Connect with us

Ongoing News

നറുക്കെടുപ്പ് തുണച്ചു; കോണ്‍ഗ്രസ്സിലെ എ ബഷീര്‍ ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

കൂറുമാറ്റ നിരോധന നിയമപ്രകാരം നിലവിലെ പ്രസിഡന്റ് അയോഗ്യനായതോടെ നടന്ന തിരഞ്ഞെടുപ്പിലാണ് ഭാഗ്യത്തിന്റെ പിന്‍ബലത്തോടെ കോണ്‍ഗ്രസ്സ് അംഗം എ ബഷീര്‍ പ്രസിഡന്റായത്.

Published

|

Last Updated

ചിറ്റാര്‍ | നറുക്കെടുപ്പിന്റെ പിന്‍ബലത്തില്‍ ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പദത്തിലേക്ക് യു ഡി എഫ് സ്ഥാനാര്‍ഥി വിജയിച്ചു. കൂറുമാറ്റ നിരോധന നിയമപ്രകാരം നിലവിലെ പ്രസിഡന്റ് അയോഗ്യനായതോടെ നടന്ന തിരഞ്ഞെടുപ്പിലാണ് ഭാഗ്യത്തിന്റെ പിന്‍ബലത്തോടെ കോണ്‍ഗ്രസ്സ് അംഗം എ ബഷീര്‍ പ്രസിഡന്റായത്.

നേരത്തെ കോണ്‍ഗ്രസ്സ് അംഗത്തെ മറുകണ്ടം ചാടിച്ച് പ്രസിഡന്റാക്കി പഞ്ചായത്ത് ഭരണം സി പി എം പിടിച്ചെടുത്തിരുന്നു. 13 അംഗ പഞ്ചായത്തില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആറ്, സി പി എം അഞ്ച്, ബി ജെ പി രണ്ട് എന്നിങ്ങനെയായിരുന്നു കക്ഷി നില.

അടൂര്‍ പ്രകാശ് എം പിയുടെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസ്സില്‍ പ്രസിഡന്റ് പദവി പങ്കുവെയ്ക്കാന്‍ ധാരണയായി. ഇതു പ്രകാരം ആദ്യ രണ്ടര വര്‍ഷം എ ബഷീറും ശേഷിച്ച കാലം സജി കുളത്തുങ്കലും പ്രസിഡന്റാകാനായിരുന്നു തീരുമാനം. എന്നാല്‍, ആദ്യ ടേമില്‍ പ്രസിഡന്റ് സ്ഥാനം തനിക്ക് വേണമെന്ന് സജി വാശി പിടിച്ചു. ലഭിക്കാതെ വന്നതോടെ സി പി എമ്മിനൊപ്പം ചേര്‍ന്ന് സജി പ്രസിഡന്റായി. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയെ തുടര്‍ന്ന് സജിയെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കി. ഇതോടെ കോണ്‍ഗ്രസ്സിന്റെയും സി പി എമ്മിന്റെയും അംഗസംഖ്യ തുല്യമായി.

ഇന്ന് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സില്‍ നിന്ന് എ ബഷീറും സി പി എമ്മില്‍ നിന്ന് മൂന്നാം വാര്‍ഡ് അംഗം എസ് നിഷയും മത്സരിച്ചു. ഇരുകൂട്ടര്‍ക്കും തുല്യവോട്ട് വന്നതിനെ തുടര്‍ന്ന് നടന്ന നറുക്കെടുപ്പില്‍ ഭാഗ്യം ബഷീറിനെ തുണയ്ക്കുകയായിരുന്നു. ബി ജെ പി അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

സജി അയോഗ്യനാക്കപ്പെട്ടതിനെ തുടര്‍ന്ന് ഒഴിവു വന്ന രണ്ടാം വാര്‍ഡില്‍ അടുത്ത മാസം ഉപതിരഞ്ഞെടുപ്പ് നടക്കും. ഇവിടെ വിജയിക്കുന്ന കക്ഷിക്ക് പ്രസിഡന്റ്് സ്ഥാനം ഉറപ്പിക്കാം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മൂന്ന് വോട്ടിനാണ് രണ്ടാം വാര്‍ഡില്‍ നിന്ന് സജി, സി പി എം നേതാവ് എം എസ് രാജേന്ദ്രനെ തോല്‍പ്പിച്ചത്.

 

Latest