Connect with us

Book Review

ആർദ്രമായ ഓർമകളുടെ ആവിഷ്കാരം

ഓർമകളുടെ സ്നേഹതീരം - ടി എൻ പ്രതാപൻ കൊവിഡ് കൊണ്ടുവന്ന പതിനാല് ദിവസത്തെ ക്വാറന്റൈനിലിരുന്നപ്പോൾ കടന്നുപോയ ദുരിതങ്ങളുടെയും സഹനങ്ങളുടെയും തനിക്ക് കിട്ടിയ സ്നേഹത്തിന്റെയും കരുതലിന്റെയും വഴികളെ കുറിച്ച് രചയിതാവ് കിട്ടിയ സമയം ഉപയോഗിച്ച് എഴുതിത്തീർത്ത പച്ചയായ ജീവിതാനുഭവങ്ങളുടെ പുസ്‌തകമാണിത്. കടിച്ചാൽ പൊട്ടാത്ത വാക്കുകളുടെ ഘോഷയാത്രയോ സാഹിത്യം കൊണ്ടുള്ള അമ്മാനമാടലുകളോ ഇല്ലാത്തതിനാൽ വളരെ എളുപ്പത്തിൽ ഏത് പ്രായക്കാർക്കും മനസ്സിലാക്കാനും ഉൾക്കൊള്ളാനും സാധ്യമാകും വിധത്തിലുള്ളതാണ് "ഓർമകളുടെ സ്നേഹതീരം'.

Published

|

Last Updated

കേരളത്തിലെ കോൺഗ്രസ്‌ രാഷ്ട്രീയത്തിൽ നിറഞ്ഞു നിൽക്കുന്ന ടി എൻ പ്രതാപൻ എം പിയുടെ “ഓർമകളുടെ സ്നേഹതീര’ത്തിലൂടെ സഞ്ചരിച്ചു കഴിഞ്ഞു. വളരെ കുറഞ്ഞ സമയം കൊണ്ട് വായിച്ചു തീർത്ത 150 പേജുള്ള ഒരു പുസ്തകം.
കൊവിഡ് കൊണ്ടുവന്ന പതിനാല് ദിവസത്തെ ക്വാറന്റൈനിലിരുന്നപ്പോൾ താൻ കടന്നുപോയ ദുരിതങ്ങളുടെയും സഹനങ്ങളുടെയും തനിക്ക് കിട്ടിയ സ്നേഹത്തിന്റെയും കരുതലിന്റെയും വഴികളെ കുറിച്ച് രചയിതാവ് കിട്ടിയ സമയം ഉപയോഗിച്ച് എഴുതിത്തീർത്ത പച്ചയായ ജീവിതാനുഭവങ്ങളുടെ പുസ്‌തകമാണിത്.
കടിച്ചാൽ പൊട്ടാത്ത വാക്കുകളുടെ ഘോഷയാത്രയോ സാഹിത്യം കൊണ്ടുള്ള അമ്മാനമാടലുകളോ ഇല്ലാത്തതിനാൽ വളരെ എളുപ്പത്തിൽ ഏത് പ്രായക്കാർക്കും മനസ്സിലാക്കാനും ഉൾക്കൊള്ളാനും സാധ്യമാകും വിധത്തിലുള്ളതാണ് “ഓർമകളുടെ സ്നേഹതീരം’.

കടലിൽ മീൻപിടിക്കാൻ പോകുന്ന നാരായണേട്ടന്റെയും അടുത്ത വീടുകളിൽ പണിക്ക് പോകുന്ന കാളിയേടത്തിയുടെയും മക്കളിൽ രണ്ടാമനായ ടി എൻ പ്രതാപൻ പട്ടിണിയിലേക്കാണ് പിറന്നുവീഴുന്നത്. ദുരിതപൂർണമായിരുന്നു അദ്ദേഹത്തിന്റെ ബാല്യവും കൗമാരവുമൊക്കെ. മുലകുടിക്കുന്ന പ്രായത്തിൽ കുഞ്ഞു പ്രതാപനെ അയൽ വാസിയായ റാവിയുമ്മയെ ഏൽപ്പിച്ച് പണിക്ക് പോകുന്ന അമ്മ.

