Connect with us

cover story

ആത്മീയ ചാരുതയുടെ കുഞ്ഞുഗേഹങ്ങൾ

പ്രകൃതിയും കാര്‍ഷികവൃത്തിയും ആരാധനയും തമ്മിലുള്ള അഗാധമായ ബന്ധത്തിന്റെ സ്നേഹഗാഥ കൂടിയാണ് സ്രാമ്പികള്‍ പങ്ക് വെക്കുന്നത്. ഗ്രാമീണ ജീവിതത്തെ ആത്മീയ സാന്ത്വനവുമായി ചേര്‍ത്തുനിര്‍ത്തിയ ഒരിടം. കഴിഞ്ഞകാല മുസ്‌ലിം ജീവിതത്തിന്റെ സാംസ്‌കാരിക ചിഹ്നമായിരുന്ന സ്രാമ്പികള്‍ ഇന്നും ഓര്‍മകളുടെ ഹരിതാഭ ചാര്‍ത്തി നില്‍ക്കുന്നു. ഇവിടെ സജീവമായിരുന്ന കാര്‍ഷിക സംസ്‌കൃതിയുമായി കണ്ണിചേര്‍ന്നു നില്‍ക്കുകയായിരുന്നു ഈ വിശുദ്ധ ഗേഹങ്ങള്‍. പാടങ്ങള്‍ക്കു നടുവില്‍, തോട്ടിന്‍ കരകളില്‍ സ്രാമ്പികള്‍ സ്രഷ്ടാവിനോടുള്ള പ്രാര്‍ഥനക്കു തണലൊരുക്കി. അംഗശുദ്ധി വരുത്തി സുജൂദ് ചെയ്യാനും ഒന്നു തലചായ്ച്ചു വിശ്രമിക്കാനും ധാരാളമായിരുന്നു ആ ഇത്തിരിയിടം.

Published

|

Last Updated

കേരളത്തിന്റെ നാട്ടുവഴികളില്‍ കാല്‍നട പതിവുണ്ടായിരുന്ന കാലങ്ങളില്‍ വഴിവക്കില്‍ എവിടെയെങ്കിലും കാണാമായിരുന്നു സര്‍വശക്തനുമുന്നില്‍ മുട്ടുകുത്താനുള്ള ഒരിടം. ഗ്രാമീണ ജീവിതത്തെ ആത്മീയ സാന്ത്വനവുമായി ചേര്‍ത്തുനിര്‍ത്തിയ സ്ഥാനം. സ്രാമ്പി എന്നു വിളിപ്പേരുണ്ടായിരുന്ന ആരാധനയുടെ ചെറു ഗേഹം.

കഴിഞ്ഞകാല മുസ്‌ലിം ജീവിതത്തിന്റെ സാംസ്‌കാരിക ചിഹ്നമായിരുന്ന സ്രാമ്പികള്‍ ഇന്നും ഓര്‍മകളുടെ ഹരിതാഭ ചാര്‍ത്തി നില്‍ക്കുന്നു. ഇവിടെ സജീവമായിരുന്ന കാര്‍ഷിക സംസ്‌കൃതിയുമായി കണ്ണിചേര്‍ന്നു നില്‍ക്കുകയായിരുന്നു ഈ വിശുദ്ധ ഗേഹങ്ങള്‍.

പാടങ്ങള്‍ക്കു നടുവില്‍ തോട്ടിന്‍ കരകളില്‍ സ്രാമ്പികള്‍ സ്രഷ്ടാവിനോടുള്ള പ്രാര്‍ഥനക്കു തണലൊരുക്കി. അംഗശുദ്ധി വരുത്തി സുജൂദ് ചെയ്യാനും ഒന്നു തലചായ്ച്ചു വിശ്രമിക്കാനും ധാരാളമായിരുന്നു ആ ഇത്തിരിയിടം. കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെട്ടവരും കാല്‍നടക്കാരുമായിരുന്നു സ്രമ്പികളെ ആശ്രയിച്ചത്. പൂര്‍ണമായും മരത്തടിയില്‍ തീര്‍ത്തവയായിരുന്നു മിക്കവയും. പ്രത്യേകമായ കമ്മിറ്റിയോ പരിപാലകരോ ഇല്ലാതെ എല്ലാവരും ഒരേ ഉത്തരവാദിത്വത്തില്‍ സ്രാമ്പികള്‍ പരിപാലിക്കപ്പെട്ടു.

