Travelogue
പ്രവാചകന്മാരുടെ ഉദ്യാനം
ഇറാഖിലെ ഏറ്റവും പുരാതനവും ചരിത്ര പ്രസിദ്ധവുമായ പ്രദേശം ഹില്ലയാണ്. ഭംഗിയുള്ളത് എന്നാണ് ഹില്ലയുടെ ഭാഷാർഥം. അതിനെ അന്വർഥമാക്കുന്ന ഭൂപ്രകൃതിയാണ് ഇവിടെയുള്ളത്. സന്ദർശക ബാഹുല്യമുണ്ട്. പ്രവേശന കവാടം കഴിഞ്ഞാൽ ചെറിയ ചെറിയ കടകൾ. കരകൗശല വസ്തുക്കളും മധുര പലഹാരങ്ങളുമെല്ലാമുണ്ട്.

ഇബ്റാഹീം നബി (അ) യുടെ ജന്മനാട്ടിൽ നിന്ന് ക്ഷമയുടെ പ്രതീകമായ അയ്യൂബ് നബി(അ)ന്റെ കർമഭൂമികയിലേക്കാണ് ഞങ്ങളുടെ യാത്ര. അധിക ദൂരമില്ല. ഹില്ല പ്രവിശ്യയുടെ മറ്റൊരു ഭാഗത്ത് യൂഫ്രട്ടീസിന്റെ വിരിമാറിൽ സ്ഥിതി ചെയ്യുന്ന മറ്റൊരു പൈതൃക കേന്ദ്രം. ഇറാഖിലെ ഏറ്റവും പുരാതനവും ചരിത്ര പ്രസിദ്ധവുമായ പ്രദേശം ഹില്ലയാണ്. ഭംഗിയുള്ളത് എന്നാണ് ഹില്ലയുടെ ഭാഷാർഥം. അതിനെ അന്വർഥമാക്കുന്ന ഭൂപ്രകൃതിയാണ് ഇവിടെയുള്ളത്. സന്ദർശക ബാഹുല്യമുണ്ട്. പ്രവേശന കവാടം കഴിഞ്ഞാൽ ചെറിയ ചെറിയ കടകൾ. കരകൗശല വസ്തുക്കളും മധുര പലഹാരങ്ങളുമെല്ലാമുണ്ട്. പലയിനം ഹലുവയും ഈത്തപ്പഴങ്ങളും. എല്ലാ കടകളിലും പൊതുവായി കാണുന്നത് വാട്ടർ ബോട്ടിലുകളാണ്. അയ്യൂബ് നബി (അ) യുടെ അനുഗ്രഹമുള്ള പുണ്യജലം ശേഖരിക്കാനുള്ളതാണവ.
ഇബ്റാഹീം നബി (അ) യുടെ മൗസോളിയത്തിന്റെ അതേ ഘടന തന്നെയാണ് അയ്യൂബ് നബി (അ) യുടേതിനും. മിനാരവും പള്ളിയും സമാന സ്വഭാവമുള്ളവയാണ്. പക്ഷെ, മഖ്ബറ മറ്റൊരു രൂപത്തിലാണ്. സ്‌റ്റീൽ കവചമാണതിന്. ചതുരാകൃതിയിൽ സ്‌റ്റീൽ കവചം കൊണ്ട് പൊതിഞ്ഞിരിക്കുന്നു. മുകളിൽ പ്രത്യേകമായ മേൽക്കൂരയുണ്ട്. പുറത്ത്, അയ്യൂബ് നബി (അ) യുടെ രോഗശമനത്തിന് ഹേതുകമായ കിണറുണ്ട്. ചെറിയ ഒരു കിണറാണ്. വിശ്വാസികൾ നിരന്തരം അതിൽ നിന്ന് വെള്ളമെടുത്ത് കൊണ്ടുപോകുന്നു. അതുവഴി രോഗങ്ങൾ മാറിയതിന്റെ നന്ദിസൂചകമായി പലരും ചെറിയ ചെറിയ ഫ്ലക്സ് ബോർഡുകൾ എഴുതി സ്ഥാപിച്ചിട്ടുണ്ട്. ഞങ്ങളും അവിടെ നിന്ന് ആ അനുഗൃഹീത ജലം ശേഖരിച്ചു. നാട്ടിലേക്ക് കൊണ്ടുവരാൻ പ്രയാസമുണ്ടാകുമെന്ന് കരുതിയിരുന്നെങ്കിലും എയർപോർട്ടിൽ അതിന് തടസ്സങ്ങളൊന്നും നേരിട്ടില്ല.
