Connect with us

കാലാവസ്ഥാ വ്യതിയാനം

ഭൂമിയെ കരുതണം, ഇനിയെങ്കിലും

ഇനിയൊരുശ്രമം പോലും നടത്തി പരിഹരിക്കാന്‍ കഴിയുന്നതിനുമപ്പുറം ഭൂലോകത്തിന്റെ കാലാവസ്ഥാ വ്യതിയാനം എത്തിനില്‍ക്കുകയാണ്. പക്ഷേ, എന്നിട്ടും നാമിപ്പോഴും അതിനെ ഇതുവരെ ഗൗരവകരമായി സമീപിച്ചിട്ടില്ല എന്നതാണ് വാസ്തവം.

Published

|

Last Updated

മനുഷ്യരെപ്പോലെയും മറ്റു ജീവികളെപ്പോലെയും ഭൂമിക്കും പ്രായമാകുമോ? കൗമാരത്തിന്റെ പ്രസരിപ്പ് നഷ്ടപ്പെട്ട്, യൗവന തീക്ഷ്ണത നശിച്ച്, രോഗാതുരമായ വാര്‍ധക്യം പേറുന്ന ഭൂമിയെ സങ്കല്‍പ്പിച്ചു നോക്കിയിട്ടുണ്ടോ? കാലം മനുഷ്യന് വാര്‍ധക്യം ഏല്‍പ്പിക്കുമ്പോള്‍, ഭൂമിക്ക് കാലമല്ല, മനുഷ്യരാണ് രോഗാതുരമായ വാര്‍ധക്യം അടിച്ചേല്‍പ്പിക്കുന്നത്. നമ്മുടെ ഭൂമിയും പരിസ്ഥിതിയും കാലാവസ്ഥയും എല്ലാം മാറുകയാണ്. ഇന്നലെകള്‍ സുഖമായി ജീവിച്ചുതീര്‍ത്ത നമ്മുടെ അപ്പനപ്പൂപ്പന്മാര്‍ ഇന്നിന്റെ പാരിസ്ഥിതിക പ്രശ്നങ്ങളെപ്പറ്റി ആശങ്കാകുലരാകുമ്പോള്‍, നാളെയെ നാം ഭയക്കേണ്ടതുണ്ട്. നാമത് തിരിച്ചറിഞ്ഞിട്ടില്ലെങ്കില്‍ തന്നെയും, കാലാവസ്ഥാ വ്യതിയാനം അത്രമേല്‍ നമ്മുടെ ജീവിതത്തിനു മേല്‍ കരിനിഴല്‍ വീഴ്ത്തിക്കഴിഞ്ഞിട്ടുണ്ട്.

മനുഷ്യന്‍ പുതിയ കണ്ടുപിടിത്തങ്ങളിലൂടെ ജീവിതനിലവാരത്തിന്റെ തോത് കൂട്ടുമ്പോഴും മികച്ച ജീവിതാവസ്ഥകള്‍ കെട്ടിപ്പടുക്കുമ്പോഴുമൊക്കെ കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചുപോകുന്ന അവസ്ഥ ഒന്ന് സങ്കല്‍പ്പിച്ചു നോക്കൂ. നാം അധിവസിക്കുന്ന ഭൂമിയുടെ കാലാവസ്ഥ അനുദിനം താളംതെറ്റിക്കൊണ്ടിരിക്കുന്നു. നാളെ നാമോരോരുത്തരും അതിന്റെ ദോഷഫലങ്ങള്‍ക്ക് വിധേയരാകാന്‍ പോകുകയാണെന്ന സത്യവും കൂടി അതിനൊപ്പം സങ്കല്‍പ്പിച്ചു നോക്കുക. ഇക്കഴിഞ്ഞ ആഗസ്റ്റ് ഒമ്പതാം തീയതി പുറത്തിറങ്ങിയ ഐ പി സി സിയുടെ കാലാവസ്ഥാ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചുകൊണ്ട് ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞത്, കാലാവസ്ഥയില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ക്കൊന്നും ഇനിയൊരു തിരിച്ചുപോക്ക് ഉണ്ടാകില്ല എന്നാണ്. ഐ പി സി സിയുടെ ആദ്യ റിപ്പോര്‍ട്ട് പുറത്തിറങ്ങിയ 1990 മുതല്‍ ഓരോ ആഗോള കാലാവസ്ഥാ റിപ്പോര്‍ട്ടുകളിലെയും കാര്യങ്ങള്‍ നമ്മളെ ബാധിക്കുന്നതല്ലെന്ന് കരുതിയിരുന്നു നാം. എന്നാല്‍ ഇനിയിപ്പോള്‍ നാം ശ്രമിച്ചാലും ഭൂമിയുടെ സുസ്ഥിരമായ നിലനില്‍പ്പ് സാധ്യമാക്കാന്‍ ബുദ്ധിമുട്ടാണെന്ന തിരിച്ചറിവ് ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറിയുടെ വാക്കുകളില്‍ അന്തര്‍ലീനമായി അടങ്ങിയിരിക്കുന്നു.

