Connect with us

cpi conference

സി പി ഐ സമ്മേളനത്തിൽ മന്ത്രിമാരെയും കുറ്റപ്പെടുത്തി പ്രതിനിധികൾ

ശ്രീറാമിന്റെ കലക്ടർ നിയമനത്തിനെതിരെ വിമർശം

Published

|

Last Updated

തിരുവനന്തപുരം | സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊന്ന കേസിലെ പ്രധാന പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറാക്കിയ നടപടിക്കെതിരെ സി പി ഐ സംസ്ഥാന സമ്മേളനത്തിൽ രൂക്ഷ വിമർശം. ഒപ്പം പാർട്ടി മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും പ്രതിനിധികൾ കുറ്റപ്പെടുത്തി. റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുന്നത് സി പി ഐ ആണെന്നിരിക്കെ കളങ്കിതനായ വ്യക്തിക്ക് കലക്ടറായുള്ള നിയമനം കൊടുത്തത് ആരുടെ തീരുമാനമാണെന്ന ചോദ്യമുയർത്തിയ മലപ്പുറത്ത് നിന്നുള്ള പ്രതിനിധി, പ്രതിഷേധം കടുത്തപ്പോൾ പിൻമാറേണ്ടിവന്നത് വകുപ്പിന് നാണക്കേടായെന്നും ചൂണ്ടിക്കാട്ടി. റവന്യൂമന്ത്രി കെ രാജനെ ലക്ഷ്യമിട്ടായിരുന്നു വിമർശം. ഒപ്പം മൃഗസംരക്ഷണ മന്ത്രി ചിഞ്ചുറാണി, ഭക്ഷ്യമന്ത്രി ജി ആർ അനിൽ, കൃഷിമന്ത്രി പി പ്രസാദ് എന്നീ സി പി ഐ മന്ത്രിമാർക്കെതിരെയും വിമർശമുയർന്നു.

എസ് ഐയുമായുള്ള മന്ത്രി ജി ആർ അനിലിന്റെ സംഭാഷണം ചൂണ്ടിക്കാട്ടിയായിരുന്നു വിമർശം.
ഒരു മന്ത്രിക്ക് പേലും പോലീസ് സ്റ്റേഷനിൽ നിന്ന് നീതി ലഭിക്കാത്ത സാഹചര്യമുണ്ട്. സി പി ഐ, സി പി എമ്മിന്റെ അടിമയാകുന്ന സാഹചര്യമാണ് ഇതിന് കാരണം. ഉദ്യോഗസ്ഥർ മന്ത്രിമാരെ പോലും വില കൽപ്പിക്കാത്ത അവസ്ഥ ദയനീയമാണെന്നും അഭിപ്രായമുയർന്നു. ചില ഉദ്യോഗസ്ഥർക്ക് തട്ടിപ്പുകാരുമായി ബന്ധമുണ്ട്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ശിവശങ്കർ സത്യത്തിൽ ആരാണെന്ന് അറിയാൻ ഞങ്ങൾക്ക് ആഗ്രഹം ഉണ്ടെന്ന് മലപ്പുറത്തെ ഒരു പ്രതിനിധി പറഞ്ഞു.

കൃഷിമന്ത്രി പി പ്രസാദിനെതിരെയും സമ്മേളനത്തിൽ വിമർശമുയർന്നു. കൃഷി വകുപ്പിന്റെത് മോശം പ്രവർത്തനമാണ്. ഭരണത്തിൽ പരാജയമെണെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി.
പൊതുചർച്ചയിൽ പാർട്ടി കേന്ദ്ര നേതൃത്വത്തെ അതിരൂക്ഷമായി വിമർശിച്ചും പരിഹസിച്ചും അഭിപ്രായങ്ങൾ രേഖപ്പെടുത്തിയ സി പി ഐ സമ്മേളന പ്രതിനിധികൾ സർക്കാറിന്റെയും ആഭ്യന്തര വകുപ്പിന്റെയും മാത്രമല്ല പാർട്ടി നേതൃത്വത്തിന്റെയും വകുപ്പുകളുടെയും പ്രവർത്തനം ഇഴകീറി പരിശോധിച്ചാണ് വിമർശങ്ങൾ ഉന്നയിച്ചത്. വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന കെ എസ് ആർ ടി സിയെ സംരക്ഷിക്കാൻ എൽ ഡി എഫിൽ നിലപാട് പറയണമെന്ന് കോട്ടയത്ത് നിന്നുള്ള പ്രതിനിധി അഭിപ്രായപ്പെട്ടു. പ്രായം ഒരുപാട് കടന്നിട്ടും ചില നേതാക്കൾക്ക് ആഗ്രഹങ്ങൾ ബാക്കിനിൽക്കുന്നുവെന്നും പ്രതിനിധി പരിഹസിച്ചു.

Latest