Kerala
നടന്‍ മണിയന്‍പിള്ള രാജു പ്രതിയായ അപകടം: അന്വേഷണം ഡി സി പി. ധന്‍കറിന് കൈമാറി; ഫോണ്‍ രേഖകള്‍ പരിശോധിച്ചു
മണിയന്‍പിള്ള രാജുവിന്റെ ഫോണ്‍ രേഖകള്‍ പോലീസ് പരിശോധിച്ചു. അപകടത്തിനു പിന്നാലെ ഭാര്യയെയും മകനെയും സുഹൃത്തുക്കളെയും വിളിച്ചു. രാത്രി 10.30ന് ഫോണ്‍ സ്വിച്ച്ഓഫ് ചെയ്തു. രാവിലെ 5.30 ഓടെ ഓണാക്കി.
തിരുവനന്തപുരം | നടന്‍ മണിയന്‍പിള്ള രാജു പ്രതിയായ അപകട കേസില്‍ അന്വേഷണം ഡി സി പി. ധന്‍കറിന് കൈമാറി. നേരത്തെ, ഡി സി പി. വിനോദായിരുന്നു അന്വേഷണം നടത്തിയത്. മണിയന്‍പിള്ള രാജുവിന്റെ ഫോണ്‍ രേഖകള്‍ പോലീസ് പരിശോധിച്ചു. അപകടത്തിനു പിന്നാലെ രാജു ഭാര്യയെയും മകനെയും സുഹൃത്തുക്കളെയും ഫോണില്‍ വിളിച്ചതായി പോലീസ് കണ്ടെത്തി. എന്നാല്‍, രാത്രി 10.30ന് ഫോണ്‍ സ്വിച്ച്ഓഫ് ചെയ്തു. രാവിലെ 5.30 ഓടെയാണ് വീണ്ടും ഓണാക്കിയത്.
കഴിഞ്ഞ ദിവസം രാത്രി പത്തോടെ തിരുവനന്തപുരം ട്രിവാന്‍ഡ്രം ക്ലബിന് മുന്നിലാണ് അപകടമുണ്ടായത്. നടന്റെ കാറും ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ബൈക്ക് യാത്രക്കാര്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. അപകടത്തിനു ശേഷം മണിയന്‍പിള്ള രാജു കാര്‍ നിര്‍ത്താതെ പോയി.
അതേസമയം, സംഭവത്തില്‍ മ്യൂസിയം പോലീസിന് ബോധപൂര്‍വമായ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് സ്പെഷ്യല്‍ ബ്രാഞ്ച് റിപോര്‍ട്ട്. അപകടവിവരം അറിഞ്ഞയുടനെ കണ്‍ട്രോള്‍ റൂം വാഹനവും മ്യൂസിയം പോലീസും സ്ഥലത്തെത്തിയിരുന്നു. പരുക്കേറ്റവര്‍ക്ക് വൈദ്യസഹായം നല്‍കാനാണ് ആദ്യം ശ്രമിച്ചത്. രാത്രി രണ്ടുവട്ടം രാജുവിന്റെ വീട്ടില്‍ പോലീസ് എത്തിയതിന് ദൃശ്യങ്ങള്‍ തെളിവുണ്ട്. എന്നാല്‍, രാജു പോലീസിനെ വിളിച്ചുവെന്ന് പറയുന്നത് വിശ്വസനീയമല്ലെന്നും കമ്മീഷണര്‍ക്ക് നല്‍കിയ റിപോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.




