Connect with us

Uae

രാജ്യത്തെ ആദ്യ ഫുട്‌ബോള്‍ ക്ലബ്; ഇത്തിഹാദ് എഫ് സിക്ക് യു എ ഇ അസോസിയേഷന്റെ അംഗീകാരം

യു എ ഇയില്‍ ജനിച്ചുവളര്‍ന്ന അറക്കല്‍ കമറുദ്ധീന്‍ എന്ന പ്രവാസിയുടെ വലിയ ആശയ പൂര്‍ത്തീകരണം കൂടിയാണീ നേട്ടം.

Published

|

Last Updated

അബൂദബി | രാജ്യത്തെ ആദ്യ ഇന്ത്യന്‍ ഫുട്ബോള്‍ ക്ലബ്ലായ ഇത്തിഹാദ് എഫ് സിക്ക് യു എ ഇ അസോസിയേഷന്റെ അംഗീകാരം. 2023-24 സീസണില്‍ യു എ ഇയിലെ മൂന്നാം ഡിവിഷന്‍ ക്ലബുകളില്‍ ഒന്നായി യു എ ഇ ഫുട്ബോള്‍ അസോസിയേഷന്റെ അംഗീകാരം ലഭിക്കുക വഴി ഇത്തിഹാദ് എഫ് സി മികച്ച നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്.

ലീഗില്‍ പ്രവേശിക്കുകയും ഡിവിഷന്‍ 3-ലേക്ക് അംഗീകരിക്കപ്പെടുകയും ചെയ്യുന്ന ആദ്യത്തെ ഇന്ത്യന്‍ ഫുട്ബോള്‍ ക്ലബ് എന്ന നിലയില്‍ വലിയ ബഹുമതിയാണ് ലഭിച്ചിരിക്കുന്നതെന്ന് ഇത്തിഹാദ് എഫ് സി സി ഇ ഒ. അറക്കല്‍ കമറുദ്ധീന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രൊഫഷണല്‍ ഫസ്റ്റ് ടീം സ്‌ക്വാഡിനുള്ള പരിശീലനം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. 20 കളിക്കാര്‍ ഇന്ത്യന്‍ പ്രവാസികളും ബാക്കി പത്ത് കളിക്കാര്‍ അന്താരാഷ്ട്ര തലത്തില്‍ നിന്നുമുള്ളവരുമായിരിക്കും.

ഇന്ത്യന്‍ ദേശീയ ടീമിനായി അണ്ടര്‍ 19 ലെവലില്‍ കളിച്ചിട്ടുള്ള സലില്‍ ഉസ്മാനാണ് (എഫ് എ ലെവല്‍ 3 കോച്ച്) നിലവില്‍ ടീമിന്റെ പരിശീലകന്‍. ഈ സീസണില്‍ 16 ടീമുകളുള്ള ലീഗില്‍ എല്ലാ ആഴ്ചയും ഹോം ആന്‍ഡ് എവേ ക്രമത്തില്‍ മത്സരങ്ങളുണ്ടാവും.

അബൂദബി സായിദ് സ്‌പോര്‍ട്‌സ് സിറ്റിയാണ് നിലവില്‍ ഇത്തിഹാദ് എഫ് സിയുടെ ഹോം ഗ്രൗണ്ട്. യു എ ഇ ഡിവിഷന്‍ 3 കഠിനമായ ലീഗാണ്. ആദ്യ സീസണിന്റെ ലക്ഷ്യം ഡിവിഷന്‍ 2-ലേക്കുള്ള പ്രമോഷന്‍ ഉറപ്പാക്കുക എന്നതാണ്. 1986 മെക്സിക്കോ ലോകകപ്പിന്റെ ആവേശമുള്‍ക്കൊണ്ട് ഭാവിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുക എന്ന അടങ്ങാത്ത ആഗ്രഹവുമായി നടന്ന, യു എ ഇയില്‍ ജനിച്ചുവളര്‍ന്ന അറക്കല്‍ കമറുദ്ധീന്‍ എന്ന പ്രവാസിയുടെ വലിയ ആശയ പൂര്‍ത്തീകരണം കൂടിയാണീ നേട്ടം. യു എ ഇയിലെ ഇന്ത്യന്‍ സമൂഹത്തിന് ഫുട്ബോള്‍ കളിക്കാന്‍ വേദി ഒരുക്കുക, പ്രാദേശിക യുവാക്കള്‍ക്ക് നല്ല നിലവാരമുള്ള പരിശീലനം ലഭിക്കാനുള്ള അവസരം നല്‍കുക എന്നിവയായിരുന്നു പ്രധാന സ്വപ്നം.

യു എ ഇയില്‍ ധാരാളം പ്രതിഭകളുണ്ട്. അവരെ തിരിച്ചറിയാനും ഇന്ത്യന്‍ ദേശീയ ടീമിനായി പുതിയ കളിക്കാരുടെ കണ്‍വെയര്‍ ബെല്‍റ്റ് നല്‍കാനും ഇത്തിഹാദ് എഫ് സിക്ക് കഴിയും. അതുവഴി 2026ലോ 2030 ലോ ഇന്ത്യക്കു ലോകകപ്പ് കളിക്കാനുള്ള യോഗ്യതയില്‍ സുപ്രധാന പങ്ക് വഹിക്കാന്‍ സാധിക്കുമെന്നും കമറുദ്ധീന്‍ പറഞ്ഞു.

അബൂദബി മുസഫയില്‍ സ്വന്തമായി സ്റ്റേഡിയം എന്ന ആഗ്രഹം പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലാണ് കമറുദ്ധീന്‍. ഇതിനായി ഭൂമി എടുത്തെങ്കിലും സ്റ്റേഡിയം അടക്കമുള്ളവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഭീമമായ തുകയാണ് ചെലവഴിക്കേണ്ടി വരിക. ഫുഡ്ബോള്‍ ആരാധകരായ വന്‍കിട സ്പോണ്‍സര്‍മാരെ തേടുകയാണിപ്പോള്‍. നിലവിലെ സ്പോണ്‍സര്‍മാരുമായി ചേര്‍ന്ന് നടപടി ക്രമങ്ങള്‍ മുന്നോട്ടു പോവുകയാണെന്നും വരും വര്‍ഷം നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും കമറുദ്ധീന്‍ വ്യക്തമാക്കി.

 

Latest