കടലിൽ മീൻ പിടിക്കാൻ പോയി പല സമയങ്ങളിലും മീനൊന്നും കിട്ടാതെ കാലി പാത്രവുമായി മടങ്ങിവരുന്ന അച്ഛൻ. മഴക്കാലത്തൊന്നും വീട്ടിലേക്ക് അതിഥികളായി ആരും വരരുതേ എന്ന് പ്രാർഥിക്കുന്ന കുടുംബം. ഓല മേഞ്ഞ് ഓലകൾ കൊണ്ടു തന്നെ ചുമരുകൾ തിരിച്ച ഒരു കുഞ്ഞു കൂരയിൽ അച്ഛനും അമ്മയും ഒമ്പത് മക്കളുമടക്കം പതിനൊന്ന് പേർക്ക് പുറമെ ഒരാളെ കൂടി കിടത്താൻ സ്ഥലമില്ലാത്ത അവസ്ഥ.

വീട്ടിൽ ശുചിമുറി ഇല്ലാത്തത്തിനാൽ സൂര്യനുദിക്കുന്നതിന് മുമ്പ് ഒഴിഞ്ഞ പറമ്പിനെ ആശ്രയിക്കുന്ന, അല്ലെങ്കിൽ ഒന്ന് മൂത്രമൊഴിക്കാൻ പോലും സൂര്യനസ്‌തമിക്കാൻ കാത്തിരിക്കേണ്ടി വരുന്ന അമ്മയുടെയും സഹോദരിയുടെയും സാഹചര്യങ്ങൾ.
അമ്മ പണിക്ക് പോയപ്പോൾ സ്വന്തം മകൻ ജബ്ബാറിന് മുലപ്പാല് കൊടുക്കുമ്പോൾ ഒപ്പം പ്രതാപനും പാൽ നൽകുന്ന റാവിയുമ്മയും വൈകുന്നേര സമയത്ത് എല്ലാ ദിവസവും ചേമ്പിലയിൽ ഉപ്പ്മാവ് പൊതിഞ്ഞു “തെന്റെ അമ്മയ്ക്ക്‌ കൊടുക്ക് കേട്ട’ എന്ന് പറഞ്ഞു തന്നെ സ്നേഹിക്കുന്ന ഇച്ചാക്കി അമ്മായിയും, പത്താം ക്ലാസ് പാസ്സായപ്പോൾ കഷ്ടപ്പാട് കൊണ്ട് ബോംബെ ഹോട്ടലിലേക്ക് അച്ഛൻ പറഞ്ഞയക്കാനിരുന്നപ്പോൾ അച്ഛനെ കണ്ട് കാര്യങ്ങൾ സംസാരിച്ച കുഞ്ഞുബാപ്പു സാഹിബുമെല്ലാം ഓർമകളുടെ സ്നേഹതീരത്തിലെ സ്നേഹത്തിന്റെയും കരുതലിന്റെയും നേർ സാക്ഷ്യങ്ങളാണ്.

ഒരു പക്ഷേ താൻ ജീവിതത്തിൽ നേടിയെടുത്ത കാര്യങ്ങളോ തനിക്കുണ്ടായിരുന്ന വിശാലമായ ഉന്നത ബന്ധങ്ങളെ കുറിച്ചോ മറ്റുള്ളവർക്ക് വേണ്ടി ചെയ്ത സേവനങ്ങളുടെ നീണ്ട ലിസ്റ്റുകളുടെ കണക്കുകളെ കുറിച്ചോ മാത്രം പറഞ്ഞു കൊണ്ടു നൂറോ ഇരുന്നൂറോ പേജുള്ള ഒരു പുസ്തകം തന്നെ ഇറക്കാമായിരുന്നു. എന്നാൽ അതൊന്നും എഴുതാതെ തന്നെ താനാക്കി മാറ്റാൻ സഹായിച്ചവരെ കുറിച്ചും അവരോടുള്ള തന്റെ സ്നേഹത്തെ പറ്റിയും ആദരവിനെ കുറിച്ചും എഴുതി അദ്ദേഹം ഇവിടെയും മാതൃക കാണിച്ചു തരുന്നുണ്ട്.

