Kerala
മർകസ് 48-ാം വാർഷിക സനദ്ദാന സമ്മേളനത്തിന് പ്രൗഢമായ സമാപ്തി
യു എ ഇ. പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് സയ്യിദ് അലി അൽ ഹാശിമി സമ്മേളനം ഉദ്ഘാടനം ചെയ്തു
കാരന്തൂർ | മർകസ് 48-ാം വാർഷിക സനദ്ദാന സമ്മേളനത്തിന് പ്രൗഢമായ സമാപ്തി. നാടിന്റെ നാനാഭാഗങ്ങളിൽ നിന്ന് ഒഴുകിയെത്തിയ ആയിരക്കണക്കിന് പ്രവർത്തകരെ സാക്ഷി നിർത്തി മർകസ് നഗരി ചരിത്രസംഗമത്തിന് വേദിയായി. യു എ ഇ. പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് സയ്യിദ് അലി അൽ ഹാശിമി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി. അബൂബക്കർ മുസ്‌ലിയാർ ഖത്മുൽ ബുഖാരിക്കും സനദ്ദാന പ്രഭാഷണത്തിനും നേതൃത്വം നൽകി.
വൈകുന്നേരം അഞ്ച് മണിയോടെ ആരംഭിച്ച സമാപന സമ്മേളനത്തിന് മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥന നിർവഹിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ. സുലൈമാൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി സന്ദേശ പ്രഭാഷണം നടത്തി.
ജാമിഅ മർകസ് ചാൻസിലർ സി. മുഹമ്മദ് ഫൈസി ചാൻസിലർ മെസ്സേജും റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി വിഷനറി ടോക്കും നടത്തി. കർമരംഗത്തേക്കിറങ്ങുന്ന പണ്ഡിതർക്കുള്ള ബിരുദദാനവും മർകസ് 50-ാം വാർഷികത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന 50 കോടി രൂപയുടെ സാമൂഹ്യക്ഷേമ പദ്ധതികളുടെ വിതരണോദ്ഘാടനവും കാന്തപുരം എ പി. അബൂബക്കർ മുസ്‌ലിയാർ നിർവഹിച്ചു. അജ്മീർ ദർഗയിൽ നിന്നുള്ള സയ്യിദ് മുഹമ്മദ് മെഹ്ദി മിയ ചിശ്തി മുഖ്യാതിഥിയായിരുന്നു.

പണ്ഡിത സംഗമം, യുവ സംരംഭക കോൺക്ലേവ്, സഖാഫി പ്രതിനിധി സംഗമം, പ്രവാസി സഭ, തകാഫുൽ മീറ്റ്, സ്ഥാനവസ്ത്ര വിതരണം തുടങ്ങി വിവിധ പരിപാടികൾ രാവിലെ മുതൽ നടന്നു. കേരള വ്യവസായ മന്ത്രി പി. രാജീവ്, ഗോവ ഗവർണർ അഡ്വ. പി എസ്. ശ്രീധരൻ പിള്ള, കെ മുരളീധരൻ, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, സജിത്ത് കുമാർ, പി. മുഹമ്മദ് യൂസുഫ് തുടങ്ങിയവർ വിവിധ സെഷനുകളിൽ സംബന്ധിച്ചു.
സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി, സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, വി പി എം. ഫൈസി വില്യാപ്പള്ളി, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി തുടങ്ങിയ പ്രമുഖ പണ്ഡിതരും സാമൂഹിക-വിദ്യാഭ്യാസ രംഗത്തെ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.



