Connect with us

Web Special

മാനസപുത്രന്റെ വീഴ്ച; തകരുന്നത് ഭരണത്തണലിൽ പതച്ചുപൊന്തിയ സോപ്പുകുമിളകൾ

സാമ്പത്തിക അതികായനെന്ന പ്രതിച്ഛായ സ്വയം സൃഷ്ടിച്ച് അതിന്റെ മറവില്‍ വന്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്കു കളമൊരുക്കുന്ന അദാനി തുറന്നുകാട്ടപ്പെടുമ്പോള്‍ ഗുജറാത്തിന്റെ മണ്ണില്‍ ഭരണകൂടത്തിന്റെ തണലില്‍ വേരാഴ്തിയ വന്‍മരത്തിനാണ് ഇളക്കംതട്ടുന്നത്. വ്യാജ വളര്‍ച്ചയുടെ ആരോപണങ്ങള്‍ വിപണിയിലേയ്ക്ക് പ്രവഹിച്ചതോടെ അദാനി കമ്പനികളുടെ ഓഹരി മൂല്യം ഇടിയുകയും അവരെ വിശ്വസിച്ച നിക്ഷേപകര്‍ ഗതികേടിലേക്കു വീഴുകയും ചെയ്തു.

Published

|

Last Updated

വിദേശ രാജ്യങ്ങളുടെ ഏജന്‍സികള്‍ കേന്ദ്ര സര്‍ക്കാറിന്റേയും കേന്ദ്രത്തിന്റെ മാനസ പുത്രന്റെയും തൊലിയുരിക്കുന്ന ദയനീയമായ കാഴ്ചക്കാണു രാജ്യം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ബ്രിട്ടന്റെ ബി ബി സി ഗുജറാത്ത് വംശഹത്യയില്‍ നരേന്ദ്ര മോഡിയെ വെളിച്ചത്തുകൊണ്ടുവന്നപ്പോള്‍ അമേരിക്കയിലെ ഹിന്‍ഡന്‍ബെര്‍ഗ് അദാനിയുടെ മുഖം മൂടി വലിച്ചൂരി.

ന്യൂയോര്‍ക്ക് ആസ്ഥാനമായ നിക്ഷേപ ഗവേഷണ സ്ഥാപനമാ ഹിന്‍ഡന്‍ബെര്‍ഗ് കോര്‍പറേറ്റ് മേഖലയിലെ തട്ടിപ്പുകള്‍ വെളിച്ചത്തുകൊണ്ടുവരുന്ന ഏജന്‍സിയാണ്. നാഥാന്‍ ആന്‍ഡേഴ്സണണാണ് സ്ഥാപകന്‍. അവര്‍ ചില സത്യങ്ങള്‍ വെളിപ്പെടുത്തുമ്പോഴേക്കും സോപ്പുകുമിളകള്‍ പോലെ ഭരണകൂടത്തിന്റെ തണലില്‍ വളര്‍ന്നുമുറ്റിയ സാമ്പത്തിക ശക്തി നിലം പരിശായിരിക്കുന്നു.

സാമ്പത്തിക അതികായനെന്ന പ്രതിച്ഛായ സ്വയം സൃഷ്ടിച്ച് അതിന്റെ മറവില്‍ വന്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്കു കളമൊരുക്കുന്ന അദാനി തുറന്നുകാട്ടപ്പെടുമ്പോള്‍ ഗുജറാത്തിന്റെ മണ്ണില്‍ ഭരണകൂടത്തിന്റെ തണലില്‍ വേരാഴ്തിയ വന്‍മരത്തിനാണ് ഇളക്കംതട്ടുന്നത്. വ്യാജ വളര്‍ച്ചയുടെ ആരോപണങ്ങള്‍ വിപണിയിലേയ്ക്ക് പ്രവഹിച്ചതോടെ അദാനി കമ്പനികളുടെ ഓഹരി മൂല്യം ഇടിയുകയും അവരെ വിശ്വസിച്ച നിക്ഷേപകര്‍ ഗതികേടിലേക്കു വീഴുകയും ചെയ്തു.

ഗൗതം അദാനിയും കുടുംബാംഗങ്ങളും ഉള്‍പ്പെട്ട കൂട്ടുകുടുംബ വ്യവസായം കൃത്രിമ കണക്കുകളിലൂടെയാണ് രാജ്യത്തെ വന്‍ കോര്‍പറേറ്റ് സാമ്രാജ്യമായി വളര്‍ന്നതെന്നാണ് ഹിന്‍ഡെന്‍ബെര്‍ഗ് തുറന്നു കാട്ടിയത്. സമാനതകളില്ലാത്ത കടബാധ്യതകളിലും ഭരണപ്രശ്നങ്ങളിലും കലങ്ങിമറിയുന്ന ഈ ഗുജറാത്ത് കമ്പനി പ്രശ്‌നങ്ങള്‍ ഒളിപ്പിച്ചുവച്ചാണ് ഓഹരി മൂല്യം വ്യാജമായി ഉയര്‍ത്തിയതെന്നും അതുപയോഗിച്ച് വന്‍തോതില്‍ കടമെടുപ്പു നടത്തുകയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഭരണ സ്വാധീനം ഉപയോഗിച്ചു പൊതു മേഖല ബാങ്കുകളുടെ ധനം കൈവശപ്പെടുത്തി വന്‍ ഏറ്റെടുക്കലുകള്‍ നടത്തി രാജ്യത്തെ കോര്‍പറേറ്റ് സാമ്രാജ്യം പിടിച്ചെടുത്ത വളഞ്ഞ വഴികളാണ് ഇപ്പോള്‍ വെളിപ്പെടുന്നത്.