പ്രകൃതിയും കാര്‍ഷികവൃത്തിയും ആരാധനയും തമ്മിലുള്ള അഗാധമായ ബന്ധത്തിന്റെ വിളക്കുമാടമായിരുന്നു സ്രാമ്പികള്‍.
കേരളത്തിലെ വടക്കു ഭാഗങ്ങളിലാണ് സ്രാമ്പികള്‍ ഏറെയും ഉണ്ടായിരുന്നത്. പള്ളികള്‍ കെട്ടിയുയര്‍ത്താന്‍ പാങ്ങില്ലാത്ത കാലത്ത് സ്രാമ്പികള്‍ ആത്മീയാഭയം തന്നെയായിരുന്നു. സ്രാമ്പി ഉണ്ടായിരുന്ന അനേകം ഇടങ്ങള്‍ ഇന്നു സ്രാമ്പിക്കൽ എന്ന നാട്ടുപേരായി അവശേഷിക്കുന്നുണ്ട്.
വയനാടുപോലെ വന്യമൃഗ ഭീഷണി നേരിടുന്ന നാടുകളില്‍ ഉയരങ്ങളില്‍ കെട്ടിയുയര്‍ത്തിയ നിലയിലായിരുന്നു സ്രമ്പികള്‍ പണിതത്. വയനാട്ടിലെ പുല്‍പ്പള്ളിക്കടുത്ത് പാതിരി വനമധ്യത്തില്‍ തകര്‍ച്ചയോടടുത്ത ഇത്തരത്തിലുള്ള ഒരു സ്രാന്പി ഇന്നും കാണുന്നു. ടൂറിസം- വന വകുപ്പുകള്‍ അതേറ്റെടുത്തിരുന്നെങ്കിലും വേണ്ട പരിഗണനകളൊന്നുമില്ലാതെ അത് നിലനില്‍ക്കുന്നു.

മലപ്പുറം, കോഴിക്കോട് ഭാഗങ്ങളിൽ സ്രാന്പി എന്നാണു വിളിപ്പേര്. വടകര ഭാഗങ്ങളില്‍ “സറാമ്പി’ എന്നും എറണാകുളം തുടങ്ങിയ ദക്ഷിണ കേരള ഭാഗങ്ങളില്‍ “തൈകാവ്’ എന്നും ഇതിനു പേരുണ്ട്. സ്രാന്പി എന്നത് ഏത് ഭാഷയിലെ പദമാണെന്ന് കൃത്യമല്ല. ചിറാമ്പി എന്ന അറബി ദാതുവില്‍ നിന്നാണു സ്രാമ്പി കടന്നുവന്നിട്ടുണ്ടാവുക എന്നാണു കരുതുന്നത്. മലൈ ഇന്തോനേഷ്യന്‍ ഭാഷയില്‍ ഉയര്‍ന്ന പ്രതലം എന്ന അര്‍ഥത്തില്‍ സെറാമ്പി എന്ന പദം ഉപയോഗിക്കുന്നുണ്ട്.
കാര്‍ഷിക ജീവിതത്തിന്റെ ഭാഗമായി നൂറ്റാണ്ടുകള്‍ പഴക്കമുള്ള സ്രാമ്പികള്‍ കേരളത്തില്‍ ഇന്നും കാണാന്‍ കഴിയും. പലതും പുതുക്കിപ്പണിയലുകള്‍ക്കും വിപുലീകരണങ്ങള്‍ക്കും വിധേയമായി. ചിലത് ഇന്നും പഴയ തനിമയില്‍ സംരക്ഷിക്കപ്പെടുന്നുണ്ട്.

കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ മേല്‍മുറിയില്‍ സ്വലാത്ത് നഗറിന് സമീപം പാടത്തുള്ള സ്രാമ്പി ഇന്നും പഴമയില്‍ നിലനില്‍ക്കുന്നു. നൂറ് വര്‍ഷത്തിലധികം പഴക്കമുള്ള ഈ സ്രാമ്പി തോടിനോട് ചേര്‍ന്ന് മരത്തടികൊണ്ടാണു നിര്‍മിച്ചത്.
തോട്ടില്‍ പഴയകാലത്ത് പാലമില്ലാത്തതിനാല്‍ മറുപുറം പോകാന്‍ പ്രയാസമായിരുന്നതിനാലും ജുമുഅത്ത് പള്ളി ആലത്തൂര്‍പ്പടിയിലായിരുന്നതിനാലും കര്‍ഷകര്‍ക്ക് കാര്‍ഷികവൃത്തിക്ക് ഭംഗം വരാതെ ആരാധന നിര്‍വഹിക്കാന്‍ ഈ സ്രാമ്പി അത്താണിയായി.
“എന്റെ പിതാവ് അവിടുത്തെ സ്ഥിരമാളായിരുന്നു. എന്റെ ചെറുപ്പത്തില്‍ മൂച്ചിയുടെ പലക ഉപയോഗിച്ചുള്ള ഒരു പള്ളിയായിരുന്നു. മുകള്‍ഭാഗം ഓലയും മറ്റും വെച്ചത്. നാലാം ക്ലാസില്‍ പഠിക്കുന്ന കാലം, അതായത് 65 വര്‍ഷം മുമ്പ് ആ പള്ളി ഒന്ന് പുതുക്കിപ്പണിതു. 30 രൂപക്ക് ഒരു പ്ലാവ് വാങ്ങി. അതിന്റെ പലകകൊണ്ടാണ് ഈ പള്ളിക്ക് ഉരുപ്പടികൾ പണിതത്. കാലിനും അല്ലറ ചില്ലറ ചിലതിനും മറ്റു മരത്തടികൾ ഉപയോഗിച്ചു. വാള്‍കൊണ്ട് എല്ലാം ഈര്‍ന്ന് പള്ളി പുതുക്കിപ്പണിതു. മരത്തിനു പുറമെ കല്ല് വെച്ച് തൂണ്‍ നിര്‍മിച്ചു. മുകള്‍ ഭാഗം ഓടുവെച്ച് മേഞ്ഞു.’ – സ്വലാത്ത് നഗറിലെ മാനു ഹാജി ഈ പള്ളിയുമായി ബന്ധപ്പെട്ടുള്ള ഓര്‍മകള്‍ പങ്ക് വെക്കുന്നു.

തോട്ടില്‍ നിന്നായിരുന്നു വുളൂഅ് ചെയ്യുക. അധിക സമയവും വെള്ളം സുലഭമായതിനാല്‍ അതിനെതന്നെ ആശ്രയിക്കാമായിരുന്നു. വേനല്‍ക്കാലത്ത് സമീപത്തൊരു കുഴി കുഴിക്കും. അതില്‍ എന്പാടും വെള്ളം ലഭിച്ചിരുന്നു. കാലു കഴുകാന്‍ മുള ഉപയോഗിച്ചായിരുന്നു വെള്ളം കോരിയിരുന്നത്. പ്രത്യേകിച്ചും വേനല്‍ക്കാല സമയങ്ങളില്‍ സമീപ വീടുകളില്‍ നിന്ന് ആളുകള്‍ വന്ന് അതിലെ ജലം ഉപയോഗിച്ച് അലക്കുകയും കുളിക്കുകയും ചെയ്യാറുണ്ടായിരുന്നു. അല്‍പ്പം പരിഷ്‌കരണങ്ങള്‍ വന്നിട്ടുണ്ടെങ്കിലും ഇന്നും ആ കുഴി നിലനില്‍ക്കുന്നുണ്ട്.