വിശുദ്ധ ഖുർആനിൽ നാല് സൂക്തങ്ങളിൽ അയ്യൂബ് നബി (അ) യുടെ പേര് പരാമർശിക്കപ്പെട്ടിട്ടുണ്ട്. ഇബ്റാഹിം നബി (അ) യുടെ പുത്രൻ ഇസ്ഹാഖ് നബി (അ) യുടെ സന്താന പരമ്പരയിലാണ് അദ്ദേഹത്തിന്റെ ജനനം. ബി സി 1540 നും 1420നും ഇടക്കാണ് ജീവിതകാലം. സിറിയൻ തലസ്ഥാനമായ ദമസ്കസിന്റെ സമീപപ്രദേശമായ അൽ ബസനിയാണ് ജന്മദേശം. യൂസഫ് നബി (അ) യുടെ മകൻ അഫ്റായിമിന്റെ മകൾ റഹ്മത്ത് ബീവിയാണ് ഭാര്യ. ഭർത്താവിനെപ്പോലെ തന്നെ മാതൃകാ ജീവിതം കൊണ്ട് ചരിത്രത്തിൽ അറിയപ്പെട്ടവരാണ് റഹ്മത്ത് ബീവിയും.
സമ്പന്നനായിരുന്നു അയ്യൂബ് നബി (അ). ഉദാരശീലനും. ആരാധനയായിരുന്നു മുഖ്യ ഹോബി. നാൽപ്പതാം വയസ്സിലാണ് പ്രവാചകത്വം ലഭിച്ചത്. ദമസ്കസിലെ ഹൗറാൻ ആയിരുന്നു പ്രബോധന കേന്ദ്രം. ജീവിതത്തിൽ നേരിട്ട പരീക്ഷണങ്ങളും അവയോട് പുലർത്തിയ ക്ഷമയുമാണ് അയ്യൂബ് നബി (അ) യുടെ ജീവിതത്തെ അനന്യമാക്കുന്നത്. സന്താനങ്ങളും വീടും സ്വത്തുമെല്ലാം കവർന്നെടുത്ത ദുരന്തങ്ങൾക്ക് അന്നവിടുന്ന് സാക്ഷിയായി. കൂടാതെ രോഗപീഢകളും. ഭാര്യ മാത്രമായിരുന്നു അക്കാലത്തെ കൂട്ട്.
അവർ അധ്വാനിച്ചാണ് പലപ്പോഴും അന്നന്നത്തേക്കുള്ള വക കണ്ടെത്തിയത്. ഖുർആൻ ഈ ഒരുമയെയും സ്വഭാവ ഔന്നത്യത്തെയും മുക്തകണ്ഠം പുകഴ്ത്തുന്നുണ്ട്.
ഒരിക്കൽ ആ മാതൃകാ ദമ്പതികൾ തമ്മിൽ നടന്ന സംഭാഷണം ഇപ്രകാരമായിരുന്നു. “പ്രിയതമാ, അങ്ങ് അല്ലാഹുവോടു ചോദിച്ചാൽ നമ്മുടെ പ്രയാസങ്ങളെല്ലാം നീക്കുകയില്ലേ?’. “നാം സമൃദ്ധിയിൽ കഴിഞ്ഞത് എത്ര വർഷമാണ്?’. “എഴുപത് വർഷം’. “കഷ്ടപ്പാടിന്റെ കാലമോ?’. “ഏഴ് വർഷം’. “ഈ സാഹചര്യത്തിൽ ഞാൻ റബ്ബിനോട് അതേക്കുറിച്ച് ചോദിക്കാൻ ലജ്ജിക്കുന്നു’. സമൂഹത്തിൽനിന്ന് അവരുടെ പവിത്രതയെ നിന്ദിക്കുന്ന വാചകങ്ങൾ കേട്ടപ്പോൾ മാത്രമാണ് തങ്ങൾ അനുഭവിക്കുന്ന പ്രയാസത്തിൽ നിന്ന് രക്ഷ തേടിയത്.
