From the print
കേരളത്തിൽ ആത്മഹത്യകള്‍ ആശങ്കാജനകമായി വർധിക്കുന്നു
ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം
പാലക്കാട് | വികസനത്തിന്റെയും സാമൂഹിക പുരോഗതിയുടെയും സൂചികകളില്‍ രാജ്യത്തിന് മാതൃകയായ കേരളത്തിൽ ആത്മഹത്യകൾ ആശങ്കാജനകമായി വർധിക്കുന്നു. 2020- 24 കാലയളവിൽ സംസ്ഥാനത്ത് 50,048 പേര്‍ ആത്മഹത്യ ചെയ്തതായാണ് കണക്കുകള്‍. 2020ല്‍ 8,500 ആയിരുന്നത് 2024ല്‍ 10,865 ആയി ഉയര്‍ന്നു. അഞ്ച് വര്‍ഷത്തിനിടെ 2,365 മരണങ്ങളുടെ വര്‍ധനയാണുണ്ടായത്. 27.8 ശതമാനമാണ് വര്‍ധന.
2020ന് ശേഷം ആത്മഹത്യാ മരണങ്ങളുടെ എണ്ണം തുടര്‍ച്ചയായി ഉയര്‍ന്നുവെന്നതാണ് പ്രധാന ആശങ്ക. 2021ല്‍ 9,549 പേരാണ് ആത്മഹത്യ ചെയ്തത്. 2022ല്‍ ഇത് 10,162 ആയി. 2023ല്‍ 10,972 ആയി ഉയര്‍ന്ന് അഞ്ച് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. 2024ല്‍ 107 മരണങ്ങളുടെ നേരിയ കുറവുണ്ടായെങ്കിലും എണ്ണം 10,000ത്തിന് മുകളില്‍ തന്നെ തുടര്‍ന്നു. 2024ലെ കണക്കനുസരിച്ച് സംസ്ഥാനത്ത് ശരാശരി ദിവസം 30ഓളം പേര്‍ ആത്മഹത്യ ചെയ്തു.
2023ലെ നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം കേരളത്തിലെ ആത്മഹത്യാ നിരക്ക് ഒരു ലക്ഷം ജനസംഖ്യയില്‍ 30.6 ആണ്. രാജ്യത്തെ ശരാശരി 12.3 മാത്രം. ദേശീയ ശരാശരിയുടെ രണ്ടരയിലേറെയാണ് കേരളത്തിലെ ആത്മഹത്യാ നിരക്ക്. വികസനത്തിന്റെ വിവിധ മേഖലകളില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനത്ത് ആത്മഹത്യാനിരക്ക് ദേശീയ ശരാശരിയേക്കാള്‍ ഇത്രയും ഉയര്‍ന്നുനില്‍ക്കുന്നത് ഗൗരവമായ സാമൂഹിക ചോദ്യമാണ് ഉയര്‍ത്തുന്നതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
ആത്മഹത്യ ചെയ്യുന്നവരില്‍ പുരുഷന്മാരാണ് ഭൂരിപക്ഷം. 2024ല്‍ ആത്മഹത്യ ചെയ്ത 10,865 പേരില്‍ 8,865 പേരും പുരുഷന്മാരാണ്. ആകെ മരണങ്ങളുടെ 82 ശതമാനത്തോളം വരുമിത്. 30നും 60നുമിടയില്‍ പ്രായമുള്ളവരിലാണ് ആത്മഹത്യാ മരണങ്ങള്‍ കൂടുതലായി കാണപ്പെടുന്നതെന്നാണ് കണക്കുകള്‍.
കുടുംബത്തിന്റെ സാമ്പത്തിക ഉത്തരവാദിത്വം, തൊഴിൽ സമ്മര്‍ദം, കടബാധ്യത, ആരോഗ്യ പ്രശ്നങ്ങള്‍ തുടങ്ങിയവ നേരിടുന്ന വിഭാഗമാണിത്. പ്രതിസന്ധിയിലായവരെ നേരത്തേ തിരിച്ചറിയാനും ആവശ്യമായ സഹായം ലഭ്യമാക്കാനും കഴിയുന്ന സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കേണ്ടതുണ്ടെന്നാണ് മാനസികാരോഗ്യ വിദഗ്ധരുടെ അഭിപ്രായം.
Content Highlights:
Kerala has reported an alarming rise in suicides with 50,048 cases recorded between 2020 and 2024. According to NCRB data, the state’s suicide rate stands at 30.6 per lakh population compared to the national average of 12.3. Men between 30 and 60 years account for nearly 82 percent of total deaths.


