Uae
മക്തൂം വിമാനത്താവളം പത്ത് ലക്ഷം പേർക്ക് തൊഴിലവസരം നൽകും
നിര്‍മാണം, വ്യോമയാനം, ലോജിസ്റ്റിക്‌സ്, റിയല്‍ എസ്റ്റേറ്റ്, ടൂറിസം, കാര്‍ഗോ എന്നിവയുള്‍പ്പെടെയുള്ള പ്രധാന മേഖലകളില്‍ 'ആയിരക്കണക്കിന്' തൊഴിലവസരങ്ങള്‍ ഈ പദ്ധതി സൃഷ്ടിക്കും.

ദുബൈ | അല്‍ മക്തൂം രാജ്യാന്തര വിമാനത്താവള വികസന പദ്ധതി ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് നിഗമനം. 3,500 കോടി ഡോളറിന്റെ ടെര്‍മിനല്‍ വിപുലീകരണത്തിനായി രണ്ടാമത്തെ റണ്‍വേ നിര്‍മിക്കുന്നതിന് 100 കോടി ദിര്‍ഹത്തിന്റെ (27.2 കോടി ഡോളര്‍) കരാര്‍ നല്‍കിക്കഴിഞ്ഞു.
പത്ത് ലക്ഷം ആളുകള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് കണക്കാക്കിയിട്ടുണ്ട്. ഭവന നിര്‍മാണങ്ങളും നടക്കും. ‘തൊഴിലവസരങ്ങളിലൂടെയും ഭവനനിര്‍മാണത്തിലൂടെയും ഒരു ദശലക്ഷം ആളുകള്‍ക്ക് ഗുണകരമാകുമെന്ന്’ പ്രതീക്ഷിക്കുന്നു. ഇത് ദുബൈ സൗത്തിന്റെ വികസനത്തിന് അവിഭാജ്യമാണ്.
നിര്‍മാണം, വ്യോമയാനം, ലോജിസ്റ്റിക്‌സ്, റിയല്‍ എസ്റ്റേറ്റ്, ടൂറിസം, കാര്‍ഗോ എന്നിവയുള്‍പ്പെടെയുള്ള പ്രധാന മേഖലകളില്‍ ‘ആയിരക്കണക്കിന്’ തൊഴിലവസരങ്ങള്‍ ഈ പദ്ധതി സൃഷ്ടിക്കും. ദുബൈ സൗത്തിന് ചുറ്റുമുള്ള പ്രദേശങ്ങളില്‍ ഇത് വളര്‍ച്ചയെ ഉത്തേജിപ്പിക്കും. ഇത് ഹോട്ടലുകള്‍ക്കും റിയല്‍ എസ്റ്റേറ്റ് വികസനങ്ങള്‍ക്കും ആവശ്യകത വര്‍ധിപ്പിക്കും.
പ്രാരംഭ ജോലികള്‍ക്കായി 7.5 കോടി ദിര്‍ഹത്തിന്റെ പ്രത്യേക കരാറും നല്‍കിയിട്ടുണ്ട്.
ഓട്ടോമേറ്റഡ് പീപ്പിള്‍ മൂവര്‍, ബാഗേജ് ഹാന്‍ഡ്ലിംഗ് സിസ്റ്റം തുടങ്ങിയ പ്രധാന പാക്കേജുകള്‍ക്കു ടെന്‍ഡര്‍ ഈ വര്‍ഷം അവസാനം നല്‍കുമെന്ന് ദുബൈ ഏവിയേഷന്‍ സിറ്റി കോര്‍പ്പറേഷന്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനും ദുബൈ ഏവിയേഷന്‍ എന്‍ജിനീയറിംഗ് പ്രോജക്ടുകളുടെ ചെയര്‍മാനുമായ ഖലീഫ അല്‍ സഫിന്‍ വ പറഞ്ഞു. ടെര്‍മിനല്‍ സബ്സ്ട്രക്ചര്‍, ആദ്യകാല 132 കെ വി സബ്സ്റ്റേഷനുകള്‍, ജില്ലാ കൂളിംഗ് പ്ലാന്റുകള്‍ എന്നിവ അടുത്ത പാക്കേജുകളുടെ ഭാഗമാണ്.