തങ്ങള്‍ക്കു വലിയ കടബാധ്യതകളൊന്നും ഇല്ലെന്നാണ് അദാനി ഗ്രൂപ്പ് പറയുന്നത്. നിക്ഷേപകരെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കാന്‍ വിദേശ സ്ഥാപനം നടത്തിയ ശ്രമമാണിപ്പോള്‍ തങ്ങളുടെ അടിതെറ്റിച്ചതെന്നാണ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ജുഗേഷിന്ദര്‍ സിങ് പറയുന്നത്. അദാനി എന്റര്‍പ്രൈസസിന്റെ ഓഹരി വില്‍പന അട്ടിമറിക്കാനുള്ള ഗൂഢ നീക്കമെന്നാണ് അദ്ദേഹം പറയുന്നത്.

തങ്ങളെ മാനം കെടുത്തിയ ഹിന്‍ഡന്‍ബെര്‍ഗിനെതിരെ നിയമനടപടിയെടുക്കുമെന്നും അദാനി പറയുന്നു. നിങ്ങളുടെ കൈകള്‍ ശുദ്ധമാണെങ്കില്‍ അമേരിക്കയില്‍ തന്നെ നിയമ നടപടി സ്വീകരിക്കൂ എന്നാണ് ഹിന്‍ഡന്‍ബെര്‍ഗ് വെല്ലുവിളിക്കുന്നത്. കൃത്യമായ രേഖകള്‍ കൈവശമുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് കോര്‍പറേറ്റ് ഭീമനെ തുറന്നു കാട്ടിയതെന്നുമാണ് ഹിന്‍ഡെന്‍ബെര്‍ഗ് തലയെടുപ്പോടെ പറയുന്നത്.

ഓഹരികളില്‍ കൃത്രിമം നടത്തിയും തെറ്റായ കണക്കുകള്‍ അവതരിപ്പിച്ചും തങ്ങളുടെ വലിപ്പം പെരുപ്പിച്ചു കാട്ടി വലിയ തട്ടിപ്പിനു കളമൊരുക്കിയ അദാനിയെയാണ് ഹിന്‍ഡന്‍ബെര്‍ഗ് തുറന്നു കാട്ടിയത്. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത ഏഴ് പ്രധാന കമ്പനികളുടെയും യഥാര്‍ഥമൂല്യം നിലവിലുള്ളതിനേക്കാള്‍ 85ശതമാനം കുറവാണെന്നാണ് ഹിന്‍ഡന്‍ബെര്‍ഗ് വരച്ചുകാട്ടിയത്. ഊഹക്കച്ചവട കമ്പനികള്‍ കനത്ത കടബാധ്യതയാണ് നേരിടുന്നത്. മൂല്യം പെരുപ്പിച്ചു കാണിച്ച് ഓഹരികള്‍ പണയംവെച്ച് വന്‍തുക വായ്പയെടുത്തെന്നു വെളിപ്പെട്ടിരിക്കുന്നു. ഇതോടെ കമ്പനികളുടെ അടിത്തറ തകരുന്ന അവസ്ഥയാണുള്ളത്.

കുടുംബ കമ്പനിയുടെ 22 പ്രധാന ഉദ്യോഗസ്ഥരില്‍ എട്ടുപേരും കുടുംബക്കാരാണ്. സാമ്പത്തിക കാര്യങ്ങളിലെല്ലാം ഈ കൂട്ടുകച്ചവടമാണു നടക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍, നികുതിദായകരുടെ പണം തട്ടിയെടുക്കല്‍, അഴിമതി എന്നീ നാല് മേഖലകളിലായി 1,38,000 കോടി രൂപ(17 ബില്യണ്‍ ഡോളര്‍)യുടെ ഇടപാട് നടന്നതായി നേരത്തെ അദാനി നടന്നിരുന്നു.

