Connect with us

Articles

ലക്ഷ്യം വര്‍ഗീയമായ ഏകീകരണം

വിവിധ വിഭാഗങ്ങളുടെ എതിര്‍പ്പ് നിലനില്‍ക്കുന്നുണ്ടെങ്കിലും പ്രധാന ന്യൂനപക്ഷ വിഭാഗത്തിന്റെ എതിര്‍പ്പിനെ രാജ്യ വിരുദ്ധമായി ചിത്രീകരിക്കാനും ആ വിഭാഗത്തെ കൂടുതല്‍ അന്യവത്കരിക്കാനുമാകും ഏകീകൃത സിവില്‍ കോഡിനുള്ള ശ്രമത്തെ ബി ജെ പിയും സംഘ്പരിവാരവും ഉപയോഗിക്കുക. നിര്‍മിക്കാനുദ്ദേശിക്കുന്ന നിയമവും അത്തരം അന്യവത്കരണം ലക്ഷ്യമിട്ടുള്ളതാകുമെന്നതിന് അനുഭവം സാക്ഷിയാണ്.

Published

|

Last Updated

ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് ഈ വര്‍ഷവും അടുത്ത വര്‍ഷവുമായി തിരഞ്ഞെടുപ്പ് നടക്കും. അതുകഴിഞ്ഞ് 2024 പുലര്‍ന്നാല്‍ പൊതു തിരഞ്ഞെടുപ്പിനുള്ള കേളികൊട്ടുമാകും. ആ തിരഞ്ഞെടുപ്പുകളിലെ വിജയത്തിന് വഴിയൊരുക്കും വിധത്തില്‍ ഇപ്പോഴുള്ള ധ്രുവീകരണം നിലനിര്‍ത്തുകയോ കൂടുതല്‍ വ്യാപ്തിയുള്ളതാക്കുകയോ വേണം. അതിനുള്ള വഴിയെന്ന ഹ്രസ്വലക്ഷ്യവും 2025ല്‍ രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ 100ാം വാര്‍ഷികം ‘ആഘോഷിക്കു’മ്പോള്‍ ഹിന്ദു രാഷ്ട്ര പ്രഖ്യാപനത്തിന്റെ നാള്‍വഴി പ്രഖ്യാപനമെന്ന ദീര്‍ഘ ലക്ഷ്യവുമാകണം ഏകീകൃത സിവില്‍ കോഡിന് വേണ്ടിയുള്ള ബി ജെ പിയുടെ ശ്രമം. ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന് അവതരിപ്പിച്ച പ്രകടനപത്രികയില്‍, അധികാരത്തിലെത്തിയാല്‍ ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരുമെന്ന വാഗ്ദാനമുണ്ടായിരുന്നു. അധികാരത്തില്‍ തിരിച്ചെത്തി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആ വാഗ്ദാനം നടപ്പാക്കാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുന്നു മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിനുള്ള ബില്ലിന്റെ കരടിന് രൂപം നല്‍കാന്‍ സബ് കമ്മിറ്റി രൂപവത്കരിച്ചു കഴിഞ്ഞു അദ്ദേഹം. തൊട്ടുപിറകെ, ഉത്തര്‍ പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് ചന്ദ്ര മൗര്യയുടെ പ്രസ്താവന വന്നു, ഇവിടെയും ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന്. വൈകാതെ ബി ജെ പി ഭരിക്കുന്ന ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇത്തരം പ്രഖ്യാപനങ്ങള്‍ വരുമെന്ന് കരുതണം.

