Connect with us

National

ചെങ്കോട്ട സ്‌ഫോടനം: നടന്നത് ചാവേര്‍ ആക്രമണമെന്ന് എന്‍ ഐ എ കുറ്റപത്രം

പ്രതിയായ ഉമര്‍ ഉന്‍ നബി താന്‍ ഓടിച്ചിരുന്ന i20 കാറിനുള്ളിലിരുന്ന് ഐ ഇ ഡി സ്‌ഫോടകവസ്തു പൊട്ടിത്തെറിപ്പിക്കുകയായിരുന്നുവെന്നും കുറ്റപത്രത്തില്‍.

Published

|

Last Updated

ന്യൂഡല്‍ഹി | 2025 നവംബര്‍ 10-ന് 15 പേരുടെ മരണത്തിന് ഇടയാക്കി ഡല്‍ഹിയിലെ ചെങ്കോട്ടയിലുണ്ടായ സ്‌ഫോടനം ചാവേര്‍ ആക്രമണമായിരുന്നുവെന്ന് എന്‍ ഐ എ കുറ്റപത്രം. പ്രതിയായ ഉമര്‍ ഉന്‍ നബി താന്‍ ഓടിച്ചിരുന്ന i20 കാറിനുള്ളിലിരുന്ന് ഐ ഇ ഡി സ്‌ഫോടകവസ്തു പൊട്ടിത്തെറിപ്പിക്കുകയായിരുന്നുവെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കി.

ഡോക്ടറും ഫരീദാബാദിലെ അല്‍ ഫലാഹ് സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറുമായ നബി സ്‌ഫോടനം നടക്കുമ്പോള്‍ കാറിനുള്ളിലുണ്ടായിരുന്നുവെന്നും, ഒരു കമാന്‍ഡ് സംവിധാനം ഉപയോഗിച്ച് ഇയാള്‍ തന്നെയാണ് സ്‌ഫോടകവസ്തു പ്രവര്‍ത്തിപ്പിച്ചതെന്നും ഏജന്‍സി അറിയിച്ചു. സ്‌ഫോടനസമയത്ത് നബി വാഹനത്തിനുള്ളിലുണ്ടായിരുന്നുവെന്ന് സ്‌ഫോടനസ്ഥലത്ത് നിന്ന് ലഭിച്ച ജൈവാവശിഷ്ടങ്ങളുടെ ഡി എന്‍ എ പരിശോധനയില്‍ സ്ഥിരീകരിച്ചു.

ഏകദേശം രണ്ട് വര്‍ഷം നീണ്ടുനിന്ന ഗൂഢാലോചനക്കു ശേഷമാണ് ഈ സ്‌ഫോടനം നടത്തിയത്. അല്‍-ഖ്വയ്ദ ഇന്‍ ദി ഇന്ത്യന്‍ സബ്കോണ്ടിനെന്റിന്റെ (AQIS) ഉപവിഭാഗമായ ‘അന്‍സാര്‍ ഗസ്വത്-ഉല്‍-ഹിന്ദ്’ (AGuH) എന്ന സംഘടനയുടെ പുനരുജ്ജീവിപ്പിച്ച മൊഡ്യൂളിന്റെ സൂത്രധാരനും ‘ഓപറേഷണല്‍ ഇന്‍ ചാര്‍ജു’മാണ് നബിയെന്ന് ഏജന്‍സി തിരിച്ചറിഞ്ഞിട്ടുണ്ട്.

ആക്രമണം പെട്ടെന്നുണ്ടായ ഒരു തീരുമാനത്തിന്റെ ഫലമായിരുന്നില്ലെന്ന് അന്വേഷണം സൂചിപ്പിക്കുന്നു. 2023 ഡിസംബറില്‍ തന്നെ നബിയും മറ്റ് പ്രതികളും ചെങ്കോട്ടയില്‍ പലതവണ സന്ദര്‍ശനം നടത്തി നിരീക്ഷണം നടത്തിയിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.

Content Highlights:
The National Investigation Agency filed a chargesheet in the Red Fort blast case, revealing it was a planned suicide attack. The report details the involved terror network and key operatives behind the execution. Investigators submitted comprehensive forensic and electronic evidence to court.

 

---- facebook comment plugin here -----

Latest