Connect with us

International

ഇറാന്‍ ഭരണകൂടം തകര്‍ച്ചയുടെ വക്കിലാണെന്ന അവകാശ വാദവുമായി: നെതന്യാഹു

പശ്ചിമേഷ്യന്‍ യുദ്ധം കൂടുതല്‍ ശക്തമാകുന്നതിനിടെ ദക്ഷിണ സിറിയയിലെ ഇസ്‌റാഈലി സൈനികരെ സന്ദര്‍ശിക്കവേയായിരുന്നു ഈ പ്രതികരണം

Published

|

Last Updated

ടെല്‍ അവീവ് | ഇറാന്‍ ഭരണകൂടം തകര്‍ച്ചയുടെ വക്കിലാണെന്ന അവകാശ വാദവുമായി ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പശ്ചിമേഷ്യന്‍ യുദ്ധം കൂടുതല്‍ ശക്തമാകുന്നതിനിടെ ദക്ഷിണ സിറിയയിലെ ഇസ്‌റാഈലി സൈനികരെ സന്ദര്‍ശിക്കവേയായിരുന്നു ഈ പ്രതികരണം.

ഇനിയും ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും ഇറാനിലെ ഭരണകൂടത്തെ താഴെയിറക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും നെതന്യാഹു പറഞ്ഞു. ലക്ഷ്യത്തിന്റെ വളരെ അടുത്തെത്തിക്കഴിഞ്ഞുവെന്നും ഇറാന്റെ പിന്തുണയുള്ള മുഴുവന്‍ സഖ്യവും വൈകാതെ തകരുമെന്നും അദ്ദേഹം അവകാശപ്പെട്ടു. അതിര്‍ത്തി മേഖലകളില്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്‌റാഈല്‍ കാറ്റ്‌സും സന്ദര്‍ശനം നടത്തിയത്.

2024 ഡിസംബറില്‍ ബാഷര്‍ അല്‍ അസദ് ഭരണകൂടം തകര്‍ന്നതു മുതല്‍ ദക്ഷിണ സിറിയയിലെ ഒരു പ്രത്യേക സുരക്ഷാ മേഖലയില്‍ ഇസ്‌റാഈല്‍ സൈന്യം നിലയുറപ്പിച്ചിട്ടുണ്ട്. ഇസ്‌റാഈല്‍ ഭരണാധികാരികളുടെ ഈ സന്ദര്‍ശനം രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാട്ടി സിറിയ കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു.
അസദ് ഭരണകൂടത്തിന്റെ പതനത്തിനുശേഷം സിറിയയില്‍ നൂറുകണക്കിന് വ്യോമാക്രമണങ്ങളാണ് ഇസ്‌റാഈല്‍ നടത്തിയത്. കൂടാതെ നിരവധി തവണ സിറിയന്‍ അതിര്‍ത്തിക്കുള്ളിലേക്ക് ഇസ്‌റാഈല്‍ സൈന്യം കടന്നുകയറുകയും ചെയ്തു. തങ്ങളുടെ സൈന്യത്തെ ദക്ഷിണ സിറിയന്‍ സുരക്ഷാ മേഖലയില്‍ തന്നെ നിലനിര്‍ത്തുമെന്നാണ് ഇസ്‌റാഈല്‍ ഭരണാധികാരികള്‍ പറയുന്നത്.

ഫെബ്രുവരി അവസാനത്തോടെ അമേരിക്കയും ഇസ്‌റാഈലും ചേര്‍ന്ന് ഇറാനെതിരെ ആരംഭിച്ച യുദ്ധം ആറു മാസം പിന്നിടുമ്പോള്‍ സംഘര്‍ഷം കൂടുതല്‍ സങ്കീര്‍ണ്ണമാകുകയാണ്. തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിനെച്ചൊല്ലി ഇറാനും അമേരിക്കയും തമ്മില്‍ കടുത്ത തര്‍ക്കം നിലനില്‍ക്കുന്നതിനിടയിലാണ് ഇറാന് നേരെ നെതന്യാഹു പുതിയ ഭീഷണി മുഴക്കുന്നത്.
1974 മുതല്‍ ഇസ്‌റാഈല്‍ അധിനിവേശ ഗോലാന്‍ കുന്നുകളില്‍ ഇരു രാജ്യങ്ങളുടെയും സൈന്യത്തെ വേര്‍തിരിച്ചിരുന്ന, ഐക്യരാഷ്ട്രസഭയുടെ നിരീക്ഷണത്തിലായിരുന്ന ബഫര്‍ സോണ്‍ നിലവില്‍ ഇസ്‌റാഈലിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലാണ്.

 

Content Highlights: Israeli PM Benjamin Netanyahu claimed Iran’s regime is on the verge of collapse during a visit to troops in southern Syria. He stated the main goal is removing the regime and destroying its allies. Syria protested the visit as a violation of sovereignty amid escalating regional conflict.

---- facebook comment plugin here -----

Latest