പാടത്തെ കര്‍ഷകര്‍ക്ക് പുറമെ സമീപ വീടുകളില്‍ നിന്നും ആളുകള്‍ വന്ന് അക്കാലങ്ങളില്‍ പള്ളി നിറയാറുണ്ടായിരുന്നു. പ്രത്യേകിച്ച് മഗ്‌രിബ് – ഇശാഇന്റെ ഇടയില്‍ മുഴുസമയവും പള്ളിയിലിരിക്കുകയും ഇല്‍മും ആരാധനയുമായി കഴിഞ്ഞ് കൂടുകയും ചെയ്യുമായിരുന്നു. പ്രായമായവരും കുട്ടികളുമാണ് പ്രധാനമായും അന്ന് പള്ളിയില്‍ വരാറുണ്ടായിരുന്നത്. വലിയവരുടെ കൂട്ടം വേറെയും കുട്ടികളുടെ കൂട്ടം വേറെയുമായി ഇരുന്നുള്ള രസകരമായ പല അനുഭവങ്ങളും അബുഹാജിക്കും പറയാനുണ്ട്. നിസ്‌കാരത്തിന് പുറമെ രാത്രി കിടക്കാനും നാട്ടുകാര്‍ സ്രാന്പി ഉപയോഗിച്ചു. ചെറിയൊരു ചെറ്റക്കുടിലിലെ കൂട്ടു കുടുംബത്തിന്റെ ഇടുങ്ങിയ സാഹചര്യത്തില്‍ നിന്ന് രക്ഷപ്പെടാനും ചൂടുകാലത്തെ എ സിയും ഫാനുമില്ലാത്ത വീടകങ്ങളിലെ കുടുക്കില്‍ നിന്ന് മോചിതനായി പാടത്തിനു നടുവിലെ സുലഭമായ പ്രകൃതിയുടെ കാറ്റുകൊള്ളാനുമൊക്കെയായിരുന്നു ഇവിടെ വന്നു കിടന്നിരുന്നത്. അന്ന് ഒരുപാടാളുകള്‍ വ്യത്യസ്ത കുടിലുകളില്‍ നിന്ന് വന്ന് സ്രാന്പിക്കകത്തും പുറത്തുമായി കിടന്നിരുന്നു- അബു ഹാജി ഓര്‍ക്കുന്നു.

അന്ന് മഗ്‌രിബ് – ഇശാഇന്റെ ഇടയില്‍ നടന്നിരുന്ന പ്രധാനമായ ഒരു കര്‍മമായി ഇന്നും നാട്ടുകാര്‍ക്കിടയില്‍ വലിയ സ്മരണയായി നില്‍ക്കുന്ന ഒന്നാണ് ഇണ്ണീനാക്കയുടെ ഖിസ്സപാടിപ്പറയല്‍. മഞ്ചേരി, നിലമ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ചന്തയില്‍ കൊണ്ടുപോയി വെറ്റില വില്‍ക്കലായിരുന്നു ഇണ്ണീനാക്കയുടെ പ്രധാന പണി. അതിനിടയില്‍ ഒഴിവ് ലഭിക്കുന്ന ആഴ്ചയിലെ ഒന്നോ രണ്ടോ ദിനം ഇദ്ദേഹം സ്രാന്പിയില്‍ വരികയും മലപ്പുറം പടപ്പാട്ടും ബദ്്ർ പാട്ടും പാടിപ്പറയുകയും അര്‍ഥ വിശദീകരണം നടത്തുകയും ചെയ്യാറുണ്ടായിരുന്നു.

റബീഉല്‍ അവ്വല്‍ 30ന് വിപുലമായുള്ള പ്രാര്‍ഥനാസദസ്സ് ഉണ്ടാകും. ഓരോ വീട്ടില്‍നിന്നും അരി വറുത്തത്, അവില്‍, തേങ്ങ, പഴം, ശര്‍ക്കര തുടങ്ങിയവ കൊണ്ടുവരും. അവിടെ നിന്നും തേങ്ങ ചിരകിയെടുത്ത് ഇവയെല്ലാം ചേര്‍ത്തുകുഴച്ച് വിഭവങ്ങള്‍ ഒരുക്കും. ഇലവെട്ടിക്കൊണ്ടുവന്ന് മൗലിദിന്റെ ചീരണി എല്ലാവര്‍ക്കും അതില്‍ നിന്നും വിതരണം ചെയ്യും. അമ്പതോളം ആളുകള്‍ പങ്കെടുക്കാറുണ്ടായിരുന്നു. പള്ളിയിലും പുറത്തുമായി ആളുകള്‍ നിറഞ്ഞ് കവിയുമായിരുന്നു. നൂറ്റാണ്ടുകള്‍ക്കിപ്പുറവും ആ പള്ളി പഴമയുടെ നിറച്ചാര്‍ത്തോടെ ഉദിച്ചു നില്‍ക്കുന്നു. ഉള്ളില്‍ പായയും മുസല്ലയും ചിമ്മിണി വിളക്കുമുണ്ട്. പള്ളിയിലേക്ക് കയറാനുണ്ടായിരുന്ന മരക്കോണി കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മാറ്റുകയും പകരം കല്ലുവെച്ച് പടുത്ത് സിമന്റിടുകയും ചെയ്തിട്ടുണ്ട്. ഈ അറ്റകുറ്റപ്പണിയുടേതായിരിക്കും. ആ പടിയിൽ 21-5-96 എന്ന് തിയ്യതി കുറിച്ചിരിക്കുന്നു.