‘ലവ് ജിഹാദെ’ന്ന വ്യാജം പ്രചരിപ്പിച്ച്, അങ്ങനെയൊന്ന് നടക്കുന്നുണ്ടെന്ന ധാരണ സൃഷ്ടിച്ചെടുത്ത്, അത് തടയാന്‍ ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നിയമം കൊണ്ടുവന്നത് നമ്മുടെ മുന്നിലുണ്ട്. ഈ മാതൃക ഏക സിവില്‍ കോഡിന്റെ കാര്യത്തില്‍ സ്വീകരിക്കുകയാണ് ഉദ്ദേശ്യം. ഭൂരിഭാഗം സംസ്ഥാനങ്ങളും (ബി ജെ പിയാണല്ലോ ഭരണത്തില്‍) നിയമം കൊണ്ടുവന്ന സാഹചര്യത്തില്‍, അതിന് തയ്യാറാകാത്ത പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ സമ്മര്‍ദത്തിലാക്കാം. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നിയമം കൊണ്ടുവരാത്തത്, ന്യൂനപക്ഷ പ്രീണനം ലക്ഷ്യമിട്ടാണെന്ന് പ്രചരിപ്പിച്ച്, അവിടങ്ങളിലെ വര്‍ഗീയ ധ്രുവീകരണത്തിന് ആക്കം കൂട്ടി അധികാരം പിടിക്കാനോ രാഷ്ട്രീയ സ്വാധീനം കൂട്ടാനോ ശ്രമിക്കാം. നിയമം കൊണ്ടുവന്ന സംസ്ഥാനങ്ങളില്‍, ന്യൂനപക്ഷങ്ങളെ വരുതിയില്‍ നിര്‍ത്തിയെന്ന് അവകാശപ്പെടുകയും ഭൂരിപക്ഷ സമുദായത്തിന് വഴങ്ങി ജീവിക്കേണ്ടവരാണ് അവരെന്ന് ബോധ്യപ്പെടുത്തിയെന്ന് പ്രചരിപ്പിക്കുകയും ചെയ്ത് വര്‍ഗീയമായ ഏകീകരണം ഉറപ്പാക്കാം.

ഭൂരിപക്ഷം സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും അധികാരം, ഏതളവിലുള്ള പ്രൊപ്പഗാന്‍ഡയും നിഷ്പ്രയാസം നടത്താന്‍ പാകത്തിലുള്ള സമ്പത്ത്, നട്ടാല്‍ മുളയ്ക്കാത്ത നുണകളെ വര്‍ഗീയതയുടെ വെള്ളവും വളവും ചേര്‍ത്ത് വളര്‍ത്തിയെടുക്കാന്‍ പാകത്തിലുള്ള സംഘടനാ സംവിധാനം – ഇതൊക്കെയുള്ള സംഘ്പരിവാരത്തെ ചെറുക്കാനുള്ള വഴികാണാതെയുഴറുന്ന പ്രതിപക്ഷത്തിന്, രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഊട്ടിയുറപ്പിക്കാനാണ്, ഭരണഘടന നിഷ്‌കര്‍ഷിക്കും വിധത്തില്‍ ഏക സിവില്‍ കോഡ് നടപ്പാക്കുന്നത് എന്ന പ്രചണ്ഡമായ പ്രചാരണത്തെ ചെറുക്കുക എളുപ്പമാകില്ല. ഏക സിവില്‍ കോഡ് നടപ്പാക്കണമെന്നത് ഭരണഘടനയുടെ മാര്‍ഗനിര്‍ദേശക തത്വങ്ങളില്‍ പറയുന്നതാണെന്നും നിര്‍ബന്ധമായി നടപ്പാക്കേണ്ടതായി ഭരണഘടന നിര്‍ദേശിച്ച ഇനമല്ല ഇതെന്നും ജനത്തെ ബോധ്യപ്പെടുത്താന്‍ അവര്‍ ശ്രമിച്ചാലും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഊട്ടിയുറപ്പിക്കാനുള്ള മാര്‍ഗങ്ങളിലൊന്ന് എന്ന പ്രൊപ്പഗാന്‍ഡ, അവരെ പ്രതിരോധത്തിലാക്കാന്‍ മാത്രം കരുത്തുള്ളതാണ്.