എന്താണ് ഐ പി സി സി

കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റി ശാസ്ത്രീയമായി പഠിക്കാനും, അതിന്റെ ഭാഗമായി ലോകരാജ്യങ്ങള്‍ക്ക് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കാനും ഐക്യരാഷ്ട്ര സംഘടനയുടെ ഒരു പ്രധാന ബോഡിയായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (ഐ പി സി സി). കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടാകാന്‍ സാധ്യതയുള്ള പ്രശ്നങ്ങളെക്കുറിച്ചും അതിനെതിരെ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും ഒക്കെ പഠിച്ച് രാഷ്ട്രങ്ങള്‍ തമ്മില്‍ നയരൂപവത്കരണം നടത്തേണ്ട ഉത്തരവാദിത്വം കൂടി അവര്‍ വഹിക്കുന്നുണ്ട്. 1988ല്‍ ലോക കാലാവസ്ഥാ സഭയും ഐക്യരാഷ്ട്ര പരിസ്ഥിതി സഭയും ചേര്‍ന്നാണ് ഇന്ന് 195 രാജ്യങ്ങള്‍ അംഗങ്ങളായിട്ടുള്ള ഐ പി സി സിക്ക് രൂപം നല്‍കിയത്. സ്വിറ്റ്സര്‍ലാൻഡിലെ ജനീവ ആണ് അവരുടെ ആസ്ഥാനം.
ഐ പി സി സി നേരിട്ട് കാലാവസ്ഥാ ഗവേഷണങ്ങള്‍ നടത്തുകയോ കാലാവസ്ഥാ വ്യതിയാനം പഠിക്കുകയോ ചെയ്യാതെ തന്നെ, ലോകത്തെ വിവിധ രാജ്യങ്ങളിലുള്ള ആയിരത്തിലധികം കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ പ്രധാന പഠനങ്ങളെ ഉദ്ധരിച്ചുകൊണ്ടാണ് സമൂലവും സമഗ്രവുമായ റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. ആറ് വര്‍ഷങ്ങള്‍ കൂടുമ്പോഴാണ് ഓരോ റിപ്പോര്‍ട്ടും പുറത്തിറങ്ങുന്നത്. ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത് ആറാമത്തെ റിപ്പോര്‍ട്ടാണ്.

പ്രധാന വില്ലന്‍ കാര്‍ബണ്‍ തന്നെ

മനുഷ്യരുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ മൂലം ഉണ്ടായിക്കൊണ്ടിരിക്കുന്ന കാര്‍ബണ്‍ ആണ് ആഗോള താപനത്തിന്റെയും അതുവഴിയുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെയും പിന്നിലെ ഏറ്റവും പ്രധാന കാരണം. അറിഞ്ഞോ അറിയാതെയോ നാം ക്രമാതീതമായി കാര്‍ബണ്‍ ഡയോക്‌സൈഡ് ഉത്പാദിപ്പിച്ചുകൊണ്ടിരിക്കുന്നു. നമ്മള്‍ ശ്വസനത്തിനു ശേഷം പുറത്തു വിടുന്നതു മുതല്‍, കോടിക്കണക്കിന് വാഹനങ്ങളില്‍ നിന്ന് പുറംതള്ളുന്ന ടണ്‍കണക്കിന് കാര്‍ബണ്‍ ഡയോക്‌സൈഡ് വരെ ഇതിന് ഒരുപോലെ ഉത്തരവാദികളാണ്. ഇങ്ങനെ അനിയന്ത്രിതമായി പുറന്തള്ളപ്പെടുന്ന കാര്‍ബണ്‍ ഡയോക്‌സൈഡ് ആഗിരണം ചെയ്ത് ഓക്സിജനാക്കി മാറ്റാനുള്ള ഏക മാര്‍ഗം മരങ്ങള്‍ മാത്രമാണ്. എന്നാല്‍ വലിയ അളവിലുള്ള വനനശീകരണവും നിലം നികത്തലുമൊക്കെ നമുക്ക് ശീലമായതോടെ പ്രകൃതിയുടെ ആ സ്വതസിദ്ധമായ രക്ഷാമാര്‍ഗം കൊട്ടിയടക്കുകയാണുണ്ടായത്. മാത്രമല്ല, അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ ആയുസ്സ് വര്‍ഷങ്ങള്‍ കടന്ന് നൂറ്റാണ്ടുകളിലേക്ക് നീളുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. അതായത്, മനുഷ്യരാശിയുടെ മുഴുവന്‍ ആയുസ്സും നാമിപ്പോള്‍ത്തന്നെ ഉത്പാദിപ്പിച്ചു കഴിഞ്ഞിട്ടുള്ള കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ ദോഷഫലങ്ങള്‍ അനുഭവിക്കും എന്നര്‍ഥം. ഭൂമിയിലേക്ക് കടന്നുവരുന്ന സൂര്യപ്രകാശത്തിന്റെ ചൂടിനെ തിരികെ പ്രതിഫലിപ്പിക്കാതെ അന്തരീക്ഷത്തില്‍ തന്നെ അടക്കിനിര്‍ത്തുന്നു. അതുവഴി ആഗോളതലത്തില്‍ താപനില ഉയരുകയും വലിയ ഐസ് മലകള്‍ ഉരുകുകയും ആ ജലം കടലുകളിലേക്ക് കൂട്ടമായി എത്തുകയും ചെയ്യുന്നു. അന്തരീക്ഷത്തിലെ ചൂട് വര്‍ധിക്കുന്നതിനനുസരിച്ച് കടല്‍ ചൂടാകുകയും മത്സ്യസമ്പത്ത് വലിയ തോതില്‍ നശിക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ നമുക്ക് ഇനിയൊരുശ്രമം പോലും നടത്തി പരിഹരിക്കാന്‍ കഴിയുന്നതിനുമപ്പുറം ഭൂലോകത്തിന്റെ കാലാവസ്ഥാ വ്യതിയാനം എത്തിനില്‍ക്കുകയാണ്. പക്ഷേ, എന്നിട്ടും നാമിപ്പോളും അതിനെ ഇതുവരെ ഗൗരവകരമായി സമീപിച്ചിട്ടില്ല എന്നതാണ് വാസ്തവം.