പ്രകൃതിഭംഗിയേകുന്ന സുന്ദര ഗേഹം

പെരിന്തല്‍മണ്ണ വളാഞ്ചേരി റൂട്ടില്‍ പുക്കാട്ടീരിക്കടുത്ത് പാടത്ത് തോടിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന സ്രാന്പിയും പ്രത്യേകതകളാലും സൗന്ദര്യത്താലും വേറിട്ടതാണ്. പ്രകൃതി സൗന്ദര്യത്തിന്റെ സുന്ദര കാഴ്ച ഒരുക്കുന്ന ഈ പള്ളിക്കും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇതിന്റെ നിര്‍മാണ വര്‍ഷം പള്ളിയില്‍ തന്നെ കൊത്തിവെച്ചിട്ടുണ്ട്. ഇംഗ്ലീഷ് 29-4-1904, ഹിജ്‌റ 12-2-1322 എന്നു കാണാം. അതായത് നൂറ്റാണ്ടിലധികം പഴക്കം ഇതിനുമുണ്ട്.

രണ്ടുമൂന്ന് കിലോമീറ്ററപ്പുറമുള്ള മൂന്നാക്കല്‍ പള്ളിയിലേക്കാണ് നാട്ടുകാര്‍ അക്കാലങ്ങളിൽ ജുമുഅക്ക് പോയിരുന്നത്. അല്ലാത്തപ്പോള്‍ നിസ്‌കരിക്കാന്‍ അവര്‍ക്ക് പ്രത്യേക ഇടമില്ലായിരുന്നു. അന്ന് സ്വന്തം വീടുകളിലോ പറമ്പുകളിലോ ആയിരുന്നു നിസ്‌കാരം നിര്‍വഹിച്ചിരുന്നത്. അന്നത്തെ കര്‍ഷകരെല്ലാം ഇങ്ങനെ നിസ്‌കരിച്ചിരുന്നത് പാടത്ത് തോടിനോടനുബന്ധിച്ചുളള ഒരു പാറയിലായിരുന്നു. പിന്നീട് കര്‍ഷകരും നാട്ടുകാരും ഒരുപള്ളി നിര്‍മിക്കണമെന്നു കരുതിയപ്പോള്‍ അതിന് ഈ പാറ തന്നെ തിരഞ്ഞെടുത്തു. ആ പാറയുടെ സ്ഥാനത്താണ് ഇന്ന് ഈ പള്ളി സ്ഥിതിചെയ്യുന്നത്. തൊട്ടടുത്തൂടെ ഒഴുകുന്ന തോട്ടില്‍ നിന്ന് കുളിക്കുകയും അലക്കുകയും വുളൂ എടുക്കുകയും ചെയ്ത് പള്ളിയില്‍ വന്ന് നിസ്‌കരിക്കലായിരുന്നു പതിവ്. ഇപ്പോള്‍ സ്രാന്പിയോട് ചേര്‍ന്ന് തന്നെ വുളൂഇന് സൗകര്യമുണ്ട്. പല മാറ്റങ്ങളും പള്ളിയില്‍ നടന്നെങ്കിലും ഇന്നും പഴമയുടെ പെരുമയോടെ അതു നില നില്‍ക്കുന്നു.

