Kerala
ചേറ്റുവയില്‍ ആംബുലന്‍സിന്റെ മറവില്‍ ലഹരിക്കച്ചവടം; രണ്ടുപേര്‍ എംഡിഎംഎയുമായി പിടിയില്‍
ചേറ്റുവ സ്വദേശി പുത്തന്‍ പീടികയില്‍ നസറുദ്ദീന്‍, ചാവക്കാട് സ്വദേശി അഫ്‌സാദ് എന്നിവരാണ് പിടിയിലായത്.

കൊച്ചി|ചേറ്റുവയില്‍ ആംബുലന്‍സിന്റെ മറവില്‍ ലഹരിക്കച്ചവടം നടത്തുന്ന രണ്ടുപേര്‍ പിടിയില്‍. ചേറ്റുവ പാലത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സില്‍ നിന്നാണ് എംഡിഎംഎയുമായി രണ്ടുപേരെ പോലീസ് പിടികൂടിയത്. ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി തൃശൂര്‍ റൂറല്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും വാടാനപ്പളളി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. ചേറ്റുവ സ്വദേശി പുത്തന്‍ പീടികയില്‍ നസറുദ്ദീന്‍ (30), ചാവക്കാട് സ്വദേശി അഫ്‌സാദ് (24 ) എന്നിവരാണ് പിടിയിലായത്. ആവശ്യക്കാര്‍ക്ക് അവര്‍ പറയുന്ന സ്ഥലങ്ങളിലേക്ക് ആംബുലന്‍സില്‍ രാസലഹരി എത്തിച്ചു കൊടുക്കുന്നതാണ് പ്രതികളുടെ രീതിയെന്ന് പോലീസ് പറഞ്ഞു.
ആംബുലന്‍സിലും രാസലഹരി ഉപയോഗിക്കുവാനുള്ള സൗകര്യം ഇവര്‍ ചെയ്തു കൊടുത്തിരുന്നു. രാസലഹരി ഉപയോഗിക്കാനുള്ള ഉപകരണങ്ങളും, വിപണനം നടത്തുവാനുള്ള സിപ്പ് ലോക്ക് കവറുകളും, വാഹനത്തില്‍ നിന്നും കണ്ടെടുത്തു. ഇവര്‍ക്ക് രാസലഹരി കൈമാറിയ സംഘത്തെപ്പറ്റിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പോലീസ് അറിയിച്ചു.
തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നിര്‍ദേശപ്രകാരം റൂറല്‍ ഡിസിബി ഡിവൈഎസ്പി ഉല്ലാസ് കുമാര്‍, കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി വി.കെ രാജു, എന്നിവരുടെ നേത്യത്വത്തില്‍ വാടാനപ്പിളളി സബ് ഇന്‍സ്‌പെക്ടര്‍ ശ്രീലക്ഷ്മി, തൃശൂര്‍ റൂറല്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് സബ് ഇന്‍സ്പെക്ടര്‍ സി.ആര്‍ പ്രദീപ്, എസ്‌ഐമാരായ ജയരാജ്, മുഹമ്മദ് റാഫി , സീനിയര്‍ സിപിഒ മാരായ കെ.സി ബിജു, സുരേഖ് , ജിനേഷ്, അരുണ്‍, ഷിജു, സി.പി.ഒ നിഷാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.