ഏക സിവില്‍ കോഡ് എന്ന ചര്‍ച്ചക്ക് ദശകങ്ങളുടെ പഴക്കമുണ്ട്. രാജ്യത്തെ കോളനിയാക്കിയ ബ്രിട്ടീഷുകാര്‍, ക്രിമിനല്‍ നിയമങ്ങള്‍ ഏകീകരിച്ച കാലത്ത് തന്നെ സിവില്‍ നിയമങ്ങളുടെ ഏകീകരണമെന്ന ആവശ്യമുണ്ടായിരുന്നു. എന്നാല്‍ വിവിധ വിഭാഗങ്ങളുടെ സിവില്‍ വ്യവഹാരങ്ങളെ (വിവാഹം, വിവാഹ മോചനം, അനന്തരാവകാശം തുടങ്ങിയവയെ സംബന്ധിച്ച) ആ വിഭാഗങ്ങളുടെ വിശ്വാസവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന നിയമങ്ങള്‍ തന്നെ ഭരിക്കട്ടെ എന്നാണ് അന്ന് നിശ്ചയിച്ചത്. രാജ്യം സ്വതന്ത്രമാകുകയും സ്വന്തമായൊരു ഭരണഘടന രൂപവത്കരിക്കാന്‍ ശ്രമം തുടങ്ങുകയും ചെയ്തപ്പോഴും സിവില്‍ നിയമങ്ങളുടെ ഏകീകരണം സംബന്ധിച്ച സംവാദമുണ്ടായി. ഭരണഘടനാ നിര്‍മാണ സഭയില്‍ മുഖ്യമായും എതിര്‍പ്പുന്നയിച്ചത്, മുഹമ്മദ് ഇസ്മാഈല്‍ സാഹിബും പോക്കര്‍ സാഹിബും അടക്കമുള്ള മുസ്ലിം നേതാക്കളായിരുന്നു. അതുകൊണ്ടുതന്നെ സിവില്‍ നിയമങ്ങളുടെ ഏകീകരണമെന്നത് മുസ്ലിംകളെ മാത്രം ബാധിക്കുന്ന ഒന്നാണെന്ന പ്രതീതി ജനിപ്പിക്കപ്പെട്ടു. അല്ലെങ്കില്‍ ഏകീകരണമെന്ന പുരോഗമന ആശയത്തെ എതിര്‍ക്കുന്നത് മുസ്ലിംകളാണെന്നും നിലനില്‍ക്കുന്ന വ്യക്തിനിയമം ആ വിഭാഗത്തിന് സവിശേഷമായ ചില ആനുകൂല്യങ്ങള്‍ പ്രദാനം ചെയ്യുന്നുണ്ടെന്നും അതുകൊണ്ടാണ് രാജ്യത്ത് പൊതുവായി ഉണ്ടാകേണ്ട വ്യവസ്ഥകളെ അവര്‍ എതിര്‍ക്കുന്നത് എന്നുമുള്ള പ്രചാരണത്തിന് അരങ്ങൊരുങ്ങുകയും തീവ്ര ഹിന്ദുത്വം അത് വിട്ടുവീഴ്ച കൂടാതെ പ്രചരിപ്പിക്കുകയും ചെയ്തു. ക്രിസ്ത്യന്‍, പാഴ്സി, ജൂത വിഭാഗങ്ങള്‍ക്ക് അവരുടേതായ വ്യക്തിനിയമങ്ങളുണ്ടെന്നതും അത് നിലനില്‍ക്കണമെന്നതാണ് ആ വിഭാഗങ്ങളുടെ താത്പര്യമെന്നതും ഈ പ്രചാരണത്തില്‍ ഏതാണ്ട് അപ്രസക്തമായി.