കരീബിയന്‍ ദ്വീപുകള്‍, മൗറീഷ്യസ്, യുഎഇ എന്നി രാജ്യങ്ങളില്‍ കുടുംബാംഗങ്ങളുടെ സഹായത്തോടെ ഷെല്‍ കമ്പനികളുണ്ടാക്കിയതു നികുതി വെട്ടിപ്പിന്റെ ഭാഗമാണെന്നു വെളിപ്പെട്ടു. വിറ്റുവരവില്‍ കൃത്രിമം കാണിക്കാനും നികുതിവെട്ടിക്കാനും വ്യാജ ഇറക്കുമതി, കയറ്റുമതി രേഖകളുണ്ടാക്കി. ഷെല്‍ കമ്പനികളെ ഇതിനായി ഉപയോഗിച്ചു. രത്ന വ്യാപാരത്തില്‍ ഗൗതം അദാനിയുടെ സഹോദരനായ രാജേഷ് അദാനി നടത്തിയ തട്ടിപ്പുകള്‍ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ്(ഡി ആര്‍ ഐ) കണ്ടെത്തിയിരുന്നു.

പലരാജ്യങ്ങളിലുമുള്ള നിഴല്‍ കമ്പനികള്‍ ബില്യണ്‍ കണക്കിന് ഡോളറിന്റെ ഇടപാടുകള്‍ ഇന്ത്യയിലെ അദാനി കമ്പനികളുമായി നടത്തിയതിന്റെ രേഖകള്‍ ഹിന്‍ഡന്‍ബെര്‍ഗ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഹിന്‍ഡന്‍ബെര്‍ഗ് കളത്തിലിറങ്ങിയതോടെ ലിസ്റ്റ് ചെയ്തിട്ടുള്ള അദാനി ഗ്രൂപ്പിന്റെ ഏഴ് ഓഹരികളും 20 ശതമാനത്തിനടുത്ത് തകര്‍ച്ച നേരിട്ടു. ഹിന്‍ഡന്‍ബെര്‍ഗിന്റെ ആരോപണങ്ങള്‍ പ്രതിരോധിക്കാന്‍ കഴിയാതായതോടെയാണ് ഓഹരികള്‍ കുത്തനെ ഇടിഞ്ഞത്. ഹിന്‍ഡന്‍ബെര്‍ഗ് അദാനിയെ തുറന്നു കാട്ടിയതോടെ അദാനിയുടെ ആസ്തി 18 ബില്യണ്‍ ഡോളറിലേറെ ഇടിഞ്ഞു. ഇതോടെ ലോക സമ്പന്ന പട്ടികയിലെ രണ്ടാം സ്ഥാനത്തുനിന്ന് അദ്ദേഹത്തിന് ഏഴിലേക്കു പതിച്ചു.

അദാനി ഗ്രൂപ്പിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന ആവശ്യവുപ്രതിപക്ഷം രംഗത്തുവന്നിട്ടുണ്ട്. ഹിന്‍ഡന്‍ബെര്‍ഗിന്റെ ആരോപണം ആര്‍ ബി ഐയും സെബിയും അന്വേഷിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ കമ്യൂണിക്കേഷന്‍സ് വിഭാഗം മേധാവി ജയറാം രമേഷ് ആവശ്യപ്പെട്ടത്.

ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോഡിയുടെ വളര്‍ച്ചക്കൊപ്പമാണ് അദാനിയെന്ന ഗുജറാത്തി വ്യാപാരി കണ്ണുചിമ്മിത്തുറക്കുന്ന വേഗത്തില്‍ കോര്‍പറേറ്റ് ഭീമനായി വളര്‍ന്നത്. കേന്ദ്രം കനിഞ്ഞു നില്‍കിയ ഇളവുകളും അവസരങ്ങളും പൊതുമേഖലയുടെ നാശവുമെല്ലാം ഈ കോര്‍പറേറ്റ് വളര്‍ച്ചക്കു വളമായി. പരസ്പര സഹായ സംഘങ്ങളായി ഭരണകൂടവും കോര്‍പറേറ്റു ഭീമനും മുന്നേറുന്ന കാഴ്ചകള്‍ക്കാണു രാജ്യം സാക്ഷ്യം വഹിച്ചത്.

ഗുജറാത്ത് വംശഹത്യയിൽ നരേന്ദ്രമോദിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബിബിസിയുടെ ഡോക്യുമെന്ററി രംഗത്ത് വന്നതിന് പിന്നാലെയാണ് അദാനിക്കെതിരായ റിപ്പോർട്ടും ചർച്ചയാകുന്നത്. പ്രധാനമന്ത്രിയുടെ രണ്ട് സുഹൃത്തുക്കളെന്ന് രാഹുൽ ഗാന്ധി ഉൾപ്പെടെ പ്രതിപക്ഷ നേതാക്കൾ സദാ വിമർശിക്കുന്ന രണ്ട് പേരാണ് അദാനിയും അംബാനിയും. നരേന്ദ്രമോദിയും അദാനിയും ഒരേസമയം കുരിശിലേറ്റപ്പെടുന്നത് തീർച്ചയായും വലിയ ചലനങ്ങൾക്ക് കാരണമാകും. ഈ തിരിച്ചടിയുടെ പ്രതിഫലനം 2024 ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ പ്രകടമാകുമോ എന്ന ഭീതിയിലാണു ബി ജെ പി.

---- facebook comment plugin here -----

Latest