Connect with us

From the print

വഖ്ഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചു; എം കെ സക്കീര്‍ തുടരും

അഡ്വ. പി യു അലി ബോര്‍ഡില്‍.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാന വഖ്ഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചു. സര്‍ക്കാര്‍ നോമിനികളുള്‍പ്പെടെ ഒമ്പത് പേരടങ്ങുന്ന വഖ്ഫ് ബോര്‍ഡ് രൂപവത്കരിച്ചാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ചെയര്‍പേഴ്സണായി അഡ്വ. എം കെ സക്കീറിനെ വീണ്ടും തിരഞ്ഞെടുത്തു. ലോക്സഭാ അംഗമായി അഡ്വ. എ എ റഹീമും നിയമസഭാ അംഗമായി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററും ബോര്‍ഡില്‍ ഇടംപിടിച്ചിട്ടുണ്ട്. കേരള മുസ്‌ലിം ജമാഅത്ത് തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. പി യു അലി, സമസ്ത (ഇ കെ വിഭാഗം) മുശാവറ അംഗം മുക്കം ഉമര്‍ ഫൈസി, കാസര്‍കോട് ജില്ലാ പഞ്ചായത്ത് അംഗം ഡോ. സറീന സലാം, കൊടുങ്ങല്ലൂര്‍ മുനിസിപാലിറ്റി വൈസ് ചെയര്‍പേഴ്സണ്‍ സുമിത നിസാഫ്, വ്യവസായി സി കെ ഉസ്മാന്‍ ഹാജി പൊന്മുണ്ടം എന്നിവരും എക്സ് ഒഫീഷ്യോ അംഗമായി നിയമ വകുപ്പ് അഡീഷനല്‍ സെക്രട്ടറി വി എം രഹനയുമാണ് അംഗങ്ങള്‍.

കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച് ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയത്. കേന്ദ്ര നിയമത്തിലെ വിവാദ വ്യവസ്ഥകള്‍ കാരണം നീണ്ടുപോയ പുനഃസംഘടനയാണ് ഇപ്പോള്‍ പൂര്‍ത്തിയാക്കിയത്. ഭേദഗതി ചെയ്ത കേന്ദ്ര വഖ്ഫ് നിയമപ്രകാരമാണ് പുനഃസംഘടന. വഖ്ഫ് ബോര്‍ഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട നടപടികള്‍ ഈ മാസം അഞ്ചിന് മുമ്പ് പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

പുതിയ ബോര്‍ഡില്‍ മുസ്‌ലിം വിഭാഗത്തില്‍ നിന്നുള്ളതല്ലാത്ത രണ്ട് പേര്‍ വേണമെന്ന് കേന്ദ്ര വഖ്ഫ് ഭേദഗതി നിയമത്തില്‍ വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍, ആ ഒഴിവുകള്‍ നികത്താതെയാണ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പമുണ്ടായിരുന്നതിനാലാണ് വഖ്ഫ് ബോര്‍ഡ് പുനഃസംഘടിപ്പിക്കുന്നതില്‍ താമസമുണ്ടായത്. 2024 ഡിസംബര്‍ 14ന് വഖ്ഫ് ബോര്‍ഡ് ഭരണസമിതിയുടെ കാലാവധി അവസാനിച്ചിരുന്നു. നാല് മാസത്തിനകം പുതിയ ബോര്‍ഡ് രൂപവത്കരിക്കുമെന്നായിരുന്നു കഴിഞ്ഞ നവംബറില്‍ കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പ്. പഴയ ബോര്‍ഡ് അതുവരെ തുടരട്ടെയെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.