ഈ മത വിഭാഗങ്ങള്‍ മാത്രമല്ല, ഹിന്ദു മതത്തിന്റെ ഭാഗമാണെന്ന് സംഘ്പരിവാരം പ്രചരിപ്പിക്കുന്ന ജനസംഖ്യയില്‍ ഏതാണ്ട് പന്ത്രണ്ട് കോടി വരുന്ന ആദിവാസികളും ഏക സിവില്‍ കോഡ് നടപ്പാക്കുന്നത്, തങ്ങളുടെ ആചാര – മര്യാദകളുടെ തുടര്‍ച്ചക്ക് വിഘാതമാകുമെന്ന നിലപാടുകാരാണ്. ഇത് ചൂണ്ടിക്കാട്ടി അവരെ പ്രതിനിധാനം ചെയ്യുന്ന വിവിധ സംഘടനകള്‍ കോടതികളെ സമീപിച്ചിട്ടുമുണ്ട്. ഇവ്വിധത്തില്‍ വിവിധ വിഭാഗങ്ങളുടെ എതിര്‍പ്പ് നിലനില്‍ക്കുന്നുണ്ടെങ്കിലും പ്രധാന ന്യൂനപക്ഷ വിഭാഗത്തിന്റെ എതിര്‍പ്പിനെ രാജ്യ വിരുദ്ധമായി ചിത്രീകരിക്കാനും ആ വിഭാഗത്തെ കൂടുതല്‍ അന്യവത്കരിക്കാനുമാകും ഏകീകൃത സിവില്‍ കോഡിനുള്ള ശ്രമത്തെ ബി ജെ പിയും സംഘ്പരിവാരവും ഉപയോഗിക്കുക. നിര്‍മിക്കാനുദ്ദേശിക്കുന്ന നിയമവും അത്തരം അന്യവത്കരണം ലക്ഷ്യമിട്ടുള്ളതാകുമെന്നതിന് അനുഭവം സാക്ഷിയാണ്. ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്തെ രാമക്ഷേത്ര നിര്‍മാണം, പൗരത്വ നിയമ ഭേദഗതി, ദേശീയ പൗരത്വപ്പട്ടികാ നിര്‍മാണത്തിനുള്ള തറക്കല്ലിടല്‍, പ്രത്യേക പദവി എടുത്തുകളഞ്ഞ് ജമ്മു കശ്മീരിനെ വിഭജിക്കല്‍ ഇവയൊക്കെ കഴിഞ്ഞതോടെ തീവ്ര ഹിന്ദുത്വ അജന്‍ഡയിലെ അടുത്ത ഇനത്തിന്റെ നടപ്പാക്കലിലേക്ക് കടക്കുകയാണ് സംഘ്പരിവാരം. ഏകീകൃത സിവില്‍ കോഡിന് വേണ്ടിയുള്ള പ്രചാരണം ഊര്‍ജിതമാക്കാന്‍ ബി ജെ പി നേതാക്കളോടും അണികളോടും അമിത് ഷാ ആഹ്വാനം ചെയ്തത് അടുത്തിടെയാണ്. ഒരു രാജ്യം ഒരു നിയമമെന്ന്, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ പ്രഖ്യാപനം പാര്‍ലിമെന്റില്‍ നടത്തുമ്പോള്‍, അമിത് ഷാ പ്രഖ്യാപിച്ചതും ഓര്‍ക്കണം.