മരത്തടിയിൽ കടഞ്ഞെടുത്തകൗതുകം

കോഴിക്കോട് – പാലക്കാട് ദേശീയ പാതയില്‍ താഴെക്കോടിനടുത്ത് വാലിപ്പാറയില്‍േ പൂര്‍ണമായും മരത്തടിയിൽ പണികഴിപ്പിച്ച ഒരു സ്രാന്പിയുണ്ട്്. ഇരുനൂറ് വര്‍ഷത്തിലധികം പഴക്കമുണ്ടെന്ന് കാരണവന്മാര്‍ പറയുന്നു. വയലേലകളില്‍ പണിയെടുക്കുന്ന കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും വിശ്രമിക്കാനും ആരാധന നിര്‍വഹിക്കാനും വേണ്ടിയാണ് പ്രധാനമായും ഇത് നിര്‍മിച്ചത്. പാടവരമ്പിനു സമീപം ചെറിയൊരു തോടിനോട് ചേര്‍ന്നാണിത് പണി കഴിപ്പിച്ചിരിക്കുന്നത്. നാല് മരക്കാലുകളില്‍ തോട്ടില്‍ നിന്നും സമീപത്തെ പാറക്കെട്ടില്‍നിന്നും ഉയര്‍ത്തി തീര്‍ത്തും മരത്താല്‍ പണികഴിപ്പിച്ചതാണിത്. തോട്ടില്‍ നിന്നാണ് ആളുകള്‍ വുളൂഅ് ചെയ്തിരുന്നത്. വേനല്‍ക്കാലത്ത് വെള്ളമെടുക്കാന്‍ കുത്തിയ കുഴിയായിരിക്കും; ഇപ്പോള്‍ സമീപം തന്നെ ഒരു കിണറുണ്ട്.
റബീഉല്‍ അവ്വലില്‍ മൗലീദും നേര്‍ച്ചയുമെല്ലാം നടക്കാറുണ്ട്. ഈ സ്രാന്പിയുടെ മുന്പിലുണ്ടായിരുന്ന തെങ്ങുകളില്‍ നിന്നുള്ള തേങ്ങ വിറ്റാണ് കറന്റ്ബില്ലൊക്കെ അടച്ചിരുന്നത്. ആ തേങ്ങയും അലുവയും ശര്‍ക്കരയുമായിരുന്നു റബീഉൽ അവ്വലിൽ മൗലിദിനെല്ലാം ചീരണിയായി നൽകിയിരുന്നത്. റമസാനില്‍ ഇപ്പോഴും കൂട്ടമായ തറാവീഹും അനുബന്ധ പരിപാടികളും നടക്കാറുണ്ട്.

“കുട്ടിക്കാലത്ത് ആദ്യമായി ഇമാമായി നിന്നും ബാങ്ക് കൊടുത്തും ഒക്കെ പേടിമാറിയത് ഈ പള്ളിയില്‍ നിന്നാണ്. അന്ന് ഇന്നത്തെ പോലെയുള്ള ആ പുതിയ കോണിപ്പടിയില്ല. പകരം മരം കൊണ്ടുള്ള ഒരു കോണിയും പിടിച്ചു കയറാന്‍ കയറും. രാത്രി പള്ളി പൂട്ടുന്ന കാര്യം ഇപ്പോഴും ഓര്‍ക്കാറുണ്ട്. ഇശാഅ് നിസ്‌കാരം കഴിഞ്ഞു ഞങ്ങള്‍ ആരെയെങ്കിലും അകത്ത്് നിർത്തി ബാക്കിയുള്ളവർ പുറത്തിറങ്ങും. അകത്തുള്ളയാള്‍ കുറ്റിയിട്ട് അതിലെ ഒരു പലക എടുത്തു മാറ്റി പുറത്തിറങ്ങും. ‘ പ്രദേശത്തുകാരന്‍ സിറാജ് താഴെക്കോട് അനുഭവം പങ്ക് വെക്കുന്നു.

ഇപ്പോള്‍ ഹൗള് സ്ഥാപിച്ചിട്ടുണ്ട്. മരത്തൂണുകള്‍ക്ക് താങ്ങായി കല്ലുവെച്ച് പടുത്ത തൂണുമുണ്ട്. കാലമേറെ നീങ്ങിയെങ്കിലും സ്രാന്പി അതിന്റ പാരമ്പര്യ ചാരുതയിലും ഭംഗിയിലും ഇന്നും നിലനില്‍ക്കുന്നു. ഒരു കൗതുകത്തോടെ യാത്രക്കാരില്‍ പലരും അവിടെ വാഹനം നിർത്തി നിസ്‌കരിക്കാനിറങ്ങാറുണ്ട്.
നാട്ടുനന്മയുടെ സ്‌നേഹഗേഹമാണ് സ്രാന്പികള്‍. അവിടെ വിശ്രമവും അരാധനയും സ്‌നേഹസംവാദവും ഒരുപോലെ അരങ്ങേറുന്നു. അത്തരം സ്രാന്പികള്‍ പഴമ വറ്റാത്ത പ്രൗഢിയോടെ സംരക്ഷിക്കുകയെന്നത് പഴയ കാലത്തെ സ്‌നേഹത്തുടിപ്പിൻ ഈടുവെപ്പുകളുടെ കാത്തുവെക്കലിന് തുല്യമാണ്.
.

Latest