ഇന്ത്യയെ ബാധിക്കുന്നതെങ്ങനെ?

കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷഫലങ്ങള്‍ ലോകത്തെ മറ്റേതൊരു പ്രദേശങ്ങളേക്കാളുമേറെ കൂടുതലായി ബാധിക്കാന്‍ സാധ്യതയുള്ള പ്രദേശമാണ് ഇന്ത്യ. ഇന്ത്യയുടെ ഭൂപ്രകൃതി തന്നെയാണ് അതിന്റെ പ്രധാന കാരണവും. ഒരുവശത്ത് ഹിമാലയ പര്‍വത നിരകളും മറ്റു മൂന്ന് വശങ്ങളില്‍ കടലുകളാല്‍ ചുറ്റപ്പെട്ടതുമായ ഇന്ത്യ ഈ പ്രത്യേകതകള്‍ കൊണ്ട് സുരക്ഷിതമായ പ്രദേശമാണെന്നാണ് സാധാരണയായി പറയാറുള്ളത്. എന്നാല്‍, കാലാവസ്ഥാ വ്യതിയാനത്തിന്റെ കാര്യത്തില്‍ ഇത് ദോഷകരമായാണ് ഭവിക്കുന്നത്. അറബിക്കടലും ഇന്ത്യന്‍ മഹാസമുദ്രവും ബംഗാള്‍ ഉള്‍ക്കടലും ചേര്‍ന്നുകൊണ്ട് ഇന്ത്യ ഒരു ഉപദ്വീപായാണ് പറയപ്പെടുന്നത്. ഏറ്റവുമധികം വേഗത്തില്‍ ചൂടുപിടിക്കുന്ന സമുദ്രങ്ങളില്‍ ഒന്നാണ് ഇന്ത്യന്‍ മഹാസമുദ്രം. കടലുകള്‍ ചൂടുപിടിക്കുന്നത് വലിയ ചുഴലിക്കാറ്റുകള്‍ക്ക് കാരണമാകുന്നുണ്ട്. ചുഴലിക്കാറ്റുകള്‍ രൂപപ്പെടാനുള്ള ജലാംശവും ഊര്‍ജവും ലഭിക്കുന്നത് കടലില്‍ നിന്നാണല്ലോ. കടല്‍ ചൂടാകുകവഴി ചുഴലിക്കാറ്റുകളുടെ എണ്ണം ഏതാണ്ട് 50 ശതമാനവും അതിന്റെ കാഠിന്യം 20 ശതമാനവും അത് കടലില്‍ തന്നെ തുടരാനുള്ള സാധ്യത 80 ശതമാനം വരെയും ആണെന്നാണ് പഠനങ്ങള്‍. ചുഴലിക്കാറ്റിനൊപ്പം, അതിതീവ്രമഴയുടെ അളവും ഏതാണ്ട് മൂന്ന് മടങ്ങുവരെ കൂടിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇതുപോലെ ചുരുങ്ങിയ സമയത്ത് പെയ്യുന്ന മഴയുടെ അളവ് കൂടുന്നതിന്റെ ദോഷഫലങ്ങള്‍ പ്രളയമായും വെള്ളപ്പൊക്കമായുമൊക്കെ നാം അനുഭവിക്കുന്നുണ്ടല്ലോ. അതുകൊണ്ട്, ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവുമൊക്കെ ദോഷകരമായി ബാധിക്കുന്ന കാര്യത്തില്‍ ഇന്ത്യ മുന്നിലാണെന്നത് നിസ്സാരമായി കണ്ടുകൂടാ.

