Connect with us

National

നിയമങ്ങള്‍ കാറ്റില്‍ പറത്തി പുതിയ മൂന്ന് പ്ലാസകള്‍ കൂടി; ദക്ഷിണ കന്നഡയില്‍ ടോള്‍ യുദ്ധം

ടോള്‍ ഗേറ്റ് വിരുദ്ധ പോരാട്ട സമിതി ശക്തമായ പ്രക്ഷോഭത്തിന്.

Published

|

Last Updated

മംഗളൂരു | ദക്ഷിണ കന്നഡ ജില്ലയിലെ ദേശീയപാതകളില്‍ പുതിയ മൂന്ന് ടോള്‍ പ്ലാസകള്‍ കൂടി സ്ഥാപിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധം കനക്കുന്നു. നിലവിലുള്ള ടോള്‍ പ്ലാസകളുടെ നിശ്ചിത ദൂരപരിധി ലംഘിച്ചുകൊണ്ടാണ് പുതിയവ നിര്‍മിക്കുന്നതെന്ന് ആരോപിച്ച് ടോള്‍ ഗേറ്റ് വിരുദ്ധ പോരാട്ട സമിതി രംഗത്തെത്തി. ഗഞ്ചിമട്ട്, വാലാലു, പനാപ്പില എന്നിവിടങ്ങളില്‍ ടോള്‍ പിരിവ് ആരംഭിക്കാനുള്ള നീക്കം ഉപേക്ഷിച്ചില്ലെങ്കില്‍ ജില്ലയില്‍ വന്‍ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സമിതി കണ്‍വീനര്‍ മുനീര്‍ കാട്ടിപ്പള്ള മുന്നറിയിപ്പ് നല്‍കി.

ദൂരപരിധി നിയമം ലംഘിക്കപ്പെടുന്നു
ദേശീയപാത ഫീസ് ചട്ടം (2008) അനുസരിച്ച് ഒരു ടോള്‍ പ്ലാസയില്‍ നിന്ന് 60 കിലോമീറ്റര്‍ ദൂരത്തിനുള്ളില്‍ മറ്റൊരു ടോള്‍ പ്ലാസ പാടില്ല. എന്നാല്‍ ദക്ഷിണ കന്നഡയില്‍ ഈ നിയമം പൂര്‍ണമായും അട്ടിമറിക്കപ്പെടുകയാണെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു.

പുതിയ പ്ലാസകളും നിലവിലുള്ളവയും തമ്മിലുള്ള ദൂരം
* ഗഞ്ചിമട്ട് (എന്‍ എച്ച് 169): മംഗളൂരു-കാര്‍ക്കല പാതയിലെ ഈ പ്ലാസ, ബ്രഹ്മരകൂട്ട്ലു (എന്‍ എച്ച് 75) ടോള്‍ ഗേറ്റില്‍ നിന്ന് 33 കിലോമീറ്ററും തലപ്പാടിയില്‍ (എന്‍ എച്ച് 66) നിന്ന് 34 കിലോമീറ്ററും മാത്രം അകലെയാണ്.
* വാലാലു (എന്‍ എച്ച് 75): ഉപ്പിനങ്ങാടിക്ക് സമീപം വരുന്ന ഈ പ്ലാസയും ബ്രഹ്മരകൂട്ട്ലു പ്ലാസയും തമ്മിലുള്ള ദൂരം വെറും 35 കിലോമീറ്റര്‍ മാത്രം.
* പനാപ്പില (എന്‍ എച്ച് 73): മംഗളൂരു-ചിക്കമഗളൂരു പാതയിലെ പനാപ്പിലയും ബ്രഹ്മരകൂട്ട്ലുവും തമ്മിലുള്ള ദൂരം കേവലം 27 കിലോമീറ്റര്‍ ആണ്.

ആറ് ടോള്‍ പ്ലാസകള്‍; തകരുന്ന സമ്പദ് വ്യവസ്ഥ
പുതിയ മൂന്ന് പ്ലാസകള്‍ കൂടി പ്രവര്‍ത്തനസജ്ജമാകുന്നതോടെ ദക്ഷിണ കന്നഡ ജില്ലയില്‍ മാത്രം ആകെ ആറ് ടോള്‍ പ്ലാസകളാകും. ഇത് ജില്ലയിലെ വ്യാപാര, വ്യവസായ മേഖലകളെ സാരമായി ബാധിക്കും. ചരക്ക് നീക്കത്തിനുള്ള ചെലവ് വര്‍ധിക്കുന്നത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകുമെന്നും, സാധാരണക്കാരായ യാത്രക്കാരെ ഇത് വലിയ കടക്കെണിയിലാക്കുമെന്നും മുനീര്‍ കാട്ടിപ്പള്ള ഗഞ്ചിമട്ടില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സമിതിയുടെ പ്രധാന ആവശ്യങ്ങള്‍
* പൊതുജന ഹിയറിങ്: ടോള്‍ പിരിവ് തുടങ്ങുന്നതിനു മുമ്പ് ജില്ലയിലെ എം പിമാര്‍, എം എല്‍ എമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ദേശീയപാത അതോറിറ്റിയും (NHAI) ജില്ലാ ഭരണകൂടവും പൊതുജനങ്ങളുടെ പരാതികള്‍ കേള്‍ക്കാന്‍ തയ്യാറാകണം.
* റോഡ് നിര്‍മാണം പൂര്‍ത്തിയാക്കുക: ഗഞ്ചിമട്ട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ റോഡ് വികസനം പൂര്‍ത്തിയാകുന്നതിന് മുമ്പ് ടോള്‍ പിരിവ് തുടങ്ങാനുള്ള നീക്കം പിന്‍വലിക്കണം.
* അരിക്കാടി മാതൃക: നിയമവിരുദ്ധമെന്ന് കണ്ട് കാസര്‍കോട് ജില്ലയിലെ അരിക്കാടി (കുമ്പള) ടോള്‍ പ്ലാസ പിന്‍വലിച്ചതു പോലെ, ദൂരപരിധി പാലിക്കാത്ത ഈ മൂന്ന് പ്ലാസകളും ഉപേക്ഷിക്കണം.

മാര്‍ച്ചില്‍ ‘പടുകൂറ്റന്‍ പദയാത്ര’
ഫെബ്രുവരി അവസാനത്തോടെ പ്രാദേശിക തലത്തില്‍ പ്രതിഷേധ സമിതികള്‍ രൂപവത്കരിക്കും. അധികൃതര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ലെങ്കില്‍ 2026 മാര്‍ച്ചില്‍ മൂന്ന് ടോള്‍ പ്ലാസകളില്‍ നിന്നും ഒരേസമയം പദയാത്രകള്‍ ആരംഭിക്കും. ഈ യാത്രകള്‍ മംഗളൂരുവിലെ എന്‍ എച്ച് എ ഐ പ്രോജക്ട് ഓഫീസിന് മുന്നില്‍ സംഗമിക്കും. ഇതിനു പിന്നാലെ അനിശ്ചിതകാല സമരം തുടങ്ങാനാണ് പോരാട്ട സമിതി തീരുമാനം.

 

സ്പെഷ്യൽ റിപ്പോർട്ടർ, സിറാജ്, അബൂദബി

Latest