Connect with us

From the print

സംസ്ഥാനം വ്യവസായ സൗഹൃദം: മന്ത്രി രാജീവ്

കേരളത്തിന്റെ ഭാവി പ്രതീക്ഷകള്‍ പങ്കുവെച്ച് ഫ്യൂച്ചര്‍ കേരള സമ്മിറ്റ്.

Published

|

Last Updated

ജാമിഅ മര്‍കസ് സനദ്ദാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന ഫ്യൂച്ചര്‍ കേരള സമ്മിറ്റ് ഉദ്ഘാടനം ചെയ്ത മന്ത്രി പി രാജീവിന് ചാന്‍സിലര്‍ സി മുഹമ്മദ് ഫൈസി ഉപഹാരം നല്‍കുന്നു.

കാരന്തൂര്‍ | കേരളത്തിന്റെ ഭാവി സാധ്യതകളും പ്രതീക്ഷകളും പങ്കുവെച്ച് ഫ്യൂച്ചര്‍ കേരള സമ്മിറ്റ്. കേരളത്തിന്റെ ഭാവി വികസന മാതൃകകള്‍ വരുംതലമുറയെ കൂടി ഉള്‍ക്കൊള്ളുന്നതും അവരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതുമാകണമെന്ന് സമ്മിറ്റില്‍ സംബന്ധിച്ചവര്‍ ചൂണ്ടിക്കാട്ടി. കേരളം ലോകത്തിലെ വലിയ നഗരമാണെന്ന് ഫ്യൂച്ചര്‍ കേരള സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.

കേരളത്തിന്റെ സാധ്യതകളെ പൂര്‍ണമായും വിനിയോഗിക്കുന്ന തരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരളം മുന്പത്തേക്കാള്‍ വ്യവസായ സൗഹൃദ സംസ്ഥാനമായി മാറി. വിവിധ മേഖലകളില്‍ സംസ്ഥാനത്ത് പദ്ധതികള്‍ തുടങ്ങാന്‍ മുന്നോട്ടുവരുന്നവര്‍ ഇതിന്റെ സൂചനയാണ്. കേരളത്തിലെ ക്രമസമാധാനവും മതസൗഹാര്‍ദവും ഉള്‍പ്പെടെയുള്ള സാഹചര്യങ്ങളാണ് സംസ്ഥാനത്ത് വ്യാവസായിക വളര്‍ച്ചക്ക് വേഗം കൂട്ടിയ ഘടകങ്ങളിലൊന്ന്. കേരളത്തില്‍ വ്യവസായം തുടങ്ങുന്നതിന് ഇപ്പോള്‍ നൂലാമാലകളില്ല. ഫയലുകള്‍ വെച്ച് താമസിപ്പിക്കാന്‍ ഒരു ഉദ്യോഗസ്ഥനും ഇപ്പോള്‍ കഴിയില്ല. അത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ പിഴ ചുമത്തുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

നാല്‍പ്പതിനായിരത്തോളം പ്രൊഫഷനലുകള്‍ വിദേശത്തുനിന്ന് കേരളത്തിലേക്ക് തിരിച്ചുവന്നു എന്ന റിപോര്‍ട്ട് കേരളത്തിന്റെ ഭാവിയെ കുറിച്ചുള്ള പ്രതീക്ഷകളാണ് നല്‍കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. കേന്ദ്ര ബജറ്റില്‍ പോലും കേരളത്തിന്റെ നേട്ടങ്ങളെ കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. കേരളത്തിലെ വികസനത്തിന്റെ കാര്യത്തില്‍ എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. രാജ്യത്തിന്റെ ഭാവി നിര്‍മാണത്തില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള ദീര്‍ഘവീക്ഷണത്തോടെയുള്ള കാഴ്ചപ്പാടുകളാണ് മര്‍കസ് മുന്നോട്ട് വെക്കുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. മര്‍കസ് നോളജ് സിറ്റി ഉള്‍പ്പെടെയുള്ള സംരംഭങ്ങള്‍ ഇതിനുദാഹരണമാണ്.
സംസ്ഥാനത്ത് വരിഞ്ഞുമുറുക്കിയ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വിപത്തുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ മാത്രമേ നടപ്പാക്കുന്ന വികസനങ്ങളെ കൊണ്ട് കാര്യമുള്ളൂ എന്ന് കെ മുരളീധരന്‍ പറഞ്ഞു. മദ്യത്തേക്കാളും മാരകമായി മയക്കുമരുന്ന് സംസ്ഥാനത്ത് പിടിമുറുക്കുകയാണ്. ഉറ്റവരെ പോലും കൊല്ലുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരുന്നു. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണം. കേവലം ക്യാമ്പയിനുകള്‍ നടത്തിയതു കൊണ്ടോ പ്രതിജ്ഞകളെടുത്തതുകൊണ്ടോ ഈ വിപത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയില്ല. ഏത് സര്‍ക്കാറായാലും അതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കെ മുരളീധരന്‍ പറഞ്ഞു.

മര്‍കസിന്റെ വികസന മാതൃകകള്‍ പ്രശംസനീയമാണെന്ന് ഗോവ മുന്‍ ഗവര്‍ണര്‍ അഡ്വ. പി ശ്രീധരന്‍ പിള്ള പറഞ്ഞു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ വികസന കാഴ്ചപ്പാടാണ് ഇതിനുപിന്നില്‍. കാന്തപുരവുമായി നാല് പതിറ്റാണ്ട് കാലത്തെ ബന്ധമുണ്ട്. അദ്ദേഹവുമായി മികച്ച സൗഹൃദം കാത്തുസൂക്ഷിക്കുന്നയാളാണ് താനെന്നും അദ്ദേഹം പറഞ്ഞു. വികസന കാര്യത്തില്‍ ഭരണ- പ്രതിപക്ഷ ഏറ്റുമുട്ടലുകള്‍ ഉണ്ടാകുന്നു എന്ന് ആമുഖപ്രഭാഷണം നടത്തിയ സിറാജ് അസ്സിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍ മുസ്തഫ പി എറയ്ക്കല്‍ പറഞ്ഞു. വികസനം ഇന്നത്തേക്ക് മാത്രമാകരുത്. ഭാവി ജനതയെ കൂടി കണക്കിലെടുത്തുകൊണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. പി ടി എ റഹീം എം എല്‍ എ, മര്‍കസ് റെക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ചടങ്ങില്‍ സംസാരിച്ചു