Kerala
സൂരജ് ലാമയുടെ മരണം കൊലപാതകമെന്ന് ഭാര്യ; സമഗ്രാന്വേഷണം വേണം, നീതി ലഭ്യമാക്കണം
ലാമയുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. സംസ്‌കാരം ഇന്ന് നടക്കും.
കൊച്ചി | സൂരജ് ലാമയുടെ മരണം കൊലപാതകമെന്ന് ഭാര്യ. വെറുമൊരു മിസ്സിങ് കേസായി ഇതിനെ കാണരുതെന്ന് അവര്‍ ആവശ്യപ്പെട്ടു. സമഗ്രമായ അന്വേഷണം വേണം. നീതി ലഭ്യമാക്കണം. ദുരൂഹത നീക്കണം. ‘ഞങ്ങളെ സഹായിക്കൂ’ എന്ന് പറഞ്ഞ് മാധ്യമങ്ങള്‍ക്കു മുമ്പില്‍ അവര്‍ പൊട്ടിക്കരഞ്ഞു.
ലാമയുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. സംസ്‌കാരം ഇന്ന് നടക്കും. ലാമയുടെ മരണത്തില്‍ കളമശ്ശേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണ്. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പുറത്തുവരുന്നതോടെ മരണ കാര്യത്തില്‍ കൂടുതല്‍ വ്യക്തത ലഭിച്ചേക്കും.
രണ്ട് മാസം മുമ്പ് കളമശ്ശേരി എച്ച് എം ടി കമ്പനിക്ക് എതിര്‍വശത്തെ കാടുമൂടിയ മേഖലയിലെ ചതുപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു മൃതദേഹം. ഡി എന്‍ എ പരിശോധനയിലാണ് മൃതദേഹം ലാമയുടേതാണെന്ന് സ്ഥിരീകരിച്ചത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ അഞ്ചിന് കുവൈത്തില്‍ നിന്നെത്തി നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങിയ ശേഷം കാണാതായ സൂരജ് ലാമക്കായി മകന്‍ സാന്‍ടന്‍ ലാമ നടത്തിയ തിരച്ചില്‍ വലിയ വാര്‍ത്തയായിരുന്നു. പിന്നീട് പോലീസ് കണ്ടെത്തി കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചതിനു ശേഷവും ഓര്‍മശക്തി നഷ്ടപ്പെട്ട ലാമ അവിടെനിന്നും പോയിരുന്നു. മകന്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹരജിക്ക് പിന്നാലെ കോടതി നിര്‍ദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘം ലാമക്കായി തിരച്ചില്‍ നടത്തി. പിന്നീട് ലാമയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തുകയായിരുന്നു.