രാജ്യത്തിന്റെ ഐക്യം ഊട്ടിയുറപ്പിക്കാന്‍ സര്‍വതും ഹിന്ദുത്വ അജന്‍ഡകള്‍ക്കനുസരിച്ച് ഏകീകരിക്കുക എന്നതാണ് ലക്ഷ്യം. ഐക്യവും അഖണ്ഡതയും നിലനില്‍ക്കുന്നത് വിവിധ വിഭാഗങ്ങള്‍ക്ക് അവരുടെ വിശ്വാസങ്ങള്‍ക്കും ആചാര – മര്യാദകള്‍ക്കും അനുസൃതമായി ജീവിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടനാദത്തമായതുകൊണ്ടാണെന്ന വസ്തുത സംഘ്പരിവാരത്തിനും നരേന്ദ്ര മോദി സര്‍ക്കാറിനും അംഗീകരിക്കാനാകില്ല. ബഹുസ്വരതയല്ല, ഹിന്ദുത്വയുടെ ചരടില്‍ കോര്‍ത്ത ഏകതയാണ് ഐക്യത്തിനും അഖണ്ഡതക്കും നിദാനമെന്ന മിഥ്യാധാരണ, വര്‍ഗീയാന്ധതയുടെ പശിമചേര്‍ത്ത് മനസ്സിലുറപ്പിച്ചവര്‍ക്ക്, ഭരണഘടന ഉറപ്പുനല്‍കുന്ന സ്വാതന്ത്ര്യങ്ങളും ജനാധിപത്യ സമ്പ്രദായവും വലിയ വെല്ലുവിളി നേരിടാത്ത കാലത്താണ് പഞ്ചാബിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും തീവ്ര ആശയങ്ങള്‍ വളര്‍ന്നുറച്ചതും വിഘടനവാദ പ്രസ്ഥാനങ്ങള്‍ വേരോട്ടമുണ്ടാക്കിയതും എന്നത് ഓര്‍മയുണ്ടാകണമെന്നില്ല. ഭരണകൂടത്തിന്റെ നിരന്തര അവഗണനക്ക് പുറമെ, വംശവ്യക്തിത്വവും അത്തരം ആശയങ്ങള്‍ക്ക് അടിസ്ഥാനമായിരുന്നു. അത്തരം വ്യക്തിത്വങ്ങളെയൊക്കെ കണക്കിലെടുക്കുമ്പോള്‍ ഏകീകരണമെന്നത് ഐക്യത്തെയും അഖണ്ഡതയെയും ഊട്ടിയുറപ്പിക്കുകയാവില്ല, അസംതൃപ്തിയുടെ നെരിപ്പോടുകള്‍ സൃഷ്ടിക്കുകയാകും ചെയ്യുക.
ഏകീകൃത സിവില്‍ കോഡെന്ന ‘രാജ്യത്തിന്റെ ആവശ്യ’ത്തെ എതിര്‍ക്കുന്നത് മുസ്ലിംകള്‍ മാത്രമാണെന്ന വ്യാജം പ്രചരിപ്പിച്ച്, അധികരിപ്പിക്കുന്ന വെറുപ്പു ചേര്‍ത്ത് ധ്രുവീകരണം വാറ്റി രാഷ്ട്രീയ ചാരായം ഉത്പാദിപ്പിച്ച് ആ ഉന്മാദത്തിന്റെ ഫലം കൊയ്യുന്ന രീതി തുടരാന്‍ സംഘ്പരിവാരത്തെ ഇതും സഹായിച്ചേക്കും. അതിനുമപ്പുറത്താണ് രാജ്യവും ഭരണഘടന പ്രദാനം ചെയ്യുന്ന വിശ്വാസ സ്വാതന്ത്ര്യവും അതിനോട് ചേര്‍ന്നു നില്‍ക്കും വിധത്തിലുള്ള നിയമ സംവിധാനങ്ങളുടെ തുടര്‍ച്ചയും. അത് ചൂണ്ടിക്കാട്ടാനും സര്‍വതിലും ഏകരൂപം കൊണ്ടുവരാനുള്ള ശ്രമം ഇപ്പോഴതിനോട് അനുഭാവം പ്രകടിപ്പിക്കുന്നവരെപ്പോലും ശ്വാസംമുട്ടിക്കുന്നതായി വളരുമെന്നും ബോധ്യപ്പെടുത്താനുമുള്ള ചുമതല ഏറ്റെടുക്കേണ്ടത് ഇതര രാഷ്ട്രീയ സംവിധാനങ്ങളാണ്. അത് പ്രാദേശിക സംവിധാനങ്ങളുടെ കൂട്ടായ്മയാണെങ്കിലും ദേശീയതലത്തിലുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സഖ്യമാണെങ്കിലും.

 

Latest