകലാശാലകളാകെ അടിമുടി രാഷ്ട്രീയവത്കരിക്കപ്പെട്ടുവെന്ന ആരോപണമുന്നയിച്ച്, ചാന്‍സലര്‍ പദവി മുഖ്യമന്ത്രി ഏറ്റെടുക്കട്ടെ എന്നൊക്കെ പറയുമ്പോള്‍ അതിന്റെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെടുക സ്വാഭാവികം.

വി സിയെ തിരയാനുള്ള കമ്മിറ്റിയിലെ ഗവര്‍ണറുടെ നോമിനിയെ സര്‍ക്കാര്‍ നിര്‍ദേശിക്കുന്നതാണ് കീഴ്‌വഴക്കമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞുവെന്നതാണ് ഗവര്‍ണറുടെ മറ്റൊരു പരാതി. ഗവര്‍ണറെന്നാല്‍ സാങ്കേതികമായി സര്‍ക്കാറിന്റെ അധിപനാണ്. അദ്ദേഹം പ്രവര്‍ത്തിക്കേണ്ടത് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിന്റെ ഉപദേശമനുസരിച്ചുമാണ്. ആ നിലക്ക് ഗവര്‍ണറുടെ പ്രതിനിധി ആരാകണമെന്ന് ശിപാര്‍ശ ചെയ്യാനുള്ള അധികാരം സര്‍ക്കാര്‍ അവകാശപ്പെടുന്നതില്‍ തെറ്റില്ല. ഇല്ലെങ്കില്‍ ഇപ്പോഴത്തെ കാലാവസ്ഥയില്‍ യു ജി സി നിര്‍ദേശിക്കുന്ന നോമിനിയും ഗവര്‍ണര്‍ നിര്‍ദേശിക്കുന്ന നോമിനിയും ചേര്‍ന്ന് സംഘ്പരിവാര്‍ ബുദ്ധിജീവികളെയാരെയെങ്കിലും വൈസ് ചാന്‍സലര്‍ സ്ഥാനത്ത് അവരോധിക്കാനുള്ള സാധ്യത ഏറെയാണ്. കാലടി സംസ്‌കൃത സര്‍വകലാശാലയാകയാല്‍ അവിടേക്ക് സംഘ്പരിവാറുകാരനെ നിയമിക്കണമെന്ന ആഗ്രഹം ബി ജെ പിക്കുണ്ടാകണം. അതിന് വഴിയൊരുങ്ങാത്തതിലെ അതൃപ്തിയാകണം ആരിഫ് മുഹമ്മദ് ഖാന്‍ ഇപ്പോള്‍ പ്രകടിപ്പിക്കുന്നത്. നേരത്തേ കോഴിക്കോട് സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ നിയമനത്തിന് തിരയല്‍ കമ്മിറ്റി നല്‍കിയ പട്ടിക രണ്ട് മാസം വൈകിപ്പിച്ച്, സര്‍വഥാ യോഗ്യനായ ഒരാളെ പ്രായപരിധി കടത്തി, അയോഗ്യനാക്കുന്നതിന് മടി കാണിച്ചിട്ടില്ല ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പൗരത്വ നിയമ ഭേദഗതിയിലും കര്‍ഷക നിയമങ്ങളിലും കേരള നിയമസഭ പ്രമേയം പാസ്സാക്കിയപ്പോള്‍ തികഞ്ഞ രാഷ്ട്രീയക്കാരനായി എതിര്‍പ്പ് പ്രകടിപ്പിച്ച ആരിഫ് മുഹമ്മദ് ഖാന്‍, ഇപ്പോഴുയര്‍ത്തുന്ന എതിര്‍പ്പിന്റെ ആധാരവും ബി ജെ പി രാഷ്ട്രീയത്തിന്റെ തുടര്‍ച്ച തന്നെയാകണം. എന്നിട്ടും ആരിഫ് മുഹമ്മദ് ഖാനെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രിയും സര്‍ക്കാറും ശ്രമിക്കുകയാണ്. ആരിഫ് മുഹമ്മദ് ഖാന് പകരം ആ കസേരയിലേക്ക് ഇനി വരിക, ലക്ഷണമൊത്ത സംഘ്പരിവാറുകാരനായിരിക്കുമെന്ന തിരിച്ചറിവാകണം ഏറ്റുമുട്ടലിന്റെ പാതയൊഴിവാക്കാന്‍ സര്‍ക്കാറിനെ പ്രേരിപ്പിക്കുന്നത്.

Latest