Uae
ഉത്സവം തുടങ്ങി; ഇനി കുട്ടികളുടെ വായനാ ദിനങ്ങള്‍
യുവ മനസുകളെ വിശാലമാക്കാനും വികസിപ്പിക്കാനും ലക്ഷ്യമിട്ടുള്ള 12 ദിവസത്തെ സാംസ്‌കാരികോത്സവം ഷാര്‍ജ ബുക്ക് അതോറിറ്റിയാണ് സംഘടിപ്പിക്കുന്നത്.

ഷാര്‍ജ | ഷാര്‍ജ ചില്‍ഡ്രന്‍സ് റീഡിംഗ് ഫെസ്റ്റിവല്‍ 14-ാമത് പതിപ്പിന് ഷാര്‍ജ എക്സ്പോ സെന്ററില്‍ പ്രൗഢമായ തുടക്കം. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു.
ഷാര്‍ജ ആനിമേഷന്‍ കോണ്‍ഫറന്‍സിന്റെ ആദ്യ പതിപ്പിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. ഷാര്‍ജ ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ അഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി, സഹിഷ്ണുതാ സഹവര്‍ത്തിത്വ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍, കലിമത്ത് ഗ്രൂപ്പിന്റെ സ്ഥാപക ശൈഖ് ബുദൂര്‍ അല്‍ ഖാസിമി, ഷാര്‍ജ ഭരണാധികാരിയുടെ ഓഫീസ് ചെയര്‍മാന്‍ ശൈഖ് സലേം ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍ ഖാസിമി, ഈജിപ്ഷ്യന്‍ സാംസ്‌കാരിക മന്ത്രി ഡോ. നെവിന്‍ എല്‍-കിലാനി തുടങ്ങി പ്രമുഖര്‍ സംബന്ധിച്ചു.
യുവ മനസുകളെ വിശാലമാക്കാനും വികസിപ്പിക്കാനും ലക്ഷ്യമിട്ടുള്ള 12 ദിവസത്തെ സാംസ്‌കാരികോത്സവം ഷാര്‍ജ ബുക്ക് അതോറിറ്റിയാണ് സംഘടിപ്പിക്കുന്നത്. കുട്ടികള്‍ക്കും യുവാക്കള്‍ക്കും കുടുംബങ്ങള്‍ക്കും അറിവിന്റെ പുതിയ വാതായനങ്ങള്‍ തുറക്കുന്ന കല, കായികം, ശാസ്ത്രം, സാങ്കേതികവിദ്യ എന്നിവയിലെ വൈവിധ്യമാര്‍ന്ന ശില്‍പശാലകള്‍ ഉള്‍പ്പെടെ 946 പരിപാടികളും 136 നാടക പ്രദര്‍ശനങ്ങളും ഫെസ്റ്റിവലില്‍ ഉണ്ടായിരിക്കും. 66 രാജ്യങ്ങളില്‍ നിന്നുള്ള 457 അതിഥികള്‍ നേതൃത്വം നല്‍കും. റോമിംഗ് ഷോകള്‍, അക്രോബാറ്റ്, സംഗീത കച്ചേരികള്‍ എന്നിവയും നടക്കും.
അക്ബര്‍ ദി ഗ്രേറ്റ് നഹി രഹേ (ഹിന്ദിയിലും ഉര്‍ദുവിലും അവതരിപ്പിച്ചത്) എന്ന ഹാസ്യ നാടകവും കുട്ടികളുടെ ഷോ മസാക്ക കിഡ്സ് ആഫ്രിക്കാനയും ഉള്‍പ്പെടും. പ്രവൃത്തി ദിവസങ്ങളില്‍, രാവിലെ ഒമ്പത് മുതല്‍ രാത്രി എട്ട് വരെയും വാരാന്ത്യങ്ങളില്‍ രാത്രി ഒമ്പത് വരെയും ആഥിത്യമരുളും. വെള്ളിയാഴ്ചകളില്‍ വൈകിട്ട് നാലിനാണ് ആരംഭിക്കുക.