പരിഹാരം അകലെയാണോ?

ആഗോള താപനം ഇത്രയേറെ പരിതാപകരമായ അവസ്ഥയില്‍ എത്തിനില്‍ക്കുമ്പോഴും, ഐ പി സി സിയുടെ പുതിയ റിപ്പോര്‍ട്ടില്‍ ഇനിയൊരു പരിഹാരം അകലെയാണെന്ന് സൂചിപ്പിക്കുമ്പോഴും പ്രതീക്ഷയുടെ ചെറിയൊരു തിരിനാളം നാം തെളിയിച്ചേ മതിയാകൂ. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറച്ചുകൊണ്ട്, പുനഃസ്ഥാപിക്കാവുന്ന ഊര്‍ജ രീതികള്‍ നാം പിന്തുടരേണ്ടതുണ്ട്. സോളാര്‍ ഊര്‍ജവും മറ്റും കൂടുതല്‍ പ്രോത്സാഹിപ്പിക്കേണ്ടിയിരിക്കുന്നു. ജീവിത നിലവാരം ഉയരുന്നതിനനുസരിച്ച് നമ്മുടെയൊക്കെ വീടുകളില്‍ ഓരോ വാഹനം വാങ്ങുമ്പോഴും, ഓരോ എയര്‍ കണ്ടീഷന്‍ വാങ്ങുമ്പോഴും നാം ആഗോള താപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനുമായി സഹായം ചെയ്യുകയാണ് എന്ന കാര്യം മനസ്സിലാക്കണം. വികസനങ്ങള്‍ മനുഷ്യന്റെ നന്മക്കു വേണ്ടി തന്നെയാകണമെന്നതില്‍ സംശയമില്ല. പക്ഷേ, ഇത്തരം ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം എങ്ങനെയാണ് പ്രകൃതിയെ ബാധിക്കുന്നതെന്ന് നാം കൃത്യമായി മനസ്സിലാക്കിയിരിക്കണം. ഒപ്പം അത് പരമാവധി ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ കൂടി സ്വീകരിക്കുകയും വേണം.

പ്രതീക്ഷയുടെ തിരിനാളം

ഈ വരുന്ന ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 12 വരെ സ്‌കോട്‌ലാന്‍ഡിലെ ഗ്ലാസ്ഗോവില്‍ കാലാവസ്ഥാ വ്യതിയാന സമ്മേളനം നടക്കാന്‍ പോകുകയാണ്. ഈ സമ്മേളനത്തില്‍ ഐ പി സി സിയുടെ റിപ്പോര്‍ട്ടിനുമേല്‍ ക്രിയാത്മകമായ ചര്‍ച്ചയും ഉചിതമായ തീരുമാനങ്ങളും കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആയിരത്തിലധികം കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ ആഴത്തില്‍ പഠനങ്ങള്‍ നടത്തി പരിഹാരങ്ങള്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന റിപ്പോര്‍ട്ടിനുമേല്‍ തീരുമാനം കൈക്കൊള്ളാനുള്ള സ്വാതന്ത്ര്യം പക്ഷേ അവരേക്കാള്‍ ലോകം ഭരിക്കുന്ന ഭരണാധികാരികള്‍ക്കാണ്. അവിടെ ശാസ്ത്രത്തിനേക്കാള്‍ രാഷ്ട്രീയത്തിനാണ് കൂടുതല്‍ സ്വാധീനമുള്ളത്. എന്നിരുന്നാലും, ഈ വിഷയത്തിന്റെ പ്രാധാന്യം പരിഗണിച്ചുകൊണ്ട് ഈ വൈകിയ വേളയിലെങ്കിലും ആഗോള താപനത്തില്‍ നിന്നും കാലാവസ്ഥാ വ്യതിയാനത്തില്‍ നിന്നുമൊക്കെ ഭൂമിയെയും മനുഷ്യരെയും സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ലോകരാജ്യങ്ങള്‍ കൈകോര്‍ക്കുമെന്നു തന്നെ നമുക്ക് പ്രതീക്ഷിക്കാം.

abesh199@gmail.com

(കൊച്ചി സര്‍വകലാശാല, സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആണ് ലേഖകന്‍)