Connect with us

From the print

ബിഹാര്‍ വോട്ടര്‍ പട്ടിക പുതുക്കല്‍: 35 ലക്ഷം പേരെ വെട്ടും

രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്തവര്‍ പുറത്താകും.

Published

|

Last Updated

പാറ്റ്ന | സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ് ഐ ആര്‍) എന്ന പേരില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിഹാറില്‍ നടപ്പാക്കുന്ന വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ നിലവിലെ കണക്കനുസരിച്ച് 35 ലക്ഷത്തിലധികം പേര്‍ പുറത്താകുമെന്ന് റിപോര്‍ട്ട്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ച ആശങ്ക അതേപടി ശരിവെക്കുന്ന റിപോര്‍ട്ടുകളാണ് ഔദ്യോഗിക ഏജന്‍സികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ പുറത്തുവിടുന്നത്. നേപ്പാള്‍, ബംഗ്ലാദേശ്, മ്യാന്‍മര്‍ എന്നിവിടങ്ങളില്‍ നിന്ന് നുഴഞ്ഞുകയറിയവരെന്ന് മുദ്രകുത്തി നിരവധി പേരെ പട്ടികയില്‍ നിന്ന് പുറത്താക്കിയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

കമ്മീഷന്‍ നിര്‍ദേശിച്ച രേഖകള്‍ ഹാജരാക്കാന്‍ സാധിക്കാതെ വന്നവരും പുറത്താകും. 6.6 കോടി വോട്ടര്‍മാരാണ് ഇതിനകം എന്യൂമറേഷന്‍ ഫോറം പൂരിപ്പിച്ച് നല്‍കിയത്. ഇത് ആകെ വോട്ടര്‍മാരുടെ 88.18 ശതമാനം വരും. ഈ മാസം 25 വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. അതിന് ശേഷം കരട് പട്ടിക പ്രസിദ്ധീകരിക്കും. കമ്മീഷന്റെ പുതിയ കണക്കുകള്‍ പ്രകാരം പട്ടികയിലെ 1.59 ശതമാനം വോട്ടര്‍മാര്‍ (12.5 ലക്ഷം വോട്ടര്‍മാര്‍) മരണപ്പെട്ടു. 2.2 ശതമാനം (17.5 ലക്ഷം വോട്ടര്‍മാര്‍) ബിഹാറില്‍ നിന്ന് സ്ഥിരതാമസം മാറിയവരായതിനാല്‍ സംസ്ഥാനത്ത് വോട്ട് ചെയ്യാന്‍ അര്‍ഹതയില്ലാത്തവരാണ്. കൂടാതെ 0.73 ശതമാനം പേര്‍ (5.5 ലക്ഷം വോട്ടര്‍മാര്‍) രണ്ട് തവണ രജിസ്റ്റര്‍ ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. ഈ കണക്കനുസരിച്ച് തന്നെ നിലവിലുള്ള ഏകദേശം 35.5 ലക്ഷം വോട്ടര്‍മാരെ പുറത്താക്കും. ഇത് മൊത്തം വോട്ടര്‍മാരുടെ 4.5 ശതമാനത്തില്‍ കൂടുതലാണ്.

വോട്ടര്‍ പട്ടിക ശുദ്ധീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എസ് ഐ ആര്‍ നടത്തുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവര്‍ത്തിക്കുമ്പോഴും ഈ നടപടി പൗരത്വ നിഷേധത്തിലേക്കടക്കം നീങ്ങുന്നതാണെന്ന വിമര്‍ശം ശക്തമാണ്. കമ്മീഷന്‍ നേരത്തേ ഇറക്കിയ വിശദീകരണക്കുറിപ്പില്‍ പൗരത്വത്തെ കുറിച്ച് സൂചനയുണ്ടായിരുന്നു. എസ് ഐ ആര്‍ നടപടി നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികള്‍ പരിഗണിച്ച സുപ്രീം കോടതി, പൗരത്വം നിര്‍ണയിക്കാന്‍ കമ്മീഷന് അധികാരമില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്തിനാണ് ഇത്ര തിടുക്കപ്പെട്ട് ഈ നടപടിയെന്നും ബഞ്ച് ചോദിച്ചിരുന്നു. ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, വോട്ടര്‍ ഐ ഡി എന്നിവ വെരിഫിക്കേഷന് അനുവദിക്കണമെന്നും കോടതി നിഷ്‌കര്‍ഷിച്ചു. കമ്മീഷന്‍ മുന്നോട്ടുവെച്ച 11 രേഖകളില്‍ ഇവയുണ്ടായിരുന്നില്ല. കേസില്‍ 28ന് വീണ്ടും വാദം കേള്‍ക്കും.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് ഏതാണ്ട് മുഴുവന്‍ വോട്ടര്‍മാരും തങ്ങളുടെ വോട്ടര്‍ യോഗ്യത തെളിയിക്കണമെന്ന് കമ്മീഷന്‍ നിഷ്‌കര്‍ഷിക്കുന്നത്. 2003ലെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്ത എല്ലാവരും രേഖകള്‍ സമര്‍പ്പിച്ച് വോട്ടറാണെന്ന് തെളിയിക്കണമെന്നാണ് കമ്മീഷന്‍ വ്യക്തമാക്കിയത്. സമഗ്രമായ പുനരവലോകനം 2003ലാണ് അവസാനം നടന്നത്.

 

Latest