“അല്ലാഹുവേ എനിക്ക് വിഷമം ബാധിച്ചിരിക്കുന്നു, നീ കാരുണ്യവാനാണല്ലോ’. അയ്യൂബ് നബി (അ) തന്റെ ധർമസങ്കടം പടച്ചവനോട് പങ്കുെവച്ചു. ജിബ്‌രീലിനെ അയച്ചായിരുന്നു അതിന് സ്രഷ്ടാവിന്റെ മറുപടി.
മടമ്പുകാൽ കൊണ്ട് ഭൂമിയിൽ ചവിട്ടാനായിരുന്നു നിർദേശം. അപ്പോഴവിടെ ഒരു തെളിനീരുറവ ഒഴുകിത്തുടങ്ങി. അതിൽ നിന്ന് പാനം ചെയ്യുകയും സ്നാനം ചെയ്യുകയും ചെയ്തതോടെ എല്ലാ രോഗങ്ങളും ഭേദമായി. ഭാര്യക്കും പൂർവോപരി കരുത്ത് തിരിച്ചുകിട്ടി. ആ ഓർമകൾ തളം കെട്ടി നിൽക്കുന്ന മണ്ണിലാണ് ഞങ്ങളിപ്പോൾ. ആ തെളിനീരുറവ ആത്മീയതക്കായി ദാഹിച്ചലയുന്ന ഞങ്ങളുടെ മനസ്സിനും ശരീരത്തിനും എന്തെന്നില്ലാത്ത കുളിരേകി.
രോഗശമനത്തിന് ശേഷം അയ്യൂബ് നബി (അ) പിന്നെയും ദീർഘകാലം ജീവിച്ചു. പ്രബോധനം നടത്തി. തൊണ്ണൂറ്റി മൂന്നാം വയസ്സിലായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. അയ്യൂബ് നബി (അ) യുടെ മകനായ ദുൽകിഫ്ൽ(അ) നബിയും ജനിച്ചു വളർന്നത് ഹില്ലയിലായിരുന്നു. പിതാവിന് ശേഷം പുത്രനായിരുന്നു ഹില്ലയിലെ പ്രബോധന ചുമതല. സാമൂഹിക പ്രശ്നങ്ങൾക്ക് നീതിപൂർവം വിധി തീർപ്പ് കൽപ്പിച്ചിരുന്നതിനാലാണ് അദ്ദേഹത്തിന് ദുൽകിഫ്ൽ എന്ന പേരുവന്നത്.
ഇൽയാസ് നബി (അ) യുടെ പിൻഗാമിയായി നിയോഗിക്കപ്പെട്ട അൽയസഅ് നബി (അ) യുടെ അനുഗ്രഹവും അദ്ദേഹത്തിന് ലഭിച്ചിരുന്നു. മൂന്ന് ചര്യകളായിരുന്നു അൽയസഅ് നബി(അ) തന്റെ പിൻഗാമിയുടെ യോഗ്യതയായി നിർണയിച്ചിരുന്നത്. പകൽ വ്രതമനുഷ്ഠിക്കുക, രാത്രി നിസ്കരിക്കുക, ആരോടും ദേഷ്യപ്പെടാതിരിക്കുക എന്നിവയായിരുന്നു അത്. ശിഷ്യഗണങ്ങളിൽ നിന്ന് ഈ മൂന്ന് ഗുണങ്ങൾ ഒത്തിണങ്ങിയവരെ കണ്ടെത്താൻ പലതവണ ശ്രമിച്ചെങ്കിലും ഒരേയൊരാളെ മാത്രമാണ് ലഭിച്ചത്. ദുൽകിഫ്ൽ നബി (അ) യായിരുന്നു അത്. അതേത്തുടർന്നാണ് ദുൽകിഫ്ൽ എന്ന പേര് ലഭിച്ചതെന്നും അഭിപ്രായമുണ്ട്.