National
യു പിയില്‍ പ്രളയ ബാധിതര്‍ക്കിടയില്‍ കാലാവധി കഴിഞ്ഞ കഫ് സിറപ്പ് വിതരണം ചെയ്തു; കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം
മരുന്നിന്റെ കാലാവധി 2026 ജൂലൈയില്‍ അവസാനിച്ചതാണെന്ന് കണ്ടെത്തി.
ലക്‌നോ | ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ജില്ലയില്‍, പ്രളയ ബാധിതര്‍ക്കിടയില്‍ വിതരണം ചെയ്ത ചുമക്കുള്ള മരുന്ന് (cough syrup) കഴിച്ചതിനെ തുടര്‍ന്ന് കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതായി ആരോപണം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിതരണം ചെയ്ത മരുന്നാണ് ആരോപണ വിധേയമായത്. ഈ മരുന്നിന്റെ കാലാവധി 2026 ജൂലൈയില്‍ അവസാനിച്ചതാണെന്ന് കണ്ടെത്തി. രോഗഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തങ്ങള്‍ക്ക് വിതരണം ചെയ്യുന്ന മരുന്നുകളുടെ സുരക്ഷയെക്കുറിച്ച് വെള്ളപ്പൊക്കബാധിതരില്‍ ഇത് ആശങ്കയുയര്‍ത്തിയിട്ടുണ്ട്.
തിങ്കളാഴ്ച ഉച്ചയോടെ, വെള്ളപ്പൊക്കം ബാധിച്ച ഇരുപതോളം കുടുംബങ്ങള്‍ക്ക് മരുന്ന് വിതരണം ചെയ്യുന്നതിനായി ആരോഗ്യവകുപ്പ് സംഘം മായാപുരം മേഖലയിലെത്തിയിരുന്നു. വിതരണം ചെയ്ത മരുന്നുകളില്‍ കാലാവധി കഴിഞ്ഞ ചുമക്കുള്ള മരുന്നും ഉള്‍പ്പെട്ടിരുന്നു. ഈ സിറപ്പ് കഴിച്ചതിനെ തുടര്‍ന്ന് നാല് വയസ്സുള്ള ഒരു ആണ്‍കുട്ടിക്ക് ഛര്‍ദി അനുഭവപ്പെട്ടതായി റിപോര്‍ട്ടുണ്ട്. കുട്ടിയുടെ ആരോഗ്യനില വഷളായതോടെ കുടുംബാംഗങ്ങള്‍ ഒരു സ്വകാര്യ ഡോക്ടറുടെ അടുത്ത് പോവുകയും ചികിത്സക്ക് ശേഷം നില മെച്ചപ്പെടുകയും ചെയ്തു. മൂന്ന് വയസ്സുള്ള രണ്ട് ആണ്‍കുട്ടികള്‍ക്കും ഈ മരുന്നും സിറപ്പും കഴിച്ചതിനെ തുടര്‍ന്ന് അസുഖം ബാധിച്ചതായി പറയുന്നു.
കുട്ടികളുടെ ആരോഗ്യനില ഒരേസമയം വഷളായത് പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ കാലാവധി കഴിഞ്ഞുവെന്ന് സംശയിക്കുന്ന സിറപ്പും മറ്റ് മരുന്നുകളും വലിച്ചെറിഞ്ഞു. ചൊവ്വാഴ്ച ആരോഗ്യവകുപ്പ് സംഘം മരുന്നുകളുമായി മായാപുരത്ത് തിരിച്ചെത്തിയപ്പോള്‍, കുട്ടികളുടെ ജീവന്‍ അപകടത്തിലാക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് പ്രളയബാധിതര്‍ അവ സ്വീകരിക്കാന്‍ വിസമ്മതിച്ചു.
സിറപ്പ് അബദ്ധവശാല്‍ നല്‍കിയതാണെന്ന് ആരോഗ്യസംഘം സമ്മതിച്ചതായും കുട്ടിയുടെ ചികിത്സക്കായി 100 രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്തതായും ഒരു കുട്ടിയുടെ മാതാവ് പറഞ്ഞു. എന്നാല്‍, കുടുംബം ആ പണം നിരസിക്കുകയും, കാലാവധി കഴിഞ്ഞ മരുന്ന് കഴിച്ച് കുട്ടിയുടെ ആരോഗ്യനില വഷളാവുകയോ ജീവന്‍ നഷ്ടപ്പെടുകയോ ചെയ്താല്‍ ആര് ഉത്തരവാദിത്വമേറ്റെടുക്കുമെന്ന് ചോദിക്കുകയും ചെയ്തു.
വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അന്വേഷണത്തിന് ശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയാമെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹരിദത്ത് നെമി പറഞ്ഞു.
Content Highlights:
Expired cough syrup was distributed among flood victims in Uttar Pradesh, causing several children to fall sick. The medical negligence in relief camps has sparked widespread outrage across the region. Authorities face severe criticism as families demand swift action against those responsible.





