From the print
548 സഖാഫികളും 87 ഹാഫിളുകളും കര്‍മരംഗത്തേക്ക്
രണ്ട് വര്‍ഷത്തെ പഠന- പഠനാനുബന്ധ പ്രവര്‍ത്തനങ്ങളും പരിശീലനങ്ങളും പൂര്‍ത്തീകരിച്ചാണ് ഇവര്‍ കര്‍മരംഗത്തേക്കിറങ്ങുന്നത്.
സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ മര്‍കസ് സനദ്ദാന സമ്മേളനത്തില്‍ പ്രസംഗിക്കുന്നു ഫോട്ടോ: കെ ഹിബത്തുല്ല
കോഴിക്കോട് | അഞ്ച് പതിറ്റാണ്ട് പൂര്‍ത്തീകരിക്കുന്ന മര്‍കസിന്റെ വൈജ്ഞാനിക മഹാപ്രവാഹത്തിന് മറ്റൊരു സുവര്‍ണ നിമിഷം സമ്മാനിച്ച് സനദ് ദാന സംഗമം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈജ്ഞാനിക വിപ്ലവം തീര്‍ക്കുന്ന മര്‍കസ് 517 സഖാഫികളെയും 31 കാമില്‍ സഖാഫികളെയും 87 ഹാഫിളുകളെയുമാണ് ഇന്നലെ നടന്ന സമ്മേളനത്തില്‍ സമൂഹത്തിന് സമ്മാനിച്ചിരിക്കുന്നത്.
കേരളത്തിനകത്തും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുമായുള്ള നൂറുകണക്കിന് പ്രാഥമിക മതപഠനശാലകളിലെ വര്‍ഷങ്ങള്‍ നീണ്ട മതപഠനത്തിന് പൂര്‍ത്തീകരണം തേടിയാണ് 517 വിദ്യാര്‍ഥികള്‍ മര്‍കസിലെത്തിയത്.
രണ്ട് വര്‍ഷത്തെ പഠന- പഠനാനുബന്ധ പ്രവര്‍ത്തനങ്ങളും പരിശീലനങ്ങളും പൂര്‍ത്തീകരിച്ചാണ് ഇവര്‍ കര്‍മരംഗത്തേക്കിറങ്ങുന്നത്. വിവിധ സര്‍വകലാശാലകളില്‍ നിന്ന് എന്‍ജിനീയറിംഗ്, നിയമം, അഡ്മിനിസ്‌ട്രേഷന്‍, കൊമേഴ്‌സ്, ആര്‍ട്‌സ്, സയന്‍സ് തുടങ്ങിയ വിഷയങ്ങളില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയവരാണ് ഇക്കൂട്ടത്തില്‍ നല്ലൊരു വിഭാഗവും. കൂടാതെ, വിവിധ വിഷയങ്ങളില്‍ ഗവേഷണ യോഗ്യത നേടിയവരും ഇത്തവണ പുറത്തിറങ്ങുന്നവരിലുണ്ട്.
മതപഠനത്തില്‍ ബിരുദപഠനത്തിന് ശേഷം മര്‍കസില്‍ ബിരുദാനന്തര പഠനം പൂര്‍ത്തീകരിച്ച 31 കാമില്‍ സഖാഫികളും ഇന്നലെ നടന്ന സമ്മേളനത്തില്‍ സനദ് സ്വീകരിച്ചു.
കേരളം, തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമെ കശ്മീര്‍, ബിഹാര്‍, ഉത്തര്‍ പ്രദേശ്, പഞ്ചാബ്, വെസ്റ്റ് ബംഗാള്‍, അസാം, ഝാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ്, ഗുജറാത്ത്, മധ്യപ്രദേശ്, ആന്ധ്രാ പ്രദേശ്, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ളവരും ഇത്തവണ പുറത്തിറങ്ങുന്നവരിലുണ്ട്.



