Connect with us

Uae

സ്‌കൂളുകളില്‍ ഇ-സ്‌കൂട്ടറുകള്‍ക്ക് വിലക്ക്; നിരോധിത വാഹനങ്ങള്‍ കണ്ടുകെട്ടും

വര്‍ധിച്ചുവരുന്ന അപകടങ്ങളും സുരക്ഷാ ആശങ്കകളും കണക്കിലെടുത്താണ് പ്രമുഖ സ്‌കൂളുകള്‍ മാര്‍ഗരേഖ പുറപ്പെടുവിച്ചത്.

Published

|

Last Updated

ദുബൈ | ഇലക്ട്രിക് സ്‌കൂട്ടറുകള്‍, ഇ-ബൈക്കുകള്‍ തുടങ്ങിയ മോട്ടോറൈസ്ഡ് വ്യക്തിഗത വാഹനങ്ങള്‍ ഉപയോഗിക്കുന്നതിന് ദുബൈയിലെ വിദ്യാലയങ്ങള്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. വര്‍ധിച്ചുവരുന്ന അപകടങ്ങളും സുരക്ഷാ ആശങ്കകളും കണക്കിലെടുത്താണ് പ്രമുഖ സ്‌കൂളുകള്‍ മാര്‍ഗരേഖ പുറപ്പെടുവിച്ചത്. എമിറേറ്റ്സ് ഹില്‍സിലെ ദുബൈ ഇന്റര്‍നാഷണല്‍ അക്കാദമിയാണ് ഈ വിദ്യാലയങ്ങളില്‍ അവസാനമായി നിരോധനം ഏര്‍പ്പെടുത്തിയത്. ഫെബ്രുവരി ഒമ്പത് തിങ്കളാഴ്ച മുതല്‍ വിദ്യാര്‍ഥികള്‍ മോട്ടോര്‍ വാഹനങ്ങളുമായി സ്‌കൂളില്‍ എത്തുന്നത് വിലക്കി. വിദ്യാലയത്തിന്റെ കവാടങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ പരിസരങ്ങളിലും നിരോധനം ബാധകമാണ്. നിരോധിത വാഹനങ്ങള്‍ കണ്ടുകെട്ടുമെന്നും സുരക്ഷാ നയങ്ങള്‍ ലംഘിച്ചാല്‍ നടപടിയുണ്ടാകുമെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

യു എ ഇയിലുടനീളം ഇ-സ്‌കൂട്ടറുകളും ഇ-ബൈക്കുകളും മൂലമുണ്ടാകുന്ന അപകടങ്ങളില്‍ വലിയ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരം വാഹനങ്ങളുടെ അമിതവേഗതയും സുരക്ഷാമാര്‍ഗങ്ങളുടെ കുറവും സ്‌കൂള്‍ പ്രായത്തിലുള്ള കുട്ടികള്‍ക്ക് വലിയ അപകടസാധ്യതയാണ് സൃഷ്ടിക്കുന്നത്. മോട്ടോര്‍ ഇല്ലാത്ത സാധാരണ സൈക്കിളുകള്‍ അല്ലെങ്കില്‍ സാധാരണ സ്‌കൂട്ടറുകള്‍ മാത്രമേ സ്‌കൂള്‍ പരിസരത്ത് അനുവദിക്കൂ. ഇവ ഉപയോഗിക്കുന്നവര്‍ നിര്‍ബന്ധമായും ഹെല്‍മെറ്റ് ധരിക്കണമെന്നും ഹെഡ്ഫോണുകളോ എയര്‍പോഡുകളോ ഉപയോഗിക്കരുതെന്നും നിര്‍ദേശമുണ്ട്.

കഴിഞ്ഞ വര്‍ഷം ദുബൈയില്‍ ഇ-സ്‌കൂട്ടറുകള്‍ ഉള്‍പ്പെട്ട അപകടങ്ങളില്‍ 13 മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. മരിച്ചവരില്‍ പത്ത് വയസ്സുകാരനും ഉള്‍പ്പെടുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി. നിയമങ്ങള്‍ ലംഘിക്കുന്ന വിദ്യാര്‍ഥികള്‍ക്കെതിരെ മഞ്ഞ കാര്‍ഡ് നല്‍കുക, താത്കാലിക സസ്പെന്‍ഷന്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ അച്ചടക്ക നടപടികള്‍ സ്വീകരിക്കും.

 

Latest