ഒരു കാലവർഷക്കാലം കടലിൽ പോകാൻ കഴിയാതെ വിഷമിച്ചിരിക്കുന്ന അച്ഛൻ. ദുഃഖത്തോടെയിരിക്കുന്ന അമ്മ. കഴിക്കാനൊന്നും കിട്ടാതെ പ്രതാപനടക്കം ഒമ്പത് മക്കൾ. ഒന്നും കഴിക്കാൻ കഴിയാതെ വിശന്നിരിക്കുന്നു. ഭൂമിയിൽ ഇരുട്ട് വീണ് നേരം സന്ധ്യയായി കഴിഞ്ഞപ്പോൾ അടുത്ത വീട്ടിലെ പറമ്പിലേക്ക് നടന്ന് അവിടെ നിന്നും കുറച്ചു കപ്പക്കഷ്ണം മോഷ്ടിച്ചെടുക്കുന്നു. വീട്ടിലേക്ക് കൊണ്ടുവന്ന് എല്ലാവർക്കും വേവിച്ചു കൊടുക്കുന്നു.
മോഷ്ടിച്ചു കൊണ്ടുവന്നതാണെന്നറിഞ്ഞപ്പോൾ അത് കഴിക്കാതെ അമ്മ അവിടെ തന്നെ കിടന്നു. നേരം വെളുത്തപ്പോൾ തന്നെ വേഗത്തിലെഴുന്നേറ്റ് മോഷ്ടിച്ച വീട്ടിൽ പോയി ഐസകുട്ടി താത്തയോട് നടന്ന കാര്യങ്ങളൊക്കെ പറഞ്ഞു എനിക്ക് മാപ്പ് തരണം എന്ന് വിലപിച്ച് കെഞ്ചുന്ന പ്രതാപന്റെ കൈയ്യും പിടിച്ചു ഐസകുട്ടിതാത്ത വീട്ടിലെത്തി.

“നിങ്ങയെന്തേ ഇന്നലെ കപ്പ കയ്ക്കാഞ്ഞത്’ എന്ന് ചോദിക്കുന്നു.
ഇത് കേട്ട് വിതുമ്പുന്ന അമ്മയോട് സ്നേഹത്തോടെ ഐസുകുട്ടിത്ത പറഞ്ഞു… “ഇവിടെ ഒന്നുല്ലെങ്കിൽ എന്നോട് ഒരു വാക്ക് പറയണ്ടേ. നിങ്ങൾ വിശന്ന് നിൽക്കാ…. ഞങ്ങളവിടെ ഭക്ഷണം കഴിക്കോ…. ഇത് ശരിയാണോ….? എന്നോട് ഒരു വാക്ക് പറയണ്ടേന്റെ കാളിക്കുട്ടി ഏട്ത്തി …..’ എന്നും പറഞ്ഞു അവർ നടന്നുപോകുന്നു.
ആദ്യം മുതൽ അവസാനം വരെയും സ്നേഹത്തിന്റെയും കരുണയുടെയും സൗഹാർദത്തിന്റെയും നല്ല നല്ല ഓർമകൾ നമുക്കിതിൽ വായിക്കാനാകും. ഗ്രീൻ ബുക്‌സാണ് പ്രസാധകർ.

ഇർഷാദ് കെ കൊളപ്പുറം

irshadkpm2000@gmail.com

Latest